വേലക്കാരി റോൾ ചെയ്യാറില്ല, നിറവും രൂപവും വെച്ചാണ് കാസ്റ്റിങ്, കറുത്തവർ മേക്കപ്പ് ചെയ്യുന്നത് കുറ്റമോ?; മഞ്ജു
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പങ്കുവെച്ച കുറിപ്പാണ്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ശാരദ മുരളീധരന്റെ കുറിപ്പ്. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് വൈറലായതോടെ ശരീരത്തിന്റെ നിറവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആളുകൾ അനുഭവിക്കുന്ന അപമാനങ്ങൾ വീണ്ടും ചർച്ചാ വിഷയമായി മാറി.
ശാരദ മുരളീധരന്റെ കുറിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് തന്റെ അനുഭവങ്ങൾ നടി മഞ്ജു പത്രോസും കൗമുദി ചാനലിനോട് പങ്കുവെച്ചു. നിറത്തിന്റെ അടിസ്ഥാനത്തിൽ സിനിമ-സീരിയൽ മേഖലയിൽ കാസ്റ്റിങ് നടക്കാറുണ്ടെന്നും നിരന്തരമായി വേലക്കാരി റോളുകൾ വന്ന് തുടങ്ങിയതോടെ അത്തരം കഥാപാത്രങ്ങൾ ഇപ്പോൾ ചെയ്യാറില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.

കറുത്തവർ മേക്കപ്പ് ചെയ്യരുതെന്ന ധാരണ പലർക്കും ഉണ്ടെന്നും മഞ്ജു പറയുന്നു. ഓർമവെച്ച കാലം മുതൽ നിറത്തിന്റെ പേരിലുള്ള കമന്റുകൾ കേൾക്കുന്നുണ്ട്. റീത്തയുടെ നിറം കിട്ടിയില്ലേ... കുട്ടിക്ക് പത്രോസിന്റെ നിറമാണല്ലോ എന്നൊക്കെയാണ് ആളുകൾ എന്നെ കാണുമ്പോൾ പറഞ്ഞിരുന്നത്. ഇതെല്ലാം കേട്ട് വളർന്നത് കൊണ്ട് തന്നെ ഞാൻ എന്തോ കുറഞ്ഞ വ്യക്തിയാണെന്നും എന്നെ പൊതുജനത്തിന് ഇഷ്ടപ്പെടില്ലെന്നുമുള്ള ധാരണ പണ്ട് മുതൽ എന്റെ ഉള്ളിലുണ്ട്.
എന്നോടൊപ്പം വളർന്നുവന്ന ഒന്നാണ് ആ അപകർഷതാഹബോധം. പക്ഷെ തൊഴിൽ മേഖലയിൽ വന്നശേഷം അത് എനിക്ക് അത്ര അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് തോന്നുന്നു. കാസ്റ്റിങിലേക്ക് വരുമ്പോൾ എന്റെ നിറം ശരീരപ്രകൃതം എന്നിവ വെച്ച് സെക്കന്റ് കാറ്റഗറിയിലേക്ക് തള്ളപ്പെടും.
വേലക്കാരിപോലുള്ള റോളുകളിലേക്ക് നമ്മളെ മാറ്റിവെക്കും. നിരന്തരമായപ്പോൾ ഞാനിപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാതെയായി. എന്നെ റോളുകളിലേക്ക് വിളിക്കുന്നവരോട് ഞാൻ അത് പറയാറുണ്ട്. കഥാപാത്രം കിട്ടാതെ വീട്ടിലിരുന്നാലും എനിക്ക് കുഴപ്പമില്ല. വേലക്കാരി എന്ന റോൾ കുറഞ്ഞതായതുകൊണ്ടല്ല.
ആർട്ടിസ്റ്റാകുമ്പോൾ എനിക്ക് വ്യത്യസ്തമായ റോളുകൾ ചെയ്യണം അതുകൊണ്ടാണ് ഇത്തരം റോളുകൾ വേണ്ടെന്ന് വെക്കുന്നത്. എന്റെ നിറം ഇതായതിന്റെ പേരിൽ വേലക്കാരി റോളുകളിലേക്ക് തള്ളി വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. അതുപോലെ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടാൽ വെളുത്ത ചായം പൂശി അവൾ ഇറങ്ങിയല്ലോ.... യഥാർത്ഥ നിറം ഞങ്ങൾ കണ്ടിട്ടുണ്ട് എന്നൊക്കെ കമന്റ് വരും.

തുടക്കത്തിൽ വിഷമം വരുമായിരുന്നു. പിന്നീട് മനസിലായി ഞാൻ സ്ത്രീയായതുകൊണ്ടും സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും ഉയർന്ന് വന്നതുകൊണ്ടും അത് അംഗീകരിക്കാൻ മടിയുള്ളവരാണ് ഇതിന്റെ പിന്നിലെന്ന്. കറുത്ത സ്ത്രീകൾ മേക്കപ്പ് ചെയ്യരുതെന്ന ധാരണ പലർക്കുമുണ്ട്. കറുത്ത കളറുള്ളവർ മേക്കപ്പ് ചെയ്യുന്നത് മുഖം വെളുപ്പിക്കാനല്ല സ്കിൻ ഈവനാകാൻ വേണ്ടിയാണ്. വെളുത്ത ആളുകളും മേക്കപ്പ് ഇടുന്നുണ്ട്.
പക്ഷെ കുറ്റക്കാർ ഇരുണ്ട നിറമുള്ളവർ മാത്രം. അവരോട് മാത്രം എന്തിനാണ് ഇത്ര പുട്ടിയിട്ടിരിക്കുന്നതെന്ന് ചോദിക്കും. സ്കിൻ വൈറ്റിനിങ് ക്രീം ഉപയോഗിക്കുന്നവർ പുതിയ തലമുറയിൽ കൂടുതലാണ്. പക്ഷെ അവർ മറ്റാരെയും നിറത്തിന്റെയോ രൂപത്തിന്റെയോ പേരിൽ ബോഡി ഷെയിം ചെയ്ത് തമാശ പറയാറില്ല. മൂന്നാമത്തെ വയസിൽ കറുമ്പിയെന്ന് ആളുകൾ വിളിച്ചതിന്റെ വേദന ഇന്നും എനിക്കുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അനുഭവിച്ച ഒരാൾ എന്ന രീതിയിൽ ഒന്നും ലൈറ്റായി കാണാൻ എനിക്ക് കഴിയില്ല. പിന്നെ എന്റെ ചുറ്റപാടുമുള്ളവരിൽ ചിലരെയെങ്കിലും മാറ്റാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നുമാണ് മഞ്ജു പത്രോസ് പറഞ്ഞത്.


Click it and Unblock the Notifications











