ശക്തയായിരിക്കുക അല്ലാതെ മറ്റൊരു വഴി ഇല്ലാതാകുമ്പോഴേ അത് തിരിച്ചറിയൂ; മഞ്ജു വാര്യർ പറയുന്നു
മിസ്റ്റർ എക്സ് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി മഞ്ജു വാര്യർ. ആര്യ, ഗൗതം കാർത്തിക് ശരത്കുമാർ എന്നീ താരങ്ങളും അണിനിരക്കുന്ന തമിഴ് ചിത്രത്തിൽ മഞ്ജുവിന് സുപ്രധാന വേഷമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളത്തിലേത് പോലെ തമിഴിലും ഇന്ന് മഞ്ജുവിന് ആരാധകരുണ്ട്. റയാൻ മിഥുനുമായുള്ള അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഉപദേശം തരാനില്ല. അമ്മയാണ് ജീവിച്ചിരിക്കുന്ന ഉദാഹരണം. അച്ഛനെയും അമ്മയെയും പിരിഞ്ഞ് ഞാൻ കണ്ടിട്ടില്ലായിരുന്നു. ബോബനും മോളിയും പോലെയായിരുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു. അച്ഛൻ 2018 ൽ കാൻസർ ബാധിച്ച് മരിച്ചു. അമ്മയെങ്ങനെ ഇത് മറികടക്കും എന്നായിരുന്നു എന്റെയും ചേട്ടന്റെയും പ്രധാന ആശങ്ക. ഞങ്ങൾക്ക് ജോലിക്ക് പോകണം. അമ്മ അമ്മയുടേതായ പാഷൻ കണ്ടെത്തി. തന്റെ ഒറ്റപ്പെടൽ മക്കൾക്ക് ബാധ്യതയാകാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു.

ഡാൻസ്, മ്യൂസിക് ക്ലാസുകൾക്ക് പോയി. എഴുതി. കേരളത്തിലെ പ്രമുഖ മാഗസിനിലെ കോളം റെെറ്ററാണ് ഇന്ന് അമ്മ. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നു. അമ്മ കാൻസർ സർവെെവറാണ്. ഏത് പ്രായത്തിലും ജീവിതത്തിലേക്ക് തിരിച്ച് വരാമെന്ന് അമ്മ എന്നെ കാണിച്ച് തന്നു. അമ്മ എന്നോട് ഒന്നും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും തന്റെതായ സന്തോഷം കണ്ടെത്താമെന്ന് അമ്മ എനിക്ക് കാണിച്ച് തരുന്നു. ഏത് ഉപദേശത്തേക്കാളും തനിക്ക് വലുത് അമ്മയെന്ന ഉദാഹരണമാണെന്നും മഞ്ജു വാര്യർ പറയുന്നു.
ജീവിതം വീണ്ടും തുടങ്ങാനാഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഉപദേശവും മഞ്ജു വാര്യർ പങ്കുവെച്ചു. നിങ്ങൾ എത്രത്തോളം ശക്തരാണെന്ന് ശക്തരായിരിക്കുക അല്ലാതെ മറ്റൊരു വഴിയുമില്ലാത്ത ഘട്ടം വരെ നിങ്ങൾ തിരിച്ചറിയില്ല. നിങ്ങളിൽ ആ ശക്തിയുണ്ട്. അത് കണ്ടെത്തിയാൽ മതിയെന്നാണ് മഞ്ജു നൽകിയ മറുപടി.


Click it and Unblock the Notifications
















