ചൈൽഡിഷ് പെരുമാറ്റം, ഒരു ജോലിയും അറിയില്ല, അദ്ദേഹമായതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു, എന്നേയും മകനേയും വളർത്തി!
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മോഹിനി. വെള്ളാരം കണ്ണുകളുമായി ചെറിയ പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയ താരം മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയം വിട്ട താരം അമേരിക്കയിലാണ് ഇപ്പോൾ താമസം. ബിസിനസുകാരനായ ഭരതാണ് നടിയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഇപ്പോഴിതാ വളരെ നേരത്തെയുള്ള വിവാഹവും കുഞ്ഞിന്റെ ജനനവും തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി.
കേടാകാതിരിക്കാൻ പാലും തൈരുമെല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന വിവരം പോലും വിവാഹം കഴിഞ്ഞ സമയത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. ദാമ്പത്യ ജീവിതത്തിനായി പെൺകുട്ടികളെ തയ്യാറാക്കുന്ന രീതി ഞങ്ങളുടെ കൾച്ചറിൽ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ പാലെടുത്ത് ഫ്രിഡ്ജിൽ വെക്കണം കേടാകാതിരിക്കാൻ എന്ന ബോധം പോലും എനിക്കുണ്ടായിരുന്നില്ല. ജോലിക്കാരി ഒരു ദിവസം വന്നില്ലെങ്കിൽ അടുത്ത ദിവസമാകുമ്പോഴും കിച്ചൺ നാശമായി കിടക്കുന്നുണ്ടാകും. അതുകണ്ട് ആരാണ് നിങ്ങളെ കല്യാണം കഴിപ്പിച്ച് അയച്ചത് എന്നൊക്കെ ജോലിക്കാരി പിറുപിറുത്ത് പറയുമായിരുന്നു. ഇരുപത്തിരണ്ട് വയസിൽ വിവാഹിതയായി.
ഇരുപത്തിമൂന്നിൽ കുഞ്ഞും പിറന്നു. കുഞ്ഞ് കരഞ്ഞാൽ ഞാനും ഒപ്പമിരുന്ന് കരയും. പാല് കൊടുത്തോ, ഡയപ്പർ മാറ്റിയോ, വയറുവേദനയാകുമോ, വെള്ളം കൊടുത്തോ ഇത് മാത്രമാണ് കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ. അതിന് അപ്പുറം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് എങ്ങനെ പരിഹരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
കുഞ്ഞ് കരയുമ്പോൾ അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഞാൻ അമ്മയെ വിളിച്ച് കരയും. താരാട്ട് പാട്ടും ഉറക്കണ്ട രീതിയും അമ്മ പറഞ്ഞ് തരും. അത് ഞാൻ അതേപടി ചെയ്യും. കല്യാണം എന്നത് ഈസിയായ കാര്യമല്ല. മാനസീകമായും ശാരീരികമായും സാമ്പത്തികമായും അതിന് വേണ്ടി തയ്യാറെടുക്കണം. ഞാൻ ഒരുപാട് കാലമെടുത്തതാണ് എല്ലാം പഠിച്ചത്.
ഭരതിനെ അറിയിക്കാതെയാണ് തുടക്കത്തിൽ ഞാൻ പല കാര്യങ്ങളും ചെയ്തിരുന്നത്. എന്തുകൊണ്ട് എന്നോട് പറഞ്ഞില്ലെന്ന് അദ്ദേഹം ചോദിക്കുമ്പോൾ ഞാൻ എന്തിന് ഇതൊക്കെ നിങ്ങളോട് പറയണം എന്ന ചിന്തയാണ് എനിക്ക് ആദ്യം വന്നിരുന്നത്. പിന്നെ ഞാൻ മനസിലാക്കി അമ്മയും അച്ഛനും എല്ലാം പരസ്പരം കാര്യങ്ങൾ പങ്കുവെയ്ക്കുമായിരുന്നു ചർച്ച ചെയ്യുമായിരുന്നുവെന്ന്. അങ്ങനെയാണ് ഞാനും ഭരതിനോട് എല്ലാം ഷെയർ ചെയ്ത് തുടങ്ങിയത്.

അദ്ദേഹവും ഞാനും തമ്മിൽ ഏഴ് വയസ് വ്യത്യാസമുണ്ട്. വളരെ ക്ഷമയുള്ള വ്യക്തിയാണ്. അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി. വേറാരെങ്കിലും ആയിരുന്നുവെങ്കിൽ എന്റെ തലയിൽ കല്ലെടുത്ത് ഇടുമായിരുന്നു. വഴക്കുണ്ടാക്കിയാൽ ഞാൻ ഉടനടി പറയുന്ന കാര്യം എന്റെ അപ്പയോട് പറഞ്ഞ് കൊടുക്കുമെന്നാണ്. എക്സ്ട്രീം ലെവൽ ചൈൽഡിഷ് പെരുമാറ്റമായിരുന്നു എനിക്ക്.
എന്നേയും മകനേയും അദ്ദേഹമാണ് വളർത്തിയതെന്ന് പറയുന്നതാകും ശരി. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അദ്ദേഹമാണ്. വിവാഹശേഷം കരിയറും ഫിനാഷ്യൽ ഫ്രീഡവും എല്ലാം ഞാൻ മിസ് ചെയ്തിരുന്നു. എന്റെ പണം നിന്റേയും കൂടിയാണ്. അതുകൊണ്ട് ഫോർമലായി പെരുമാറേണ്ടതില്ല. ആവശ്യം പോലെ ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുമെങ്കിലും എനിക്ക് ഒരു മടിയാണ്. നല്ലൊരു ഭർത്താവിനെ കിട്ടിയതുകൊണ്ട് ജോലി ചെയ്യാതിരുന്നിട്ടും എന്റെ ഇഷടം പോലെ ജീവിതം കെട്ടിപടുക്കാൻ കഴിഞ്ഞു.
മനസിലാക്കാത്ത ഭർത്താക്കന്മാരുള്ളവർ ദയവ് ചെയ്ത് ജോലി ചെയ്യാതിരിക്കരുത്. കരിയറും ഫിനാഷ്യൽ ഫ്രീഡവും സ്ത്രീകൾക്ക് അത്യാവശ്യ ഘടകമാണെന്നും മോഹിനി പറയുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ വലിയ രീതിയിൽ തന്നെ ബാധിക്കാതിരുന്നതും ഭർത്താവും കുടുംബവും അത്രത്തോളം തന്നെ കെയർ ചെയ്തതുകൊണ്ടാണെന്നും നടി പറയുന്നു.


Click it and Unblock the Notifications

















