'ഇവയെല്ലാം ഏറെ പ്രിയപ്പെട്ടതാണ്... ചിരുവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എല്ലാം'; പുതിയ വീഡിയോയുമായി മേഘ്ന!
2020ൽ സിനിമ ലോകത്ത് നിന്ന് വന്ന ഏറ്റവും സങ്കടകരമായ വാർത്ത നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അകാല മരണമായിരുന്നു. കൊവിഡ് കാലത്ത് ഹൃദയാഘാതം മൂലമാണ് ചിരു അന്തരിച്ചത്. ദാമ്പത്യ ജീവിതം രണ്ട് വർഷം പിന്നിടുമ്പോൾ ഉണ്ടായ ഭർത്താവിന്റെ വിയോഗം മേഘ്നയെ മാനസീകമായി തളർത്തിയിരുന്നു. മാത്രമല്ല ആ സമയത്ത് അഞ്ച് മാസം ഗർഭിണിയുമായിരുന്നു താരം.
ഹൃദയാഘാതം സംഭവിച്ച ഉടൻ തന്നെ ചിരുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചിരുവിന്റെ സംസ്കാര ചടങ്ങിന് എത്തിയവരുടെ എല്ലാം ഹൃദയം പിളർത്തിയത് കരഞ്ഞ് തളർന്ന് അവശയായ മേഘ്നയുടെ മുഖമായിരുന്നു. ഭർത്താവിന്റെ വേർപാട് സംഭവിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും അതിൽ നിന്നും പൂർണമായി മുക്തയായിട്ടില്ല മേഘ്ന.

മകൻ രായൻ സർജ ചിരുവിന്റെ പ്രതിരൂപമായി എന്നേക്കും തനിക്കൊപ്പമുണ്ടെന്നത് മാത്രമാണ് മേഘ്നയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു മേഘ്നയുടെയും ചിരുവിന്റെയും വിവാഹം. രായൻ സർജയെയാണ് തങ്ങളുടെ ചിരുവായി ആരാധകർ പോലും കാണുന്നതും സ്നേഹിക്കുന്നതും. മനസിന്റെ വിഷമം അകറ്റാൻ വേണ്ടി ചിരുവിന്റെ വേർപാടിനുശേഷം മേഘ്ന യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.
തന്റെയും മകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് മേഘ്ന യുട്യൂബ് ചാനലിലൂടെ ഏറെയും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ മേഘ്ന ഏറ്റവും പുതുതായി പങ്കുവെച്ചത് വാർഡോബ് ടൂർ വിശേഷങ്ങളാണ്. അലമാരയിലെ തന്റെ പ്രിയപ്പെട്ട വസ്ത്രങ്ങൾ ഒരോന്നായി മേഘ്ന വീഡിയോയിൽ കാണിക്കുന്നുണ്ട്.
അവയിൽ ഓരോന്നിനെ കുറിച്ച് സംസാരിക്കുമ്പോഴും പഴയ ഓർമകളിലേക്ക് പോയി മേഘ്ന ഇമോഷണലാകുന്നുണ്ടായിരുന്നു. കാരണം മേഘ്നയുടെ ഓരോ വസ്ത്രത്തിനും ചിരുവുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥയുണ്ടാകും എന്നതാണ്. 'എന്റെ സാരികളുടെ കൂട്ടത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഗോൾഡൻ കളറിലുള്ള സാരിയാണ്. ഇത് അനിയന്റെ വിവാഹത്തിന് വേണ്ടി വാങ്ങിയ സാരിയായിരുന്നു.'
'ചിരു അന്ന് ഗോൾഡൻ കളർ ഷർട്ട് ഇടാൻ തീരുമാനിച്ചതുകൊണ്ട് ഞാനും മാച്ച് ആകാൻ വേണ്ടി കഷ്ടപ്പെട്ട് തപ്പി കണ്ടുപിടിച്ചു വാങ്ങിയതാണ് ഈ ഗോൾഡൻ കളർ സാരി. എന്റെയും ചീരുവിന്റെയും മാച്ചിങ് ഡ്രെസിലുള്ള ആ ഫോട്ടോകൾ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്', മേഘ്ന പറയുന്നു. പിന്നീട് ഗർഭിണിയായിരുന്ന സമയത്ത് സീമന്തം ചടങ്ങ് നടത്തിയപ്പോൾ ധരിച്ചിരുന്ന സാരിയാണ് മേഘ്ന കാണിച്ചത്.

സീമന്തം ചടങ്ങിൽ ഭർത്താവ് ചിരുവിന്റെ ചിത്രത്തിന് ഒപ്പം ഇതേ സാരിയുടുത്ത് നിൽക്കുന്ന മേഘ്നയുടെ ഫോട്ടോ ആരാധകർക്ക് സുപരിചിതമാണ്. ശേഷം വിവാഹ സമയത്ത് ചിരു ധരിച്ചിരുന്ന ബ്ലേസറിന്റെ സെയിം കളറിലുള്ള ഒരു സാരിയാണ് മേഘ്ന കാണിക്കുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ സാരി. ഞങ്ങളെ രണ്ടുപേരെയും ഈ ഡ്രെസ്സിൽ കാണാൻ വളരെ ഭംഗി ആയിരുന്നുവെന്നും വീഡിയോയിൽ മേഘ്ന പറയുന്നുണ്ട്.
പിന്നീട് ചിരുവിന്റെ ബ്ലേസറിന്റെ സെയിം പാറ്റേണിൽ മകന് വേണ്ടി ചെയ്യിപ്പിച്ച ഡ്രെസും മേഘ്ന വീഡിയോയിൽ കാണിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിരുവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓർമകൾ എണ്ണി പെറുക്കി സംസാരിക്കുന്ന മേഘ്നയെ കാണുമ്പോൾ കണ്ണുകൾ നിറയുന്നുവെന്നാണ് കമന്റുകൾ.


Click it and Unblock the Notifications











