മേഘ്നയ്ക്ക് ചിരുവിനെ നഷ്ടമായി, കുടുംബത്തിന്റെ സമാധാനം പോയി, ഗജകേസരി യോഗവുമായി ധ്രുവയുടെ മകന്റെ ജനനം!
ബ്യൂട്ടിഫുൾ, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ നടിയാണ് മേഘ്ന രാജ്. തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച ശേഷമാണ് മേഘ്ന മലയാള സിനിമയിലേക്ക് നായികയായി അഭിനയിക്കാൻ എത്തുന്നത്.
യക്ഷിയും ഞാനും എന്ന ഹൊറർ സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് പൃഥ്വിരാജ് മുതൽ മമ്മൂട്ടി വരെയുള്ള താരങ്ങളുടെ സിനിമയിൽ പ്രധാനവേഷം ചെയ്ത് മലയാളത്തിൽ മേഘ്ന മുൻനിര നായികയായി. 2016ലാണ് അവസാനത്തെ മലയാള സിനിമ മേഘ്ന ചെയ്തത്.
പിന്നീട് കന്നഡ യുവ നടൻ ചിരഞ്ജീവി സർജയെ മേഘ്ന വിവാഹം ചെയ്തു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ രണ്ട് വർഷത്തെ ദാമ്പത്യ ജീവിതം മാത്രമെ മേഘ്നയ്ക്ക് ലഭിച്ചുള്ളു. 2020 ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിച്ചു. ആ സമയത്ത് മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു.

ഇപ്പോൾ മൂന്ന് വയസുകാരൻ റായൻ രാജ് സർജയാണ് മേഘ്നയുടെ ലോകം. ഭർത്താവിന്റെ വേർപാടിന് ശേഷം വിഷാദത്തിലേക്ക് പോയ മേഘ്ന അഭിനയത്തിലൂടെയും മോഡലിങിലൂടെയുമാണ് തിരികെ ജീവിതത്തിലേക്ക് എത്തിയത്. ചിരുവിന്റെ വേർപാടോടെ കുടുംബത്തിന്റെ മുഴുവൻ സന്തോഷവും സമാധാനവും ഇല്ലാതായിരുന്നു.
പിന്നീട് മേഘ്നയുടെ മകനും ചിരുവിന്റെ സഹോദരനും നടനുമായ ധ്രുവയുടെ മകളുടെ ജനനത്തോടെയുമാണ് കുടുംബം വീണ്ടും സന്തോഷിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഒരു മകൻ കൂടി ധ്രുവ സർജയ്ക്ക് പിറന്നു. പെൺകുഞ്ഞ് പിറന്ന് രണ്ട് വർഷം തികയും മുമ്പാണ് ധ്രുവയ്ക്ക് ഒരു മകൻ കൂടി പിറന്നത്.
ഗണേശ ഉത്സവത്തോടനുബന്ധിച്ചാണ് ധ്രുവ സർജയുടെയും പ്രേരണയുടെയും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മേഘന രാജും അച്ഛൻ സുന്ദർ രാജ് തുടങ്ങിയവരും ധ്രുവയുടെ മകനെ കാണാൻ എത്തിയിരുന്നു.
വളരെക്കാലമായി തങ്ങളുടെ കുടുംബത്തിന് ചുറ്റും ഉണ്ടായിരുന്ന മൂടിയ അന്തരീക്ഷം അപ്രത്യക്ഷമായി വെളുത്ത മേഘങ്ങൾ വന്നിരിക്കുന്നുവെന്നും ഇത് ദൈവം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്നുമാണ് ധ്രുവയുടെ കുഞ്ഞിനെ സന്ദർശിച്ച് സംസാരിക്കവെ സുന്ദർരാജ് പറഞ്ഞത്. ഏക മകൾ വളരെ ചെറിയ പ്രായത്തിൽ തന്നെ വിധവയായി എന്നത് സുന്ദർരാജിനെ വളരെ അധികം അലട്ടിയിരുന്നു.

എന്നാൽ ധ്രുവയുടെ കുഞ്ഞുങ്ങളുടെ വരവോടെ സർജ ഫാമിലിക്ക് നഷ്ടപ്പെട്ട സന്തോഷം പതിയെ തിരികെ കിട്ടുന്നതിന്റെ ത്രില്ലിലാണ് സുന്ദർരാജ്. 'ഗൗരി വീട്ടിൽ എത്തിക്കഴിഞ്ഞു. ഇപ്പോൾ ഗണേശനും വന്നിരിക്കുന്നു. ഇത് കുടുംബത്തിന് സന്തോഷം പകരുന്നു. ഈ കുട്ടി ജനിച്ചത് ഗജകേസരി യോഗത്തിലാണ്.'
'ഞങ്ങളുടെ കുടുംബത്തെ മൂടിയ കാർമേഘ അന്തരീക്ഷം അപ്രത്യക്ഷമായി വെളുത്ത മേഘങ്ങൾ വന്ന് തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നു. ദൈവം ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്', സുന്ദർരാജ് പറഞ്ഞു. ധ്രുവയുടെ ആൺകുഞ്ഞിന് ഗജകേസരി യോഗമാണെന്നാണ് കുടുംബം പറയുന്നത്. ഗജകേസരി യോഗം ഒരു സാധാരണ യോഗയല്ല.
ഇതാണ് രാജയോഗം. ചിലർക്ക് ഇത് ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കും. മറ്റുള്ളവർക്ക് ഇത് ജീവിതത്തിൽ ഒരിക്കൽ വരുന്നു. ജന്മകുണ്ഡലിയിലെ ലഗ്നത്തിൽ നിന്ന് 1, 4, 7, 10 എന്നീ ഭാവങ്ങളിൽ ചന്ദ്രനും വ്യാഴവും ഒരുമിച്ചാൽ ഗജകേസരിയോഗം ഉണ്ടാകുന്നു. കൂടാതെ ലഗ്നത്തിൽ നിന്ന് ചന്ദ്രനും വ്യാഴവും 1, 4, 7, 10 എന്നീ ഭാവങ്ങളിൽ നിന്നാലും ഗജകേസരി യോഗം വരും.
വ്യാഴം ചന്ദ്രനിൽ നിന്ന് ഒന്ന്, നാല്, ഏഴ്, പത്ത് എന്നീ ഭാവങ്ങളിൽ നിന്നാലോ ചന്ദ്രന്റെ ദൃഷ്ടി ഗുരുവിൽ പതിച്ചാലോ ഗജകേസരിയോഗം ഉണ്ടാകും. സമ്പന്നനാകും, ബുദ്ധി വർധിക്കും, സദ്ഗുണമുള്ളവരാകും, സംസാരത്തിൽ പക്വത ഉണ്ടാകും, മാന്യതയും ദീർഘായുസ്സുള്ളവനുമായിരിക്കും. സാമൂഹിക അംഗീകാരം, സമ്പത്ത്, അധികാരം എന്നിവയെല്ലാം ലഭിക്കും എന്നതെല്ലാമാണ് ഗജകേസരിയോഗത്തിന്റെ പ്രത്യേകതകൾ.


Click it and Unblock the Notifications











