'ഞാനും കൂടി ചേർന്നാണ് പുഷ് പുഷ് എന്ന് പറഞ്ഞത്, അവസാനം സ്ട്രക്ചറിൽ എടുത്ത് കിടത്തിയതും ഞാനാണ്'; യുവകൃഷ്ണ!
2015 മുതൽ അഭിനയരംഗത്ത് സജീവമാണ് മൃദുല വിജയ്. കൃഷ്ണതുളസിയെന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖല. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. വിജയകുമാറും റാണിയുമാണ് മാതാപിതാക്കൾ.
ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാർ. 2021 ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹം. കുറച്ച് നാളുകൾക്ക് മുമ്പാണ് ഇരുവർക്കും മകൾ പിറന്നത്. വിവാഹം ഉറപ്പിക്കും മുമ്പ് തന്നെ സ്റ്റാർ മാജിക്ക് ഷോയിൽ ഒരുമിച്ച് പങ്കെടുത്തിട്ടുള്ളത് കൊണ്ട് തന്നെ ഇരുവർക്കും പരസ്പരം പരിചയമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ താരങ്ങൾ ഒരുമിക്കുന്നുവെന്നത് ആരാധകരെയും സന്തോഷിപ്പിച്ച കാര്യമായിരുന്നു. ഗർഭിണിയായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മൃദുല കുഞ്ഞ് പിറന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം തിരികെ അഭിനയത്തിലേക്ക് എത്തി. നടൻ എന്ന ലേബലിലാണ് യുവയ്ക്ക് കൂടുതൽ തിരക്ക്.
ഗർഭകാല വിശേഷങ്ങളും ഡെലിവറി വീഡിയോയുമെല്ലാം മൃദുല തന്റെ യുട്യൂബ് ചാനലായ മൃദ്വ വ്ലോഗ്സ് വഴി ആരാധകരിലേക്ക് എത്തിച്ചിരുന്നു. വിവാഹശേഷം മൃദുലയും യുവയും ആദ്യമായി പങ്കെടുത്ത ഷോ സ്റ്റാർ മാജിക്കായിരുന്നു. ഇപ്പോഴിതാ മകളെയും കൊണ്ട് ഇരുവരും പങ്കെടുത്ത ആദ്യത്തെ ഷോയും സ്റ്റാർ മാജിക്കായി മാറിയിരിക്കുകയാണ്.
ധ്വനി പിറന്നപ്പോൾ മുതൽ സ്റ്റാർ മാജിക്കിൽ നിന്നും ക്ഷണം വന്നിരുന്നുവെന്നും തങ്ങളുടെ ഷൂട്ടിങ് തിരക്കുകളും സ്റ്റാർ മാജിക്ക് ഷൂട്ടിങ് ഡേറ്റും വ്യത്യസ്തമായതുകൊണ്ട് ഒഴിവ് കിട്ടിയിരുന്നില്ലെന്നും അതാണ് ഷോയിലേക്ക് വരാൻ വൈകിയതെന്നും പുതിയ വ്ലോഗിലൂടെ മൃദുലയും യുവയും പറഞ്ഞു. സ്റ്റാർ മാജിക്ക് ഷോ ഷൂട്ടിങ് ദിവസത്തെ വിശേഷങ്ങൾ മനോഹരമായ ഒരു വീഡിയോയാണ് ഇരുവരും പങ്കുവെച്ചത്.
ധ്വനി ആദ്യത്തെ പിറന്നാൾ ആഘോഷിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളു. മകളെയും കൊണ്ടാണ് ഷൂട്ടിങിന് പോകുന്നത് എന്നതുകൊണ്ട് തന്നെ മൃദുലയുടെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.

ഹോട്ടലിൽ നിന്നും വസ്ത്രം മാറി ഒരുങ്ങിയാണ് മൃദുലയും യുവയും സ്റ്റാർ മാജിക്ക് ഷൂട്ടിങ് ഫ്ലോറിലേക്ക് എത്തിയത്. ഷൂട്ട് നടക്കുന്ന സ്ഥലത്ത് അതിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും കുഞ്ഞ് ഉള്ളതിനാൽ റിസ്ക്ക് എടുക്കാൻ സാധിക്കില്ലെന്നും അവളുടെ കാര്യങ്ങളിൽ ബുദ്ധിമുട്ട് വരുമെന്നും മൃദുല വീഡിയോയിൽ വ്യക്തമാക്കി.
ഫ്ലോറിൽ ചെന്നപ്പോൾ മുതൽ ഒരു ബഹളവും വഴക്കും ഉണ്ടാക്കാതെ ബിനു അടിമാലി, നോബി, ശ്രീവിദ്യ, ലക്ഷ്മി നക്ഷ്ത്ര തുടങ്ങി എല്ലാവർക്കും ഒപ്പം ധ്വനി ബേബിയും സഹകരിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. ശാന്തതയുള്ള മിടുക്കി കുട്ടിയാണ് ധ്വനിയെന്നും കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെയെന്നും നടി ഡയാന കുഞ്ഞിനെ കൊഞ്ചിച്ച ശേഷം പറഞ്ഞു.
മകൾ വന്നശേഷം തന്റെ ദിവസം അവളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് മൃദുല ലക്ഷ്മി നക്ഷത്രയോട് വിശേഷങ്ങൾ പങ്കുവെച്ച് പറഞ്ഞത്. മൃദുലയ്ക്കൊപ്പം ലേബർ റൂമിൽ പ്രവേശിപ്പിച്ചപ്പോഴുള്ള അനുഭവം ചോദിച്ചപ്പോൾ യുവ കൃഷ്ണ വളരെ രസകരമായാണ് പ്രതികരിച്ചത്.
'കേറുന്നതിന് മുമ്പ് ഒരുപാട് വീഡിയോയൊക്കെ ഞാൻ കണ്ടിരുന്നു. കാരണം അവിടെ പോയി തലകറങ്ങി വീഴാൻ പാടില്ലല്ലോ. പ്രസവം നടക്കുമ്പോൾ മൃദുലയുടെ തലയുടെ ഭാഗത്താണ് ഞാൻ നിന്നത്. പുഷ് പുഷ് എന്ന് ഞാൻ കൂടി ചേർന്നാണ് പറഞ്ഞത്. പ്രസവശേഷം മൃദുലയെ ലേബർ സ്യൂട്ടിൽ നിന്നും എടുത്ത് സ്ട്രക്ചറിലേക്ക് വെച്ചതും ഞാൻ തന്നെയായിരുന്നുവെന്നും', യുവ കൃഷ്ണ പറയുന്നു.


Click it and Unblock the Notifications