ഒരു മലയാളി നടിക്കില്ലാത്ത സ്വീകാര്യത മീനയ്ക്ക് എന്താണെന്നോ?; നടിക്കുമുണ്ട് കേരളവുമായി ബന്ധം
മലയാളി നടിമാർ മറു ഭാഷാ ചിത്രങ്ങളിൽ പോയി വിജയം കൈവരിക്കുന്നത് പതിവാണ്. ജൻമദേശത്ത് ലഭിച്ചതിനേക്കാൾ അംഗീകാരവും പ്രശസ്തിയും പല താരങ്ങളും മറു ഭാഷാ ചിത്രങ്ങളിലൂടെ നേടാറുണ്ട്. നയൻതാര. അമല പോൾ, അസിൻ തുടങ്ങിയ നടിമാർ ഇതിനുദാഹരണമാണ്. മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ മൂവരും അതിവേഗമാണ് തെന്നിന്ത്യയിൽ വേരുറപ്പിച്ചത്. അതേസമയം മറ്റു ഭാഷകളിൽ നിന്നെത്തി മലയാള സിനിമയിൽ ഇടം കണ്ടെത്തുന്ന നായികമാരുടെ എണ്ണം താരതമ്യേന കുറവാണ്.

മലയാളി നടിമാരെ അംഗീകരിക്കാൻ തന്നെ മലയാളികൾക്ക് മടിയാണെന്നാണ് സിനിമാ ലോകത്ത് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ തെന്നിന്ത്യൻ സിനിമകളിൽ നിന്നെത്തി മലയാള സിനിമയിൽ മുൻനിര നായികയായ താരമാണ് നടി മീന. വർഷങ്ങൾക്കിപ്പുറവും മീനയ്ക്ക് മലയാള സിനിമയിൽ തന്റെതായ ഒരിടം നിലനിൽക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ നിറഞ്ഞു നിൽക്കവെയാണ് മീന പൊതുവെ ചെറിയ ബജറ്റുകളിൽ നിർമ്മിക്കുന്ന മലയാള സിനിമകളിൽ അഭിനയിച്ചത്. നടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ പലതും മലയാള സിനിമകളാണ്.

ഫ്രണ്ട്സ്, ഉദയനാണ് താരം, വർണപകിട്ട്, ഒളിമ്പ്യൻ അന്തോണി ആദം, രാക്ഷസ രാജാവ്, നാട്ടുരാജാവ്, ചന്ദ്രോത്സവം, ബ്ലാക്ക്, കറുത്ത പക്ഷികൾ തുടങ്ങിയ സിനിമകളിൽ മീന അഭിനയിച്ചു. മലയാളത്തിലെ എല്ലാ മുൻനിര നായകൻമാരുടെ കൂടെയും അഭിനയിച്ച നടി വിവാഹ ശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോഴും ഒരു പിടി ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
ദ്യശ്യം, ദൃശ്യം 2, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാല്യകാല സഖി, ബ്രോ ഡാഡി തുടങ്ങിയവ തിരിച്ചു വരവിൽ മീന അഭിനയിച്ച ചിത്രങ്ങളാണ്. ഇതിൽ ദൃശ്യമുൾപ്പെടെ മിക്ക സിനിമകളും സൂപ്പർ ഹിറ്റായി. മലയാളിയായ ഒരു നടിക്ക് അവകാശപ്പെടാനില്ലാത്ത ഹിറ്റുകളാണ് തെന്നിന്ത്യൻ സിനിമയിൽ നിന്നെത്തിയ മീനയ്ക്ക് ലഭിക്കുന്നതെന്നാണ് സിനിമാ ലോകത്തെ സംസാരം.

പക്ഷെ യഥാർത്ഥത്തിൽ മറുഭാഷാ നടി എന്ന് പറഞ്ഞ് മൂനയെ മാറ്റി നിർത്താനാവില്ല. പാതി മലയാളിയാണ് മീന. മീനയുടെ അമ്മ രാജ മല്ലിക കണ്ണൂരരിലാണ് ജനിച്ച് വളർന്നത്. എന്നാൽ പിന്നീട് ചെന്നെെയിലേക്ക് മാറുകയായിരുന്നു. നടിയുടെ ഈ മലയാളി പശ്ചാത്തലത്തെ പറ്റി പലർക്കും അറിയില്ല.
ബാല്യകാലം മുതൽ തമിഴ് സിനിമകളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ കേരളവുമായുള്ള ബന്ധം ആരാധകർ ആലോചിച്ചത് പോലുമില്ല. ശിവാജി ഗണേശന്റെ നെഞ്ചങ്കൾ എന്ന തമിഴ് ചിത്രത്തിലെ ബാലതാരമായാണ് മീന സിനിമാ അഭിനയം തുടങ്ങുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നടി ബാലതാരമായെത്തി.
Recommended Video

മലയാള സിനിമയിലും ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. പിജി വിശ്വംഭരൻ സംവിധാനം ചെയ്ത 1984 ലെ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ മീന ബാലതാരമായി എത്തിയിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ വർണപകിട്ട് എന്ന ചിത്രത്തിലാണ് നായികയായി മലയാളത്തിൽ മീന ആദ്യം എത്തിയത്.
മോഹൻലാലായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിന് ശേഷം മോഹൻലാൽ-മീന ജോഡി വലിയ ജനപ്രീതി നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി മീന എത്തി. ഉദയനാണ് താരം, ഒളിമ്പ്യൻ അന്തോണി ആദം, ചന്ദ്രോൽസവം, നാട്ടു രാജാവ്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. തിരിച്ചു വരവിലും മോഹൻലാലിന്റെ നായികയായിത്തെന്നെ മീന മലയാളത്തിലെത്തി. ഇരുവരും ഒരുമിച്ചഭിനയിച്ച ജിത്തു ജോസഫ് ചിത്രം ദൃശ്യം വൻ വിജയമായിരുന്നു.


Click it and Unblock the Notifications