'കതകിൽ മുട്ടിയ ആളെ കിട്ടി... ഇന്ന് അവൻ കാർ ഡോറിലാണ് മുട്ടിയത്... ഇവൻ എനിക്ക് പിറക്കാതെ പോയ ആങ്ങള'; മഞ്ജു പിള്ള
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സിനിമയുടെ ആദ്യകാലം മുതല്‍ സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും പുറത്ത് വന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഹോട്ടലിലും മറ്റും ഒറ്റയ്ക്ക് താമസിക്കുമ്പോൾ ഒപ്പം പ്രവർത്തിക്കുന്ന പുരുഷന്മാരിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. സിനിമയിൽ അവസരം കിട്ടാൻ ലൈംഗിക ബന്ധം പകരം ചോദിക്കുന്നുവെന്നും ജോലി സ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നുവെന്നും പ്രധാന പ്രശ്നം ലൈംഗിക അതിക്രമമാണെന്നും റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നുണ്ട്.
പലപ്പോഴും റൂമിലേക്ക് അതിക്രമിച്ച് കയറുന്നതിനായി വാതിലിൽ മുട്ടി ശല്യം ചെയ്യുകയും ഭയത്തോടെ രാത്രി കഴിച്ചുകൂട്ടേണ്ട അവസ്ഥ ഉണ്ടായിട്ടുള്ളതായും ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ നടി മഞ്ജു പിള്ളയുടെ ഒരു വീഡിയോ ചർച്ചയായിരുന്നു. മഴവില്‍ മനോരമയിലെ ഒരുചിരി ബംപര്‍ ചിരി ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ നടി പറഞ്ഞ തമാശക്കഥയാണ് വൈറലായത്. കഥ ചർച്ചയായതോടെ തമാശക്കഥ വ്യാജഭാഷ്യം ചമച്ച് പ്രചരിക്കുന്നുവെന്ന് പ്രതികരിച്ച് മഞ്ജു പിള്ളയും രംഗത്തെത്തിയിരുന്നു.
സാബുമോന് രാത്രി കതകില്‍ തട്ടിയെന്ന തരത്തിലായിരുന്നു മഞ്ജുവിന്റെ തമാശക്കഥ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. രാത്രി വിശക്കുമ്പോള്‍ കതകില്‍ തട്ടി വിളിച്ചുണര്‍ത്തി കഴിക്കാന്‍ കൊണ്ടുപോകുന്ന പതിവുണ്ട് സാബുമോന്. ഇക്കാര്യം തമാശയായി പലയിടത്തും പറഞ്ഞിരുന്നു. സാബുമോന്‍ തനിക്ക് സഹോദരനെ പോലെയെന്നും മഞ്ജു പിള്ള പിന്നീട് വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി പറഞ്ഞിരുന്നു.
നൈറ്റ് ലൈഫ് ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാബു മോൻ. പലപ്പോഴും ഇവൻ രാത്രി വിളിച്ച് എഴുന്നേല്പിച്ച് ഭക്ഷണം കഴിക്കാൻ കൊണ്ടുപോകും. എനിക്ക് രാത്രി ഉറങ്ങണം. അതുകൊണ്ട് ഒരുദിവസം റിസപ്ഷനിൽ ഞാൻ വിളിച്ച് എന്റെ റൂം നമ്പർ സാബുവിനോട് പറയല്ലേയെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഞാൻ റൂം നമ്പർ മാറിക്കൊടുത്ത് വേറേ ഒരാളുടെ റൂമിൽ തട്ടി അവർ തെറി പറഞ്ഞുവെന്ന സംഭവം തമാശയായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അത് ഷോയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് വെച്ചാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. സാബുമോന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും. ലോകത്ത് ഏറ്റവും സേഫായി യാത്ര ചെയ്യാനാകുന്നത് സാബുവിന്റെ കൂടിയാണെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.

സൈബർ ലോകത്തെ കോലാഹലങ്ങൾക്കെല്ലാം ശേഷം ഇപ്പോഴിതാ സാബുവിനൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്ത് മഞ്ജു പിള്ള കുറിച്ച വരികളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെയും സാബുവിന്റെയും തമാശക്കഥ വളച്ചൊടിച്ചവർക്കുള്ള മറുപടിയാണ് മഞ്ജുപിള്ളയുടെ പുതിയ പോസ്റ്റ്. സാബുവിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കിട്ട് കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോറിലാണ് മുട്ടിയത്.
പുതിയ കഥകൾ പോരട്ടെ... ഇവൻ എനിക്ക് പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. ലവ് യു ഡാ എന്നാണ് മഞ്ജു പിള്ള കുറിച്ചത്. ഇരുവരുടെയും കോമ്പോയ്ക്ക് ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെയാണ് ആരാധകർ ഉണ്ടായത്. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തിന് ആശംസകൾ അറിയിച്ച് എത്തിയത്.


Click it and Unblock the Notifications