'മകൾക്കിപ്പോഴാണ് എല്ലാം മനസിലായി തുടങ്ങിയത്... ഞാൻ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകൾ പറയാറുണ്ട്'; മീന
തൊണ്ണൂറുകൾ മുതൽ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുൻനിര നടിമാരിൽ ഒരാൾ തന്നെയാണ് മീന. ഒരു തെന്നിന്ത്യൻ നടി എന്നതിലുപരി മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു മലയാളി നടി തന്നെയാണ് മീന. മലയാളത്തിലെ തന്നെ എവർഗ്രീൻ ജോഡികളിൽ ഒന്നായിട്ടാണ് മീന-മോഹൻലാൽ ജോഡികളെ വിശേഷിപ്പിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, രജിനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർതാരങ്ങളോടൊപ്പം ബാലതാരമായി സിനിമയിൽ അഭിനയിക്കുകയും പിൽക്കാലത്ത് അവരുടെ തന്നെ നായികയായി അഭിനയിക്കുകയും ചെയ്ത ഏക നടിയും മീനയാണ്. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു മീന. തൊണ്ണൂറുകളിൽ ഗ്ലാമറാസായി അഭിനയിച്ചിട്ടും മീനയ്ക്ക് കുടുംബപ്രേക്ഷകർ കുറഞ്ഞിരുന്നില്ല. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ചെന്നൈയിലാണ് മീന വളർന്നത്.

1984 ല്‍ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാള ഭാഷയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് മീന ആടിത്തിമര്‍ത്ത കഥാപാത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 40 വർഷമായി മകളായും സഹോദരിയായും അമ്മയായും കൂട്ടുകാരിയായുമെല്ലാം ഈ നായിക നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോൾ മീനയെ കാണുമ്പോൾ ജോർജുകുട്ടിയുടെ റാണിയെയാണ് പ്രേക്ഷകർക്ക് ആദ്യം ഓർമവരിക.
നായികയായി തിളങ്ങിയെങ്കിലും ഇനി ഏത് വേഷമാണ് ചെയ്യാൻ ആഗ്രഹമെന്ന ചോദ്യത്തിന് മീനയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. അൽപ്പം വില്ലത്തരമുള്ള കഥാപാത്രത്തെ അഭിനയിക്കാനാണ് മീനയുടെ ആഗ്രഹം. ബ്രോ ഡാഡിക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് 2024ൽ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഇടം എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസ് എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏറെ നാളുകള്‍ക്കുശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ആനന്ദപുരം ഡയറീസ് എന്ന സിനിമയിൽ മീന അവതരിപ്പിക്കുന്നത്.
കോളേജ് പശ്ചാത്തലത്തിൽ ക്യാമ്പസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീന കേരളത്തിലുണ്ട്. അത്തരത്തിൽ റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മീന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടൻ വിജയിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചും മീന സംസാരിച്ചു.

'വിജയി സാറിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് കമന്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ കൃത്യമായി മറുപടി പറയാൻ അറിയില്ല. പക്ഷെ അദ്ദേഹത്തിന് ഞാൻ ആശംസകൾ നേരുന്നു. അതുപോലെ എന്റെ മകളും ഇപ്പോൾ എന്നോട് പാർട്ടി, രാഷ്ട്രീയം എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്.'
'അവൾ ഇപ്പോഴാണ് അതൊക്കെ മനസിലാക്കി തുടങ്ങിയത്. അവൾ ആ ലേണിങ് പ്രോസസിലാണ്. ഞാൻ രാഷ്ട്രീയം എന്താണ് എന്നൊക്കെ പറഞ്ഞ് കൊടുത്തശേഷം ഞാൻ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകൾ പറയാറുണ്ട്', എന്നാണ് മീന പറഞ്ഞത്.


Click it and Unblock the Notifications