'ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി, ചേച്ചിയെ സ്നേഹിക്കുന്നു'; നാത്തൂനെ കുറിച്ച് മുക്ത!
മിനിസ്ക്രീൻ പ്രേക്ഷകരുടെയും സിനിമാ പ്രേമികളുടെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മുക്ത. അടുത്തിടെയായി മിനിസ്ക്രീനിൽ മാത്രമല്ല നടി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടി മുക്ത പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു.
അതിനുശേഷം വളരെ കുറച്ച് നാളുകൾക്ക് മുമ്പാണ് മുക്ത വീണ്ടും ക്യാമറകൾക്ക് മുന്നിലേക്ക് എത്തി തുടങ്ങിയത്. അതിന് മുന്നോടിയെന്നോണം മുക്ത സോഷ്യൽ മീഡിയകളിലും മറ്റും സജീവമായി. മകൾ കിയാരയുടെ വിശേഷങ്ങളും പിന്നെ സ്വന്തം വിശേഷങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടായിരുന്നു മുക്തയുടെ സോഷ്യൽ മീഡിയയിലേക്കുള്ള തിരിച്ചുവരവ്. ഭർത്താവ് റിങ്കു ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കുവെക്കാറുണ്ട്.

ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ് റിങ്കു ടോമി. ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്. മുക്തയുടെ മകളും അമ്മയെപ്പോലെ അഭിനയത്തിൽ താൽപര്യമുള്ള കൂട്ടത്തിലാണ്. ഇതുവരെ പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളിൽ കിയാര അഭിനയിച്ച് കഴിഞ്ഞു. റിമി ടോമിക്കൊപ്പവും മിനിസ്ക്രീനിൽ കിയാര പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുക്തയുടെ നാത്തൂനാണ് റിമി എങ്കിലും ഇരുവരും തമ്മിൽ സഹോദരിമാർക്ക് പരസ്പരം ഉണ്ടാകാറുള്ള സ്നേഹവും കരുതലുമാണ് ഉള്ളത്. റിമിയെ കുറിച്ചും മുക്ത വാചാലയാണ്. 'നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെ അല്ല റിമി.'
'ആള് വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു രീതിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്. പത്താം ക്ലാസ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുതെന്ന്.'
'എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷെ ചേച്ചിക്ക് ഞാൻ എപ്പോഴും എൻകേജ്ഡ് ആയിരിക്കുന്നതാണ് ഇഷ്ടം. എന്റെ പ്രിയപ്പെട്ട നാത്തൂനാണ്. എനിക്ക് സംസാരിക്കാൻ കഴിയുന്ന എന്നെ മനസിലാക്കുന്ന ഒരാളാണ്', എന്നാണ് റിമിയെ കുറിച്ച് മുമ്പൊരിക്കൽ മുക്ത പറഞ്ഞത്.

റിമി സമ്മാനമായി നൽകിയ ഫ്ലാറ്റിലാണ് മുക്തയും കുടുംബവും താമസിക്കുന്നത്. ഇപ്പോഴിതാ മുക്ത പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. റിമിക്കൊപ്പമുള്ള മനോഹര ചിത്രമാണ് മുക്ത പങ്കുവെച്ചത്. ബന്ധുവിന്റെ സുവർണ ജൂബിലി ഫങ്ഷന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് മുക്ത പങ്കിട്ടത്.
റിമിയുടെ സഹോദരിയും മക്കളും റിമിയുടെ അമ്മ റാണിയും എല്ലാം മുക്തയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പള്ളിയിൽ നിന്നുള്ള മകളുടെ ചിത്രങ്ങളാണ് ആദ്യം മുക്ത പങ്കിട്ടത്. മാലാഖയെപ്പോലെ ഒരുങ്ങി നിൽക്കുന്ന കൺമണിയുടെ ചിത്രങ്ങൾ കണ്ട് മകളുടെ ആദ്യ കുർബാനയാണോ എന്ന ചോദ്യമാണ് ഏറെയും ആരാധകർക്ക് ഉണ്ടായ സംശയം.
'എന്റെ ചേച്ചി എന്ത് ക്യൂട്ട് ആണെന്നോ. ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി... ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുവെന്നാണ്', റിമിയെ കുറിച്ച് മുക്ത കുറിച്ചത്. ഇരുവരും വളരെ സുന്ദരികളായാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.
മകളെ അഭിനയിത്തിലേക്ക് കൊണ്ടുവരാൻ മുക്തയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിമിയാണ്. കൺമണിയും അമ്മയെപ്പോലെ അസൽ നടിയാണെന്നാണ് റിമി പറയാറുള്ളത്. റിമിയുടെ വ്ലോഗിലെ സ്ഥിരം സാന്നിധ്യമാണ് കൺമണി. അടുത്തിടെ ഒരു റിയാലിറ്റിഷോയിൽ റിമിക്കൊപ്പം കൺമണി അതിഥിയായി വന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











