അങ്ങനൊരു ഭാഗ്യമില്ലാതായ അപൂർവ്വം ആളുകളിൽ ഒരാൾ ഞാനാണ്! പൊന്നമ്മയുടെ മകളാവാൻ പറ്റിയില്ല; മഞ്ജു വാര്യർ
നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ നടിയെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തുകയാണ് താരങ്ങള്‍. പെറ്റമ്മയെ പോലെ സ്‌നേഹം തന്നിട്ടാണ് പൊന്നമ്മചേച്ചി പോകുന്നതെന്നാണ് നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ തനിക്കങ്ങനൊരു ഭാഗ്യമില്ലാതായി പോയെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍.
മലയാള സിനിമയിലെ അമ്മയെന്നാല്‍ പൊന്നമ്മ ചേച്ചിയാണ്. അവരുടെ മക്കളായി അഭിനയിക്കാത്ത ആളുകള്‍ അപൂര്‍വ്വമാണ്. അതിലൊരാള്‍ താനാണ്. പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെടുന്ന കാര്യമിതാണെന്നും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജു വാര്യര്‍ പറയുന്നത്.

'ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാള സിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍.
സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി! അതുകൊണ്ടു തന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് 'കണ്ണെഴുതിപൊട്ടും തൊട്ട്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും.
അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതു പോലെ തോന്നിയിട്ടുണ്ട്, പലവട്ടം. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി.

നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍. അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല, ഒരമ്മയുടെ പെരുമാറ്റമായിരുന്നു.
പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിതച്ചേച്ചി... ഇന്നലെകളില്‍ നമ്മള്‍ സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാള സിനിമയും ഈ നിമിഷം അനുഭവിക്കുന്നത്...' മഞ്ജു വാര്യര്‍ കുറിപ്പ് അവസാനിപ്പിക്കുന്നു...


Click it and Unblock the Notifications











