അവന്റെ കണ്ണൊന്ന് പോയി നോക്കെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞില്ലേ നീ, എന്റെ മകനോടായിരുന്നു ഇത് ചെയ്തതെങ്കിൽ...; മഞ്ജു
സിനിമാ-സീരിയൽ താരം മഞ്ജു പത്രോസ് സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ പങ്കിടുന്നതിനൊപ്പം സമൂഹിക വിഷയങ്ങളിൽ ഉൾപ്പടെ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മഞ്ജു പത്രോസ് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അടുത്തിടെ താമരശ്ശേരിയിൽ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ മരണ വാർത്ത വേദനപ്പിച്ച പശ്ചാത്തലത്തിലാണ് മഞ്ജുവിന്റെ കുറിപ്പ്.
നടിയുടെ ഒരു ആൺകുഞ്ഞിന്റെ അമ്മയാണ്. മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു പറയുന്നു.

കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ നൽകണമെന്നും മഞ്ജു പത്രോസ് കുറിച്ചു. പതിനെട്ട് വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞ് വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും.
സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്... നഷ്ടപെട്ടതല്ല... നഷ്ടപ്പെടുത്തിയത്.
കാരണക്കാർ തോളത്ത് കയ്യിട്ട് നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേർ പരീക്ഷയെഴുതണം പോലും... ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവർത്തികൾ. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനുപകരം എന്താണ് ഇവിടെ നടക്കുന്നത്.
ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. അവന്റെ കണ്ണൊന്ന് പോയി നോക്ക് നീ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ... എന്റെ മകനോടായിരുന്നു നീയൊക്കെ ഇത് ചെയ്തതെങ്കിൽ. ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ... എന്തിനെന്ന് പറയേണ്ടല്ലോ... കുഞ്ഞേ മാപ്പ്.... ഷഹബാസ് എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

മഞ്ജുവിനെപ്പോലെ തന്നെ താരത്തിന്റെ മകനും പ്രേക്ഷകർക്ക് സുപരിചിതനാണ്. അടുത്തിടെ പുതിയ വീട് പോലും മഞ്ജു പണിതത് മകന് വേണ്ടിയായിരുന്നു. വെറുതെ അല്ല ഭാര്യയിൽ മത്സരാർത്ഥികളായി മഞ്ജുവും ഭർത്താവും എത്തിയപ്പോൾ സ്കിറ്റുകളിൽ മകനേയും മഞ്ജു ഉൾപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെയാണ് മഞ്ജുവിന്റെ മകൻ ബെർണാഡ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.
മകനാണ് മഞ്ജുവിന്റെ വീക്ക്നെസ് എന്നത് മഞ്ജു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് ഷഹബാസ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്. തലച്ചോറിന് പരിക്കേറ്റതാണ് ഷഹബാസിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ടായിരുന്നു. തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്. ആയുധം കൊണ്ടുള്ള മുറിവാണിത്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications