'മരണക്കിടക്കയിലായിരുന്നപ്പോൾ സഹായിച്ചത് ബാല'; നന്ദി അറിയിക്കാൻ ഓടിയെത്തി മോളി കണ്ണമാലി, വീഡിയോ വൈറൽ!
തന്നെ കാണാൻ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
നടൻ, സംവിധായകൻ എന്നതിലുപരി ബാല എന്ന താരം നിരവധി സന്നദ്ധപ്രവർത്തനങ്ങൾ നിർധനരായ സിനിമാ താരങ്ങൾക്കും സാധാരണ ആളുകൾക്കുമായി ചെയ്ത് കൊടുക്കാറുണ്ട്. താൻ ചെയ്യുന്ന ചാരിറ്റികളെ കുറിച്ച് തന്റെ പ്രേക്ഷകർക്ക് കൃത്യമായ വിശദീകരണവും ബാല നൽകാറുണ്ട്.
ബാലയെ കണ്ട് സഹായം അഭ്യർഥിച്ചവരൊന്നും വെറും കൈയ്യോടെ മടങ്ങിയിട്ടില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ മോളി കണ്ണമാലി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു പ്രേക്ഷകർക്കിടയിൽ ചാള മേരി എന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി. നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു.
മോളിയ്ക്ക് വേണ്ടി സഹായം അഭ്യർഥിച്ച് കൊണ്ട് സിനിമാ, സീരിയൽ താരങ്ങൾ രംഗത്ത് വരികയും ചെയ്തിരുന്നു. ശ്വാസ തടസത്തെ തുടർന്നാണ് മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.
പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടർന്ന് വീട്ടിൽ ബോധം കെട്ട് വീണതിന് പിന്നാലെയാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിത അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി. ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ താരത്തെ പണം നൽകി സഹായിച്ചവരിൽ ഒരാൾ നടൻ ബാലയാണ്.
തന്നെ അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയുകയുമാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടൻ മോളി കണ്ണമാലി ചെയ്തത്.
തന്നെ കാണാൻ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. 'ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങല്ല. ഇത് ചാള മേരി. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നല്ല കോമഡി ചെയ്തിരുന്നു.'
'മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടേയും സ്നേഹവും പ്രാർഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു.'

'അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. നമ്മൾ എല്ലാവരും ജനിക്കുമ്പോൾ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോൾ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റും. ഇത് ഞാൻ തരുന്നത് ആശുപത്രി ചിലവിനും മറ്റ് ചിലവുകൾക്കും വേണ്ടിയാണ്.'
'കലാകാരൻ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവർ ആളുകൾക്കുള്ളിൽ ജീവിച്ചിരിക്കും' എന്നാണ് മോളി കണ്ണമാലിയെ അസുഖം ബേധമായി കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ച് ബാല പറഞ്ഞത്.
മോളി കണ്ണമാലിയും ബാലയുടെ നന്മയെ കുറിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. 'എനിക്ക് വേറെ ആഗ്രഹങ്ങൊന്നുമില്ല. മരണം ശരിക്കും ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.'
'ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്... എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.'
'കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ഓടി വന്നു... അപ്പോൾ ബാല സാർ സഹായിച്ചു.'
'ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എനിക്കും ബാലയ്ക്കും ആഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്' മോളി കണ്ണമാലി പറഞ്ഞു. നിത്യചിലവിനും ചികിത്സയ്ക്കുമായി ചെറിയ തുകയുടെ ചെക്ക് ബാല കൈമാറുന്നതും വീഡിയോയിൽ കാണാം.


Click it and Unblock the Notifications