'സാധനം' എന്ന് വിളിച്ച് നിവിൻ പോളി ബോഡി ഷെയിമിങ് നടത്തിയോ?, ആക്ഷൻ ഹീറോ ബിജുവിനെ കുറിച്ച് നടി മഞ്ജു വാണി!
മലയാളത്തിലെ പോലീസ് ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ സിനിമയായിരുന്നു 2016ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നുവെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.
നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുകയെന്നാണ് റിപ്പോർട്ട് വന്നത്. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്.

നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക.
ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. അതേസമയം ചിത്രത്തിലെ ചില സീനുകൾക്ക് വലിയ വിമർശനം പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
നിവിൻ പോളി ചില സീനുകളിൽ പറഞ്ഞ ഡയലോഗുകൾ ഒരു വിഭാഗം ആളുകളെ ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് സിനിമ പുറത്തിറങ്ങിയ ശേഷം സോഷ്യൽമീഡിയ കണ്ടെത്തിയത്.
നിരവധി പേർ സിനിമയിലെ ചില പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ഇപ്പോഴിത വിഷയത്തിൽ സിനിമയിൽ അഭിനയിച്ച നടി മഞ്ജു വാണി പ്രതികരിച്ചിരിക്കുകയാണ്. 'സാധനം' എന്ന് വിളിച്ച് നിവിൻ പോളി ബോഡി ഷെയിമിങ് നടത്തിയോ? എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് മഞ്ജു വാണി നൽകിയത്.
സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷയത്തിൽ തന്റെ നിലപാട് മഞ്ജു വാണി വ്യക്തമാക്കിയത്. മഞ്ജു പ്രത്യക്ഷപ്പെട്ട സീനിലെ നിവിന്റെ ഡയലോഗാണ് ബോഡി ഷെയ്മിങാണെന്ന് പറഞ്ഞ് സോഷ്യൽമീഡിയ ചർച്ച ചെയ്തത്.
'ബിജു എന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു റാങ്ക് ഹോൾഡറാണ്. ആ കഥാപാത്രം വളരെ സമർഥനും ബുദ്ധിമാനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അങ്ങനെയുള്ള ഒരു പോലീസുകാരന്റെ അടുക്കൽ വന്ന് ഒരു സാധാരണക്കാരിയായ സ്ത്രീ ഒരു മുൻപരിചയമില്ലാത്ത ഓട്ടോ ഡ്രൈവർ തന്റെ കരണത്തടിച്ചു എന്ന് പറയുകയാണ്.'

'ഒരു കാരണമില്ലാതെ ആ സ്ത്രീ തന്നെ ഒരാൾ കരണത്തടിച്ചുവെന്ന് പറയുമ്പോൾ തന്നെ ഒരു ഉടായിപ്പാണെന്ന് നിവിൻ പോളിയുടെ കഥാപാത്രത്തിന് മനസിലാക്കാൻ സാധിക്കും. പിന്നീട് ആ സീനിൽ തന്നെ വ്യക്തമാക്കുന്നുണ്ട് സ്ത്രീയും ഓട്ടക്കാരനും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുയെന്നും.'
'വിവാഹിതയായ സ്ത്രീ ഓട്ടോറിക്ഷക്കാരനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് പരമാവധി ഊറ്റുക എന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തമാക്കുന്നുണ്ട്.'
'അതിന് ശേഷം നിവിൻ പോളിയുടെ പോലീസ് കഥാപാത്രം എന്റെ കഥാപാത്രത്തെ സാധനം എന്ന് വിളിച്ച് ഓബ്ജെക്ടിഫൈ ചെയ്തു. ഒരു സ്ത്രീയെ അങ്ങനെ പറയാമോ എന്നിങ്ങനെ വിമർശനം ഉയർന്നിരുന്നു.'
'പക്ഷെ ആ സിനിമ ഉദ്ദേശിച്ചത് പോലീസുകാരുടെ പച്ചയായ ഒരു ശൈലിയും സംസാരരീതിയും ഒക്കെയാണ്. ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ യഥാർഥത്തിലുള്ള പോലീസുകാരുടെ ഭാഷയും ശൈലിയുമൊക്കെ ഇതിലും അസഹീനയമാണ്.'
'എന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഞാനൊരു വക്കീലുമാണ്. അപ്പോൾ നമ്മുക്കീ പോലീസുകാരുടെ ശൈലിയൊക്കെ എങ്ങനെയാണെന്ന് അറിയാവുന്നതാണ്. പക്ഷെ സിനിമയിൽ അതെല്ലാം വളരെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.'
'എന്നാൽ ഈ സാധനം എന്ന് പറഞ്ഞത് ബോഡി ഷെയ്മിങ്ങിലേക്ക് എങ്ങനെ പോയത് ഒന്നും എനിക്കറയില്ല. ഒരുപക്ഷെ എന്റെ ശരീരഘടനയായിരിക്കാം ആ വിവാദങ്ങളിലേക്ക് വഴിവെച്ചത്' മഞ്ജു വാണി പറഞ്ഞു.


Click it and Unblock the Notifications