'മഞ്ജു വാര്യർക്കും നയൻതാരയ്ക്കുമൊന്നും പ്രശ്നമില്ല, എന്റെ മനസിൽ എന്നും സൂപ്പർ സ്റ്റാർ ഉർവശിയാണ്'; മഞ്ജു പിള്ള
നടി മഞ്ജു പിള്ളയെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായ താരം സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് ഓടികൊണ്ടിരിക്കുകയാണ്. ഇപ്പോഴിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷമെങ്കിലും ചെയ്ത് മഞ്ജുപിള്ളയുണ്ടാകാറുണ്ട്.
അടുത്തിടെ ഉർവശിയാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജു പിള്ള പറഞ്ഞത് വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 'മിഥുനമാണ് ഉർവശിച്ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം.'

'ആരെയൊക്കെ എത്രയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉർവശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ല. നായികാസ്ഥാനത്തെയാണ് ഞാന്‍ പറയുന്നത്. ഇനി നാളെ അങ്ങനൊരു നടിയുണ്ടാകുമോയെന്ന് എനിക്കറിയില്ല. എന്റെ മനസില്‍ അന്നും ഇന്നും എന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ ഉർവശിയാണ്' എന്നാണ് മഞ്ജു പിളള പറഞ്ഞത്.
ഇപ്പോഴിത താൻ എയറിലായ സംഭവത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് മഞ്ജു പിള്ള. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി വിഷയത്തെ കുറിച്ച് മഞ്ജു പിള്ള സംസാരിച്ചത്.
'പത്ത് വർഷത്തിലേറെ തട്ടീം മുട്ടീം ചെയ്തു. യങ്സ്റ്റേർസിനിടയിലും തട്ടീം മുട്ടീം സീരിയൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പണ്ട് ഇതുപോലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നൊരു സീരിയൽ ഏഷ്യാനെറ്റിൽ ചെയ്തിരുന്നു. അത് ആ സമയത്ത് വളരെ അധികം ഹിറ്റായിരുന്നു. മാത്രമല്ല ജഗദീഷേട്ടാനായിരുന്നു എന്റെ പെയർ.'
'സീരിയൽ ഹിറ്റായപ്പോൾ പലരും കരുതിയത് ജഗദീഷേട്ടന്റെ യഥാർഥ ഭാര്യയാണ് ഞാനെന്നാണ്. പലപ്പോഴും ആളുകൾ ഞങ്ങളെ കാണുമ്പോൾ അത് ചോദിക്കുകയും ചെയ്തിരുന്നു. ജഗദീഷേട്ടൻ രമചേച്ചിക്കൊപ്പം പോകുമ്പോൾ ഭാര്യ മഞ്ജു എവിടെയെന്ന് ആളുകൾ ചോദിക്കുമായിരുന്നു. ലളിതാമ്മയുമായി കൂടുതൽ അടുത്തത് തട്ടീം മുട്ടീം തുടങ്ങിയ ശേഷമാണ്.'
'എന്നെ എറണാകുളത്തേക്ക് താമസിപ്പിച്ചത് ലളിതാമ്മയാണ്. പിന്നീട് ഞങ്ങൾ വളരെ അടുപ്പത്തിലായി. തട്ടീം മുട്ടീം സെറ്റിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. ലളിതാമ്മയെ നോക്കി ഒരുപാട് പഠിക്കാനുണ്ടായിരുന്നു. അമ്മ വന്ന വഴികളെ കുറിച്ചൊക്കെ പറയുമായിരുന്നു.'
'ലളിതാമ്മയുടെ ജീവിതവും കരിയറുമൊക്കെ കാണുമ്പോൾ അതാണ് ഫെമിനിസം എന്ന് തോന്നിയിട്ടുണ്ട്. ലളിതാമ്മയൊക്കെ ആ സ്ഥാനം സ്വന്തം പ്രയത്നം കൊണ്ട് നേടിയെടുത്തതാണ്. ഭാവിയിലെ കെപിഎസി ലളിതയാണ് നീയെന്ന് ശ്രീകുമാരൻ തമ്പി സാർ എന്നെ മോട്ടിവേറ്റ് ചെയ്യാൻ പറയുമായിരുന്നു.'

'ശ്രീക്കുട്ടിയും സിദ്ധാർഥും ഇന്നും പ്രിയപ്പെട്ടവരാണ്. അവരുടെ ആവശ്യങ്ങൾ ഞാൻ എപ്പോഴും ഉണ്ടാകും. അഭിനയത്തിലേക്ക് വരാൻ താൽപര്യമില്ലായിരുന്നു. നിയമം പഠിക്കണം എന്നായിരുന്നു ആഗ്രഹം.'
'ആ സമയത്ത് കൽപ്പന ചേച്ചിയാണ് കോമഡി ചെയ്യാൻ പ്രോത്സാഹിപ്പിച്ച് അഭിനയത്തിലേക്ക് കൊണ്ടുവന്നത്. ഹോമിൽ അഭിനയിക്കുമ്പോൾ റോജിൻ ഫുൾ ഫ്രീഡം തന്നിരുന്നു. ഉർവശി വിഷയത്തിൽ എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അത് പറയാൻ എനിക്ക് അവകാശമില്ലേ?.'
'എന്നെ ഇഷ്ടമില്ലാത്തവരും ഈ ലോകത്തില്ലേ. എന്റെ മനസിൽ അന്നും ഇന്നും നായിക സൂപ്പർ സ്റ്റാർ എന്നാൽ ഉർവശിയാണ്. എന്റെ സൂപ്പർസ്റ്റാർ ഉർവശിയെയാണ്. എനിക്ക് ഉർവശിയെക്കാൾ ഇഷ്ടം പക്ഷെ കെപിഎസി ലളിതയെയാണ്. മഞ്ജു വാര്യർക്കരും നയൻതാരയ്ക്കുമൊന്നും പ്രശ്നമുണ്ടാവില്ല. നാട്ടുകാർക്ക് മാത്രമെ പ്രശ്നമുള്ളു.'
'ഞങ്ങൾ എല്ലാവരും പരസ്പരം വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണ്. എനിക്ക് എപ്പോഴും നല്ലൊരു സപ്പോർട്ടീവ് കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് നിന്ന് പോവേണ്ടി വന്നിട്ടില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.'
'ഫാമിങ് ആയിട്ടാണ് പോത്ത് കച്ചവടം തുടങ്ങിയത്. സുജിത്തിന്റെ ആഗ്രഹമാണ് ഫാം തുടങ്ങുക എന്നത്. ഞാൻ ഫാം നടത്തിയിട്ട് ലാഭം ഉണ്ടായിട്ടില്ല. അതിൽ നിന്നും പത്ത് പൈസയെടുത്ത് ഞാൻ കുടിച്ചിട്ടില്ല. അവിടുന്ന് കിട്ടുന്നത് അവിടെ തന്നെയാണ് ചെലവഴിക്കുന്നത്' മഞ്ജു പിള്ള പറഞ്ഞു.


Click it and Unblock the Notifications