രണ്ട് മക്കളെയും ചുമട്ട് പണി എടുത്തും മീൻ പിടിക്കാൻ പോയും വളർത്തി; നൊമ്പരമായി മോളി കണ്ണമാലിയുടെ വാക്കുകൾ
കോമഡി വേഷങ്ങളിലൂടെ ജനപ്രീതി ആർജിച്ച നടി ആണ് മോളി കണ്ണമാലി. ചാള മേരി എന്ന പേരിലാണ് ടെലിവിഷൻ പ്രേക്ഷകർക്ക് മോളി സുപരിചിത. സ്ത്രീധനം എന്ന സീരിയലിൽ മോളി ചെയ്ത ആ വേഷം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് സിനിമകളിലും മോളിക്ക് അഭിനയിക്കാനായി.
അമർ അക്ബർ അന്തോണിയിലാണ് ശ്രദ്ധേയ വേഷം മോളിക്ക് ലഭിച്ചത്. കുറച്ച് നേരം മാത്രമേ സിനിമയിൽ മോളിയുടെ കഥാപാത്രം ഉള്ളൂയെങ്കിലും വന്ന സീനുകളിലെല്ലാം മോളി കണ്ണമാലി സ്കോർ ചെയ്തു. ടുമോറോ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്കും ചുവട് വെക്കാൻ ഒരുങ്ങുകയായിരുന്നു മോളി കണ്ണമാലി.

എന്നാൽ കഴിഞ്ഞ ദിവസമാണ് നടിയെക്കുറിച്ചുള്ള ദുഖകരമായ വാർത്ത പുറത്ത് വന്നത്. അസുഖങ്ങൾ ഗുരുതരമായി മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ സഹിതം സാമൂഹിക പ്രവർത്തക ദിയ സന ആണ് മോളി കണ്ണമാലിയുടെ വിവരം പുറത്ത് വിട്ടത്.
നടിക്ക് വേണ്ടി ദിയ സന സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ദിവസങ്ങളോളം ഐസിയുവിൽ ആയിരുന്നു നടി. ഇപ്പോഴിതാ മോളി കണ്ണമാലിയുടെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. കൈരളി ടിവിയിലെ സ്റ്റാർ റാഗിംഗിൽ പങ്കെടുക്കവെ മോളി കണ്ണമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നടൻ ധർമ്മജനും ഷോയിൽ പങ്കെടുത്തിരുന്നു. ധർമ്മജനെ ലൈനിട്ടോ എന്ന നാദിർഷയുടെ ചോദ്യത്തിന് രസകരമായ മറുപടി ആണ് മോളി കണ്ണമാലി നൽകിയത്. 'ലൈനിട്ടതിന്റെ സമ്പാദ്യമാണ് വീട്ടിലിരിക്കുന്ന രണ്ട് മക്കൾ. ഒരുപാട് കഷ്ടപ്പെട്ട് വളർത്തി'
'ചുമട്ട് പണി എടുത്തും കൂലിപ്പണി എടുത്തും മീൻ പിടിക്കാൻ പോയും വളർത്തി ആളാക്കി. ഇന്ന് അവരുടെ ഇഷ്ടത്തിന് രണ്ട് പെണ്ണുങ്ങളെയും വീട്ടിൽ കൊണ്ട് വന്നു. അവർക്ക് ഈ രണ്ട് പിള്ളേരും ഉണ്ട്. സന്തോഷത്തോടെയും സമാധാനത്തോടെയും പോവുന്നു. അത് അങ്ങേ അറ്റത്തോളം മാത്രം മതി എനിക്ക്'

'അല്ലാതെ എല്ലാവരെയും പോലെ പ്രൗഡിക്ക് നടക്കണമെന്നോ സിനിമാ നടി ആണെന്നോ ഉള്ള സ്വഭാവം ഞാൻ കാണിച്ചിട്ടില്ല. ഞാൻ ആ പഴയ മോളി തന്നെയാണ്. ആ സ്റ്റെെലിൽ ആണ് പോവുന്നത്'
'പുതിയ തീരം സിനിമയിൽ അഭിനയിക്കുമ്പോൾ ധർമ്മജൻ, നിവിൻ പോളി, നമിത തുടങ്ങിയ താരങ്ങളുണ്ട്. എങ്കിലും നമിതയെയോ നിവിൻ പോളിയെയോ ഒന്നും ഞാൻ വിളിക്കാറേ ഇല്ല. ഞാനെന്തിലും കാര്യം സംസാരിക്കണമെന്നുണ്ടെങ്കിൽ വിളിക്കുന്നത് ധർമ്മജനെ ആണ്'

കഴിഞ്ഞ ദിവസം മോളി കണ്ണമാലിയെ ഐസിയുവിൽ നിന്നും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ദിയ സന തന്നെയാണ് ഇക്കാര്യവും അറിയിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മോളി കണ്ണമാലിയെ ആരോഗ്യ പ്രശ്നത്തിലാക്കിയത്. നേരത്തെയും മോളിയുടെ ആരോഗ്യ നില മോശമായിരുന്നു. നടൻ മമ്മൂട്ടി അടക്കമുള്ള താരങ്ങളാണ് മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുക്കാൻ അന്ന് തയ്യാറായി രംഗത്ത് വന്നത്.

ചാർലി, അമർ, അക്ബർ അന്തോണി, ഷെർലക് ടോംസ്, ധമാക്ക തുടങ്ങിയ സിനിമകളാണ് മോളി കണ്ണമാലിയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. അസുഖം ഭേദമായി നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന പ്രാർത്ഥനയിൽ ആണ് പ്രേക്ഷകർ.


Click it and Unblock the Notifications