'എന്റെ മനസിലെ ഫീലിങ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല'; മകനെ കുറിച്ചുള്ള നടി മേഘ്ന രാജിന്റെ കുറിപ്പ്!
ഭർത്താവിന്റെ അപ്രതീക്ഷിതമായ വേർപാടിന് ശേഷം ജീവിതം പതിയെ തിരിച്ച് പിടിച്ച് തുടങ്ങിയിട്ടുണ്ട് നടി മേഘ്ന രാജ്. ബ്യൂട്ടിഫുള്ളെന്ന അനൂപ് മേനോൻ സിനിമയിലൂടെയാണ് മേഘ്ന രാജ് മലയാള സിനിമയിൽ ക്ലിക്കായത്.
യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മലയാളം സിനിമകൾ മേഘ്ന ചെയ്ത് തുടങ്ങിയത്. പിന്നീട് മാഡ‍് ഡാഡ്, മെമ്മറീസ് പോലുള്ളവയിലും നടി അഭിനയിച്ചു. മേഘ്നയുടെ സിനിമാ സുഹൃത്തുക്കൾ ഏറെയും മലയാളത്തിൽ നിന്നുള്ളവരാണ്.
വിവാഹത്തോടെയാണ് മലയാള സിനിമയിൽ മേഘ്നയെ കാണാതായത്. ഇപ്പോൾ കന്നടത്തിൽ ടെലിവിഷൻ ഷോകളും അഭിനയവുമായി സജീവമാണ് മേഘ്ന. നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയെ വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പക്ഷെ വിവാഹ ജീവിതം അധികകാലം നീണ്ടുനിന്നില്ല.
ആദ്യത്തെ കൺമണിക്കായി ചിരുവും മേഘ്നയും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചിരുവിനെ മരണം തട്ടിയെടുത്തത്. അന്ന് അഞ്ച് മാസത്തോളം ഗർഭിണിയായിരുന്നു മേഘ്ന. പിന്നീടങ്ങോട്ട് മേഘ്നയുടെ ജീവിതം കടുപ്പമേറിയതായിരുന്നു.

തന്നെ വിട്ട് ചിരു എങ്ങും പോയിട്ടില്ലെന്നും തന്റെ മകനായി വീണ്ടും പുനർജനിക്കുമെന്നും മേഘ്ന വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മേഘ്നയ്ക്ക് ആൺകുഞ്ഞാണ് പിറന്നത്. മകന്റെ ജനനശേഷമാണ് മേഘ്ന വീണ്ടും ജീവിതത്തിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും മേഘ്ന ചിരുവിന്റെ ഫോട്ടോ അടക്കം കൈയ്യിൽ കരുതിയിരുന്നു.
ഇപ്പോഴിത ഏകമകന്റെ പുതിയ കാൽവെപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന രാജ്. മകൻ ആദ്യമായി സ്കൂളിൽ പോയതിന്റെ സന്തോഷമാണ് മേഘ്ന പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'നമ്മള്‍ പേരന്റ്സായി കഴിഞ്ഞാല്‍ കുട്ടികള്‍ മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്‌പെഷ്യലാണ്. രായൻ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിങ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാല്‍വെപ്പാണ്. നിങ്ങള്‍ എല്ലാവരുടേയും പ്രാര്‍ത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം', എന്നാണ് മകനേയും എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ച് മേഘ്‌ന കുറിച്ചത്.
അച്ഛനില്ലാതെ മകനെ വളർത്തുന്നതിനെ കുറിച്ചും മേഘ്ന പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. 'സിംഗിള്‍ പേരന്റിങിൽ അവന്‍ എത്രത്തോളം സന്തോഷവാനാണെന്നറിയില്ല. അമ്മയുടേയും അച്ഛന്റേയും റോളുകള്‍ തനിച്ചാണ് ചെയ്യുന്നത്. പെര്‍ഫെക്ട് അമ്മയാവുമെന്ന കാര്യത്തില്‍ സംശയമില്ല', എന്നാണ് മുമ്പൊരിക്കൽ താരം പറഞ്ഞത്.

മേഘ്നയ്ക്ക് മകൻ പിറന്നപ്പോൾ കാണാനായി നസ്രിയയും ഫഹദും അടക്കമുള്ള താരങ്ങൾ ബാംഗ്ലൂരിൽ പോയിരുന്നു. നസ്രിയ മേഘ്നയുടെ ഉറ്റ ചങ്ങാതിയാണ്. ഇടയ്ക്ക് മേഘ്നയുടെ രായനൊപ്പം സമയം ചിലവഴിക്കാൻ നസ്രിയ പോകാറുണ്ട്.
മേഘ്നയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേർ മേഘ്നയ്ക്കും മകനും ആശംസകൾ നേർന്ന് എത്തി. പലരും ജൂനിയർ ചിരുവെന്നാണ് രായൻ സർജയെ വിശേഷിപ്പിച്ചത്. നിങ്ങളുടെ മുഖത്തെ പുഞ്ചിരിയിലുണ്ട് എല്ലാം. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നായിരുന്നു കമന്റുകള്‍.
മകനൊപ്പം യാത്രകൾ നടത്തുന്നതിന്റേയും വ്യായാമം ചെയ്യുന്നതിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മേഘ്ന ഏക മകളാണ്. 2020ലാണ് ഹൃദയാഘാതം മൂലം ചിരു മരിച്ചത്. 2018ലായിരുന്നു മേഘ്ന-ചിരു വിവാഹം. ചിരുവിന്റെ വേർപാട് അറിഞ്ഞപ്പോൾ താൻ ആദ്യം ചിന്തിച്ചത് തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ കുറിച്ചാണെന്നാണ് മേഘ്ന ഒരിക്കൽ പറഞ്ഞത്.
'ഈ കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. അതെല്ലാം ഞാൻ ഉൾക്കൊണ്ടിട്ടില്ല. ആദ്യം മനസിൽ വന്നത് എനിക്കൊരു കുഞ്ഞുണ്ട്... അതിനെ സംരക്ഷിക്കണം എന്നതാണ്. ഒരമ്മയെന്ന നിലയിൽ എന്റെ ആദ്യ ഉത്തരവാദിത്തം അതായിരുന്നു', എന്നാണ്. ഇപ്പോൾ മകനാണ് മേഘ്നയുടെ എല്ലാമെല്ലാം...


Click it and Unblock the Notifications