പത്തില്‍ പഠിക്കുമ്പോള്‍ തന്നെക്കാളും 14 വയസ് കൂടുതലുള്ള ആള്‍ വിവാഹാലോചനയുമായി വന്നു; ആ കഥ പറഞ്ഞ് മേനക
വേറിട്ട നായിക വേഷത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് മേനക. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പേരിലാണ് നടി അറിയപ്പെടുന്നത്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോ യില്‍ മേനക പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ രസകരമായ ചില ചോദ്യങ്ങള്‍ക്ക് അതുപോലെയുള്ള മറുപടി നടി കൊടുക്കുകയും ചെയ്തു. അത്തരത്തില്‍ തനിക്ക് വന്ന വിവാഹാലോചനയെ പറ്റി മേനക പറഞ്ഞതിങ്ങനെയാണ്..
മേനകയെക്കാളും പന്ത്രണ്ട് വയസ് കൂടുതലുള്ള മിലിറ്ററിക്കാരനുമായി നല്ലൊരു കല്യാണാലോചന വന്നിരുന്നില്ലേ എന്നാണ് അവതാരകന്‍ ചോദിച്ചത്...
അതെങ്ങനെയാണ് നല്ല കല്യാണമാവുക എന്ന് നടി തിരിച്ച് ചോദിച്ചു. പത്താം ക്ലാസൊക്കെ കഴിഞ്ഞതിന് ശേഷം എന്നെ കല്യാണം കഴിപ്പിച്ച് കൊടുക്കാമെന്ന് അപ്പച്ചിയുടെ ഭര്‍ത്താവാണ് പറയുന്നത്. അച്ഛനും അമ്മയും ബിഎയും ബിടിയും ഒക്കെ പഠിച്ച കണക്ക് ടീച്ചേഴ്‌സാണ്. പക്ഷേ അപ്പച്ചിയുടെ ഭര്‍ത്താവ് എനിക്ക് കല്യാണാലോചനയുമായി വന്നു. നല്ലൊരു ബന്ധമാണ്, അദ്ദേഹം മിലിറ്ററി ഓഫീസറാണ്.

എന്നെക്കാള്‍ പന്ത്രണ്ടോ പതിനാലോ വയസിന് മൂത്തയാളാണ്. അവരെ കല്യാണം കഴിക്കണമെന്ന് പറഞ്ഞെങ്കിലും എനിക്കത് ഇഷ്ടമായിരുന്നില്ല. എനിക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ആ ബന്ധം ഇഷ്ടപ്പെട്ടില്ല. ആ സമയത്താണ് എന്റെ സിനിമയിലേക്കുള്ള കരിയര്‍ തുടങ്ങുന്നതെന്ന് മേനക പറയുന്നു.
സിനിമയിലേക്ക് താന്‍ തീരുമാനിച്ച് വന്നതല്ല. സയന്‍സ് ഇഷ്ടമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പതിനൊന്നില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്കുള്ള ഈ ഓഫര്‍ വരുന്നത്. അമ്മ ടീച്ചറായിരുന്നു. അമ്മ സ്‌കൂളില്‍ ഷേക്‌സ്പീയറിന്റെ നാടകങ്ങളൊക്കെ ചെയ്തിരുന്നു. അങ്ങനെ ടാലന്റുള്ള ആളാണ് അമ്മയെന്ന് നടി പറയുന്നു.
അമ്മയുടെ ഒരു വിദ്യാര്‍ഥിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ വന്നപ്പോള്‍ സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നതിനെ പറ്റി പറഞ്ഞത്. അതിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചു. സിനിമയുമായി യാതൊരു ബന്ധമില്ലെന്ന് അച്ഛന്‍ പറഞ്ഞു. എന്നാല്‍ സിനിമയെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍സൈക്ലോപീഡിയ ആണ് അമ്മ.

ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമയും അമ്മ കാണും. എന്നെ അഭിനയിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് പോയത്. പക്ഷേ ആദ്യം പറഞ്ഞ സിനിമ നടന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് എടുക്കുന്ന സിനിമയിലേക്ക് എന്നെ നിര്‍ദ്ദേശിച്ചു. അന്ന് ആയിരം രൂപ അഡ്വാന്‍സ് ആയി തന്നു. പിന്നെ എന്റെ പേര് മാറ്റണമെന്ന് പറഞ്ഞു.
പത്മാവതി എന്നാണ് സ്‌കൂളിലെ പേര്. അമ്മയുടെ പേര് കൂടി ചേര്‍ത്ത് ആര്‍എസ് പത്മാവതി എന്നാക്കി. വീട്ടില്‍ കൃഷ്ണ കുമാരി എന്ന പേരും. ഇതെല്ലാം മാറ്റി പുതിയ പേര് വെക്കാമെന്ന് പറഞ്ഞ് മേനക എന്നാക്കി. ശ്രീ, ജയ എന്നിങ്ങനെ പല പേരുകളും ഉള്ളത് കൊണ്ട് സിംഗിള്‍ പേരായ മേനക എന്ന് വെച്ചതായിട്ടും നടി പറയുന്നു.


Click it and Unblock the Notifications











