'ഞാൻ മഞ്ജുവിന്റെ അനിയനല്ല... അവൾ ചെറുപ്പം മുതൽ എനിക്ക് ഭീഷണിയും പാരയുമാണ്'; മധു വാര്യർ പറയുന്നു!
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമയാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലളിതം സുന്ദരം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിച്ച ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ലളിതം സുന്ദരം.
മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. പി.സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ ബിജു മേനോനൊപ്പം അഭിനയിച്ച ചിത്രം കൂടിയാണ് ലളിതം സുന്ദരം. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. മഞ്ജുവിനെപ്പോലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് മധു വാര്യർ. നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നായകനെന്ന നിലയിൽ മുന്നിലേക്ക് വരാൻ മധു വാര്യർക്ക് സാധിച്ചില്ല. പല സിനിമകളിലും സഹ നടനായിട്ടാണ് മധു വാര്യർ എത്തിയിട്ടുള്ളത്.

2004ൽ പുറത്തിറങ്ങിയ കാമ്പസ് ചിത്രം വാണ്ടടിലൂടെയാണ് മധു വാര്യർ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. ശേഷം പൊന്മുടിപ്പുഴയോരത്ത്, ഇരുവട്ടം മണവാട്ടി, ഭരത്ചന്ദ്രൻ ഐ.പി.എസ്, സേതുരാമയ്യർ സി.ബി.ഐ തുടങ്ങിയ സിനിമകളിലും മധു വാര്യർ അഭിനയിച്ചു. മഞ്ജുവിന് വേണ്ടി എഴുതിയ സിനിമയായിരുന്നില്ല ലളിതം സുന്ദരമെന്നും പിന്നീട് മഞ്ജു സിനിമയിലേക്ക് എത്തുകയായിരുന്നുവെന്നും മധു വാര്യർ പറഞ്ഞിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മധു വാര്യരും മഞ്ജുവും ഏഷ്യാനെറ്റിലെ സ്റ്റാർ സിങർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത് ചേട്ടനും അനുജത്തിയും കുട്ടിക്കാല അനുഭവങ്ങളും സിനിമാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെച്ചു. കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നുവെന്ന് മധു വാര്യർ പറഞ്ഞത് സദസിൽ ചിരി പടർത്തി. മഞ്ജുവിന്റേയും മധുവിന്റേയും കൂടുതൽ വിശേഷങ്ങളിലേക്ക്.

'സുഖമുള്ളൊരു ഭാരമായിരുന്നു നിർമാതാവാകുക എന്നത്. സന്തോഷത്തോടെയാണ് ഞാൻ അതേറ്റെടുത്തത്. പല കാരണങ്ങളാലും എനിക്കേറെ സ്‌പെഷലാണ് ലളിതം സുന്ദരം. ചേട്ടന്റെ ആദ്യ സംവിധാന സംരംഭമാണ്. അതേപോലെ തന്നെ വർഷങ്ങൾക്ക് ശേഷമായാണ് ബിജു ചേട്ടനോടൊപ്പം അഭിനയിക്കുന്നത്. അതേ പോലെ തന്നെ ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതും. ശരിക്കും ഇതെന്റെ കുടുംബചിത്രമാണ്' മഞ്ജു വാര്യർ പറയുന്നു. 'ടെൻഷൻ കാരണമാണ് എന്റെ താടി നരച്ചത്. പലരുടേയും ധാരണ ഞാൻ മഞ്ജുവിന്റെ അനിയനാണെന്നാണ്. ഞാൻ അത് തിരുത്താനും പോവാറില്ല. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന ചില കാര്യങ്ങളും രസകരമായ നിമിഷങ്ങളുമാണ് ലളിതം സുന്ദരം ചിത്രത്തിലുള്ളത്. കഥ ആദ്യമായിട്ട് പറഞ്ഞത് ബിജുവേട്ടനോടാണ്. അതിന് ശേഷമായാണ് മഞ്ജുവിനോട് പറഞ്ഞത്. ഫൈനൽ സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഞാനിത് നിർമ്മിച്ചോട്ടെയെന്ന് മഞ്ജു ചോദിച്ചത്' മധു വാര്യർ പറയുന്നു.
Recommended Video

'മഞ്ജുവിനെന്ന് കരുതി ഒരിക്കൽ മഞ്ജരിക്ക് മെസേജ് അയച്ചു. ഊണ് കഴിക്കാൻ ഞാനുമുണ്ടാവുമെന്നായിരുന്നു മെസേജ്. വന്നോളൂയെന്ന് എനിക്ക് മറുപടിയും കിട്ടി. മഞ്ജുവിന്റെ വീട്ടിൽ പോയപ്പോൾ എനിക്ക് ചോറില്ല. ഞാൻ മെസേജ് അയച്ചിരുന്നല്ലോയെന്ന് പറഞ്ഞപ്പോൾ എനിക്കൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. ഞങ്ങൾക്കിടയിൽ ഏറ്റവും വലിയ പാര ആരാണെന്ന് ചോദിച്ചൽ ഉത്തരം മഞ്ജുവെന്നെ പറയാൻ കഴിയൂ. കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു. കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാവരും നിൽക്കുമ്പോൾ അത് പറയട്ടെ... ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നു' മധു വാര്യർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications