'അനുഗ്രഹീതയായ മകളുടെ അനുഗ്രഹീതയായ അമ്മ, അന്ന് പറഞ്ഞത് സത്യമാണെന്ന് മനസിലാക്കി'; മഞ്ജുവും മധുവും പറയുന്നു!
ഗ്രാമീണ ജീവിതത്തിന്റെയും നാട്ടുനന്മകളുടേയും സുഗന്ധം വീണ്ടെടുക്കുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് നിലാവെട്ടം. അമ്മ നല്ലൊരു എഴുത്തുകാരിയായി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജുവും മധുവും പറഞ്ഞിരുന്നു
പ്രായം സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയല്ലെന്ന് തെളിയിച്ച് കഴിഞ്ഞയാളാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യർ. ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ മഞ്ജുവിന്റെ അമ്മ ഗിരിജ അരങ്ങേറ്റം കുറിച്ച വാർത്ത അത്രയേറെ കൈതുകത്തോടെയാണ് കുറച്ച് നാൾ മുമ്പ് പ്രേക്ഷകർ വായിച്ചത്.
അമ്മയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും ഒപ്പമുണ്ടാകാറുണ്ട്. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠനമെന്ന് ഗിരിജ അന്ന് പറഞ്ഞിരുന്നു.
മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രായം കാര്യമാക്കേണ്ടതില്ലെന്ന് മനസിലായിയെന്നുമാണ് ഗിരിജ പറഞ്ഞത്. വർഷങ്ങളായി യോഗ അഭ്യസിക്കുന്നയാൾ കൂടിയാണ് ഗിരിജ.

കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ക്ക് പ്രചോദനമായിരുന്നു അമ്മ ഗിരിജ. കാൻസറിനെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് വന്ന അമ്മയെ കുറിച്ച് മഞ്ജു പലപ്പോഴും വാചാലയായിട്ടുണ്ട്. ഇപ്പോഴിത വീണ്ടും അമ്മയുടെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് മഞ്ജു വാര്യരും സഹോദരൻ മധു വാര്യരും.
കഴിഞ്ഞ ദിവസമായിരുന്നു ഗിരിജ വാര്യർ എഴുതിയ നിലാവെട്ടം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം നിലാവെട്ടം ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഗ്രാമീണ ജീവിതത്തിന്റെയും നാട്ടുനന്മകളുടേയും സുഗന്ധം വീണ്ടെടുക്കുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് നിലാവെട്ടം. അമ്മ നല്ലൊരു എഴുത്തുകാരിയായി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജുവും മധുവും പറഞ്ഞിരുന്നു.
'ലോക് ഡൗണ്‍ കാലത്തായിരുന്നു അമ്മയുടെ എഴുത്തുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എഴുതുമായിരുന്നുവെന്ന് അമ്മ പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്' എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
'കല്യാണം കഴിഞ്ഞാണ് ഞാന്‍ പുള്ളിലേക്ക് വരുന്നത്. ആ നാട് എനിക്ക് വല്ലാത്തൊരു അത്ഭുതമായിരുന്നു. എന്റെ നാട് തിരുവില്വാമലയാണ്. പുള്ള് പോലെയൊരു ഗ്രാമപ്രദേശം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അതിശയം തോന്നിക്കുന്ന സ്ഥലമായിരുന്നു അത്.'
'തൊട്ടടുത്തൊന്നും വീടുകളില്ലാതെ ഒറ്റപ്പെട്ട പോലൊരു ജീവിതമാണ് അവിടെ. പുള്ള് എനിക്കിപ്പോഴും വലിയ ഇഷ്ടമുള്ള സ്ഥലമാണ്. പുള്ളിന്റെ ഭംഗിയൊക്കെ എഴുത്തില്‍ കൊണ്ടുവരാനായി ശ്രമിച്ചിട്ടുണ്ട്. അത് മറ്റുള്ളവര്‍ അറിയണം എന്നുള്ളതുകൊണ്ട് എന്നെക്കൊണ്ട് ആകാവുന്ന വിധത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്' എന്നാണ് ഗിരിജ ചടങ്ങിൽ സംസാരിച്ച് പറഞ്ഞത്.
'വളരെ ലളിതമായ ഭാഷയാണ് അമ്മയുടെ എഴുത്തിലുള്ളത്. വായിക്കാന്‍ നല്ലൊരു സുഖമുണ്ടെന്ന് എനിക്ക് തോന്നി. ഗൃഹലക്ഷ്മിയില്‍ അത് പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പേര്‍ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ എഴുത്തിനെക്കുറിച്ചും പറയാറുണ്ടായിരുന്നു.'

'കോളേജ് കാലത്ത് മാതൃഭൂമിയില്‍ കഥ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് അമ്മ പറയുമ്പോള്‍ ആ ഓക്കെ, ഓക്കെ ശരി ശരി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. മാതൃഭൂമിയിലെ സുഹൃത്തുക്കള്‍ അമ്മയുടെ കഥയുടെ പിഡിഎഫ് ഒക്കെ തപ്പി പിടിച്ച് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോള്‍ വല്യ സന്തോഷമായിരുന്നു. വിശ്വാസമില്ല എന്നൊക്കെ ചുമ്മാ പറഞ്ഞതാണ്.'
'അമ്മയുടെ പേരും എഴുത്തുമൊക്കെ പ്രസിദ്ധീകരിച്ച് കാണുമ്പോള്‍ മനസ് നിറയെ അഭിമാനവും സന്തോഷവുമാണെന്നായിരുന്നു' മഞ്ജു വാര്യര്‍ ചടങ്ങിൽ സംസാരിച്ച് പറഞ്ഞത്. 'ഭാഷയിലെ രജനീകാന്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ പോലെയാണ് അമ്മയുടെ എഴുത്ത് വായിച്ചപ്പോള്‍ തോന്നിയത്. അമ്മ ഇങ്ങനെ എഴുതുമെന്ന് ഞങ്ങള്‍ക്കൊരു വിശ്വാസവുമില്ലായിരുന്നു.'
'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കെഴുതിയിരുന്ന കത്തുകളില്‍ പോലും അങ്ങനെയൊരു സാഹിത്യമൊന്നും കണ്ടിട്ടില്ല. കൊവിഡ് കാലത്ത് രണ്ടര മാസക്കാലം ഞങ്ങളെല്ലാം ഒന്നിച്ചുണ്ടായിരുന്നു.'
'അപ്പോള്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഒന്ന് വായിച്ച് നോക്കൂവെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് വിശ്വാസമായത്' എന്നാണ് അമ്മയെ കുറിച്ച് മധു വാര്യര്‍ പറഞ്ഞത്. അമ്മയുടെ നിലാവെട്ടം പ്രസിദ്ധീകരിച്ചതിന്റെ സന്തോഷം മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ നിരവധി പേർ കമന്റുകളുമായി എത്തി.
അനുഗൃഹീതയായ മകളുടെ അനുഗൃഹീതയായ അമ്മയ്ക്ക്.... ഹൃദയം നിറഞ്ഞ ആശംസകൾ എന്നെല്ലാമാണ് ആരാധകർ മഞ്ജുവിനും കുടുംബത്തിനും ആശംസകൾ നേർന്ന് കുറിച്ചത്.


Click it and Unblock the Notifications