നടി മുത്തുമണി അമ്മയാവുന്നു; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതിമാര്‍, നിറവയര്‍ ചിത്രവുമായി ഭര്‍ത്താവ്
ഗര്‍ഭകാലം ആസ്വദിക്കുന്ന നടിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ലോക്ഡൗണ്‍ കാലത്ത് ഏറെയും വൈറലായത്. ബോളിവുഡിലെ പ്രമുഖ നടിമാര്‍ മുതലിങ്ങോട്ട് നിരവധി താരസുന്ദരിമാരാണ് ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മുത്തുമണിയും ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി മുത്തുമണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് താരകുടുംബത്തിലെ പുതിയ വിശേഷത്തെ കുറിച്ച് പുറംലോകം അറിയുന്നത്. ഇതോടെ ഇരുവര്‍ക്കും ആശംസകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തുകയാണ്.

നടി മുത്തുമണിയുടെ നിറവയര്‍ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അരുണ്‍ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്. 'ഞങ്ങള്‍' എന്ന് മാത്രമേ ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളു എങ്കിലും അതില്‍ നിന്നും എല്ലാം വ്യക്തമാവുന്നതാണ്. അരുണിനും മുത്തുമണിയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ട് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം എത്തി. കൂടുതല്‍ വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്.
അഭിഭാഷക കൂടിയായിരുന്ന മുത്തുമണി 2006 ലാണ് സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രം രസതന്ത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. നാടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തുമണി പിന്നീട് ബിഗ് സ്‌ക്രീനില്‍ ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മുത്തുമണിയെ പോലെ നാടക രംഗത്ത് നിന്നുമാണ് അരുണും സിനിമയിലേക്ക് എത്തുന്നത്.
അധ്യാപകന്‍ കൂടിയായ അരുണ്‍ ഫൈനല്‍സ് എന്ന സിനിമ സംവിധാനം ചെയ്ത് പുതിയൊരു ചുവടുവെപ്പ് നടത്തിയിരുന്നു. നെല്ലിക്ക എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് അരുണ്‍ വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. മുത്തുമണി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ 2006 ല്‍ തന്നെയാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് കുഞ്ഞതിഥി ജനിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.


Click it and Unblock the Notifications











