'ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതെല്ലാം ആ കുടുംബത്തിന് ലക്ഷ്മി ചെയ്യുന്നുണ്ട്, ദൈവം മോൾക്ക് ആയുസ് കൊടുക്കട്ടെ'
നടനും സ്റ്റേജ് ആർട്ടിസ്റ്റുമെല്ലാമായ കൊല്ലം സുധിയുടെ വേർപാടിന് ഈ ജൂൺ വരുമ്പോൾ ഒരു വയസാകും. കഴിഞ്ഞ വർഷം മലയാളികൾ കേട്ടതിൽ ഏറ്റവും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു കൊല്ലം സുധി കാർ അപകടത്തിൽ മരിച്ചുവെന്നത്. കോഴിക്കോട് 24 ന്യൂസ് ചാനലിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധി അപകടത്തിൽപെടുന്നത്. ഒപ്പം ബിനു അടിമാലി, മഹേഷ് മിമിക്സ് തുടങ്ങിയ കലാകാരന്മാരും വാഹനത്തിലുണ്ടായിരുന്നു.
മറ്റുള്ളവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. ഇപ്പോൾ എല്ലാവരും തിരികെ ജീവിതത്തിലേക്ക് വന്ന് കഴിഞ്ഞു. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അംഗമായ ശേഷമാണ് കൊല്ലം സുധി കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായത്. സ്റ്റാർ മാജിക്കിലെ മിന്നും താരമായതുകൊണ്ട് തന്നെ പലപ്പോഴും തന്റെ ഭാര്യയേയും മക്കളേയും കൊല്ലം സുധി പ്രോഗ്രാമിൽ കൊണ്ടുവരികയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

കൊല്ലം സുധി ഇല്ലാതായതോടെ രേണുവും മക്കളും അനാഥരെപ്പോലെയായി. ആരൊക്കെയുണ്ടെങ്കിലും സുധിച്ചേട്ടന്റെ വിടവ് നികത്താനോ അദ്ദേഹം തരുന്ന സന്തോഷം തരാനോ ആർക്കും ഇനി സാധിക്കില്ലെന്നാണ് ഭാര്യ രേണു സുധിയെ കുറിച്ച് പറയാറുള്ളത്. സുധിയുടെ മരണശേഷം രേണുവിന്റെയും മക്കളുടെയും എല്ലാ ആവശ്യങ്ങളും കണ്ട് അറിഞ്ഞ് ചെയ്യുന്ന ഒരാളാണ് സ്റ്റാർ മാജിക്ക് അവതാരകയായ ലക്ഷ്മി നക്ഷ്ത്ര.
ഇക്കഴിഞ്ഞ ക്രിസ്മസിന് കൈ നിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി രേണുവിനെയും മക്കളേയും കാണാൻ എത്തിയത്. അതിന്റെ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ ലക്ഷ്മി പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ വലിയ വിമർശനമാണ് ലക്ഷ്മിക്ക് നേരിടേണ്ടി വന്നത്. അയ്യായിരം രൂപയുടെ സാധനം വാങ്ങികൊടുത്ത് അത് വീഡിയോയാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നായിരുന്നു ഏറെയും വിമർശനം.
എന്നാൽ സുധിയുടെ ഭാര്യ രേണുവിന് ലക്ഷ്മി തങ്ങളെ വിറ്റ് കാശാക്കുന്നുവെന്ന് ആളുകൾ വിമർശിക്കുന്നതിനോട് എതിർപ്പാണ്. തന്റെയും മക്കളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ലക്ഷ്മി ചെയ്യുന്നതെന്ന് എപ്പോഴും രേണു പറയാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി സുധിയുടെ കുടുംബത്തിന് ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് തനിക്കും അറിവുള്ളതാണെന്ന് പറയുകയാണ് നടി മോളി കണ്ണമാലി.
ഒരു മനുഷ്യന് ചെയ്ത് കൊടുക്കാൻ പറ്റുന്നതെല്ലാം ആ കുടുംബത്തിന് ലക്ഷ്മി ചെയ്യുന്നുണ്ടെന്നാണ് മോളി കണ്ണമാലി പറഞ്ഞത്. 'നല്ലൊരു മനസിന്റെ ഉടമയാണ് ലക്ഷ്മി. അത് ഞാൻ ആരുടെ മുമ്പിലും പറയും. കാരണം അവൾ ആ കുടുംബത്ത് പോയി അവരെ സഹായിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ദൈവം ലക്ഷ്മിക്ക് മോൾക്ക് നല്ല ആയുസ് കൊടുക്കട്ടെ. എനിക്ക് അത്രയെ പ്രാർത്ഥിക്കാനുള്ളു.'

'ഒരു മനുഷ്യന് ചെയ്ത് കൊടുക്കാൻ പറ്റുന്നതെല്ലാം ഇന്നും ആ കുടുംബത്തിന് വേണ്ടി ലക്ഷ്മി ചെയ്യുന്നുണ്ട്. എന്റെ കുഞ്ഞുങ്ങൾ ലക്ഷ്മിയുടെ വീഡിയോ കണ്ട് എനിക്ക് കാണിച്ച് തരികയും പറഞ്ഞ് തരികയുമെല്ലാം ചെയ്യാറുണ്ട്. അതെല്ലാം കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് തന്നെ കണ്ണ് നിറയാറുണ്ട്. അവർക്ക് ചിന്നു ചെയ്ത് കൊടുക്കുന്നതും അവരോടൊപ്പം കൂടുന്നതുമെല്ലാം കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി.'
'മറ്റുള്ളവർക്ക് തോന്നാത്ത സ്നേഹവും ലാളനയുമെല്ലാം മോള് അവരോട് കാണിക്കുന്നുണ്ട്. അത് എന്നും നിലനിന്ന് പോട്ടെ. അതിനുള്ള ആരോഗ്യം ഈശ്വരൻ അവൾക്ക് കൊടുക്കട്ടെ', എന്നാണ് മോളി കണ്ണമാലി പറഞ്ഞത്. മോളിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ഇന്ന് വെക്കാൻ പോകുന്ന ഞണ്ട് കറിക്ക് ഉപ്പ് കൂടാൻ സാധ്യതയുണ്ട് താൻ ഇമോഷണലായാൽ എന്നാണ് ലക്ഷ്മി തമാശയായി പറഞ്ഞത്.
മോളി കണ്ണമാലിയുടെ വീട് സന്ദർശിച്ചതിന്റെ വീഡിയോയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ആ വീഡിയോയിലാണ് ലക്ഷ്മിയെ കാര്യമില്ലാതെ ക്രൂശിക്കുന്നവർക്ക് മനസിലാകാനായി ഇക്കാര്യങ്ങളെല്ലാം മോളി കണ്ണമാലി പറഞ്ഞത്. വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ വളരെ വിരളമായി മാത്രമെ ഇപ്പോൾ മോളി അഭിനയിക്കാറുള്ളു.


Click it and Unblock the Notifications











