കല്യാണം കഴിച്ചാല്‍ ഞാനും അമ്മയും ബാധ്യതയാകുമെന്ന് കരുതിയിട്ടുണ്ടാവും! വിവാഹം കഴിക്കാത്തതിനെ പറ്റി മായ കൃഷ്ണ
ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയായി പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് നടി മായ കൃഷ്ണ. വളരെ യാദൃശ്ചികമായി ഈ മേഖലയിലേക്ക് എത്തിപ്പെട്ട നടി വളരെ വേഗമാണ് സ്വന്തമായൊരു കരിയര്‍ നേടിയെടുക്കുന്നത്. ഇപ്പോള്‍ അഭിനേത്രിയെന്ന നിലയില്‍ കേരളക്കരയ്ക്ക് സുപരിചിതയായി കഴിഞ്ഞു.
ജനിക്കുന്നതിന് മുന്‍പെ അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ പറ്റി മായ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ ഒരു വീട്ടില്‍ ഞാന്‍ ജോലിയ്ക്ക് നില്‍ക്കുയായിരുന്നു. പ്രായമായ അച്ഛനെയും അമ്മയെയും നോക്കുകയായിരുന്നു എന്റെ ജോലി. ആ വീട്ടില്‍ നില്‍ക്കുന്ന കാലത്ത് അവിടുത്തെ കുട്ടിയാണെന്ന് കരുതി എനിക്കിങ്ങോട്ട് കല്യാണാലോചനകള്‍ വരുമായിരുന്നു. പക്ഷെ പിന്നീട് നമ്മളെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അവരൊക്കെ പിന്തിരിഞ്ഞ് പോകും.
എനിക്ക് വീടില്ല, അമ്മ മാത്രമാണ് കൂടെ എന്നൊക്കെ അറിയുമ്പോള്‍ അവളെ കെട്ടിയാല്‍ അമ്മ കൂടി ഒരു ബാധ്യതയാകുമോ എന്ന് ചിന്തിച്ചിട്ടാവാം. വീടുമില്ല, നമുക്കൊന്നുമില്ലെന്നും അറിയുമ്പോള്‍ അങ്ങനെയൊരു ബാധ്യത ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലായിരുന്നു. അന്നിങ്ങോട്ട ചോദിച്ച് കല്യാണം വന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ആലോചനകള്‍ കുറവാണ്.
അഭിനയത്തിലേക്ക് വന്നതിന് ശേഷം വിവാഹം ചെയ്യണമെന്നോ കുടുംബം വേണമെന്ന ചിന്തയോ ഒന്നും എനിക്കില്ല. അഭിനയിച്ചാല്‍ മാത്രം മതി. അങ്ങനെ പറയുന്നത് കൊണ്ടാണോ എന്നറിയില്ല, ആരും പിന്നീട് വന്നിട്ടില്ല. ഇതുവരെ ആരും ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിട്ടില്ല, എനിക്കും ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്ന് മായ പറയുന്നു.

കരിയര്‍ തുടങ്ങിയതിന് ശേഷം ഇതുവരെ ഞാന്‍ ആരോടും ഇഷ്ടം പറഞ്ഞിട്ടില്ല. ആരും എന്നോടും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ ആയത് കൊണ്ടായിരിക്കാം. ഇത് വന്‍ ഭാരമായി മാറിയേക്കാം എന്ന് പലരും കരുതിയിട്ടുണ്ടാവാം. ഇപ്പോള്‍ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊക്കെ എന്നെ വല്യ ഇഷ്ടമാണ്.
ഒരു പെങ്ങളെ പോലെയാണ് അവരൊക്കെ എന്നെ കണ്ടിട്ടുള്ളത്. ഞാനിരിക്കുമ്പോഴൊക്കെ എന്തേലും നെഗറ്റീവ് തമാശ പറയുമ്പോള്‍ പോലും ഞാന്‍ അവിടെയുണ്ടെങ്കില്‍ അത് മായ അല്ലേ കേട്ടാല്‍ കുഴപ്പമില്ലെന്ന് പറയും. ആണ്‍, പെണ്‍ വ്യത്യാസം ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് നടി പറയുന്നത്.
ഇങ്ങനെ പോയാല്‍ ജീവിതത്തില്‍ നീ ഒറ്റപ്പെട്ടു പോകും, അവസാന കാലത്ത് ആരും ഉണ്ടാവില്ല എന്നൊക്കെ മറ്റുള്ളവര്‍ പറയും. എന്നെ സംബന്ധിച്ചിടത്തോളം ജനിച്ചപ്പോള്‍ മുതലേ ഞാന്‍ ഒറ്റയ്ക്കാണ്. അതുകൊണ്ട് അങ്ങനൊരു ഫീലേ എനിക്കില്ല. അയ്യോ ഞാന്‍ ഒറ്റയ്ക്കായി പോകുമല്ലോ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയും ഇല്ല. അങ്ങനൊരു പേടി എന്റെ അമ്മയ്ക്കുമില്ല. അമ്മ എന്റെ ഇഷ്ടത്തിന് നില്‍ക്കുന്ന ആളാണ്. ഞാന്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും അമ്മയ്ക്ക് കുഴപ്പമില്ലെന്നാണ് മായ പറയുന്നത്.
മായ എന്താണോ പറയുന്നത് അത് തന്നെയാണ് തന്റെയും ഇഷ്ടമെന്നാണ് നടിയുടെ അമ്മ പറയുന്നത്. കല്യാണം കഴിക്കണമെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ആര് നോക്കിയാലും അവള്‍ ആരുടെ കൂടെയും പോകില്ല. അവള്‍ക്ക് അഭിനയിച്ചാല്‍ മതി. വീട്ടില്‍ വന്നാലും ഡാന്‍സും പാട്ടും അഭിനയവുമൊക്കെ തന്നെയാണ്. അതിനിടയില്‍ കൂടി വീട്ടിലെ പണിയും മായ ചെയ്യുമെന്ന് അമ്മ പറയുന്നു.


Click it and Unblock the Notifications