കെട്ടിയോന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്! ഭര്‍ത്താവിന്റെ സ്‌നേഹ സമ്മാനത്തെ കുറിച്ച് നടി മുക്ത
മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്.
മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് കെട്ടിയോന്‍ തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഈ പോസ്റ്റും വാര്‍ത്തകളില്‍ നിറയുകയാണ്.

ഗായിക റിമി ടോമിയും മുക്തയും നാത്തൂന്മാരാണ്. റിമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. അതിനാല്‍ തന്നെ ഈ താരദമ്പതികളെ കുറിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്കും പ്രത്യേക താല്‍പര്യമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും കുടുംബ ജീവിതം ആസ്വദിക്കുകയാണ് മുക്ത. മകള്‍ കിയാരയെ കുറിച്ചുള്ള വിശേഷങ്ങളാണ് കൂടുതലായും പങ്കുവെക്കാറുള്ളത്. മകള്‍ക്കൊപ്പം ടിക് ടോക് വീഡിയോസ് ചെയ്യുന്നത് ഇതിനകം വൈറലാണ്.

ഏറെ കാലമായി ഭര്‍ത്താവിനൊപ്പമുള്ള പോസ്റ്റുകളൊന്നും കാര്യമായി പങ്കുവെക്കാറില്ലായിരുന്നു. ഇതോടെ ഭര്‍ത്താവ് എവിടെയാണെന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം മുഖം കാണിക്കാതെ റിങ്കുവിനൊപ്പമുള്ള ഒരു ഫോട്ടോ മുക്ത പുറത്ത് വിട്ടിരുന്നു. 'എന്റെ മൊട്ടയ്‌ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം പങ്കുവെച്ചത്. ലോക് ഡൗണില്‍ പുറത്ത് പോകാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും മൊട്ട അടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ റിങ്കുവും ഉണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായി.

ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തിയിരിക്കുയാണ് താരം. നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത പോസ്റ്റ് ചെയ്തിരുന്നു. താരദമ്പതിമാരുടെ ഈ സ്‌നേഹത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

2015 ഓഗസ്റ്റിലായിരുന്നു റിങ്കു ടോമിയും മുക്തയും വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ പരമ്പരാഗതമായ വേഷത്തിലായിരുന്നു ഇരുവരുമെത്തിയത്. അങ്ങനെ താരങ്ങളുടെ വിവാഹം ഏറെ തരംഗമായിരുന്നു. റിമി ടോമിയുമായിട്ടുള്ള മുക്തയുടെ സൗഹൃദമായിരുന്നു സഹോദരനുമായിട്ടുള്ള വിവാഹം വരെ എത്തിയത്. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. 'കണ്മണി' എന്ന് വിളിക്കുന്ന താരപുത്രിയുടെ പിറന്നാളും ആദ്യമായി സ്‌കൂളില്‍ പോയതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റിമി ടോമിയും കിയാരയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ ഫോട്ടോസായി പങ്കുവെക്കാറുണ്ട്.

ഒറ്റ നാണയം എന്ന സിനിമയിലാണ് മുക്ത ആദ്യം അഭിനയിക്കുന്നത്. പിന്നാലെ ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമ കേരളത്തില്‍ വലിയ ചര്‍ച്ചയായതോടെ മുക്തയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മുക്തയെ തേടി സിനിമകളെത്തിയിരുന്നു.
മുക്ത പങ്കുവെച്ച പോസ്റ്റ്


Click it and Unblock the Notifications