'അവരാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് എന്റേത്'; മൈഥിലി പറയുന്നു!
ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയ നടിയാണ് മൈഥിലി. നൂറ് സിനിമകളൊന്നും വേണ്ട മൈഥിലിയെ മലയാളികൾ ഓർക്കാൻ. പലേരി മാണിക്യം എന്ന സിനിമയെ കുറിച്ച് കേട്ടാൽ തന്നെ സിനിമാപ്രേമികളുടെ മനസിലേക്ക് മൈഥിലിയുടെ മുഖം ഓടിവരും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് അത് മൈഥിലിയായി മാറ്റിയത്. പത്തനംത്തിട്ട കോന്നിയിൽ നിന്നാണ് മലയാള സിനിമയിലേക്ക് മൈഥിലി എത്തിയത്.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിങ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ. വിവാഹിതയായ താരം ഇപ്പോൾ ഒരു ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ്.

വിവാഹിതയായി കുടുംബജീവിതം ആരംഭിച്ചശേഷം മൈഥിലി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഈ വർഷം ആദ്യമാണ് മൈഥിലിക്ക് കുഞ്ഞ് പിറന്നത്. നീൽ സമ്പത്ത് എന്നാണ് മകന് താരം പേര് നൽകിയിരിക്കുന്നത്. 2022 ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സിനിമയിൽ വന്നശേഷം ചില വിവാദങ്ങളിൽ ഉൾപ്പെട്ടും വാർത്തകളിൽ നിറഞ്ഞിരുന്നു മൈഥിലി. മകന്റെ ചിത്രങ്ങളും കുടുംബവിശേഷങ്ങളും പുത്തൻ ഫോട്ടോകളുമെല്ലാം സോഷ്യൽമീഡിയ വഴി ആരാധകർക്കായി മൈഥിലി പങ്കിടാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെയുള്ള സ്റ്റാര്‍ മാജിക്ക് ഷോയില്‍ മൈഥിലി അതിഥിയായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഭർത്താവ് സമ്പത്തിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെയാണ് ഷോയിൽ വെച്ച് മൈഥിലി സംസാരിച്ചത്. സമ്പത്തിനെപോെലാരു ഭർത്താവിനെയും അരുമയായൊരു കുഞ്ഞിനേയും ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് മൈഥിലി പറയുന്നത്.
മൈഥിലിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'എനിക്കൊരു നല്ല ഭര്‍ത്താവിനെയും അരുമയായിട്ടുള്ളൊരു കുഞ്ഞിനെയും കിട്ടി. അത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് ബ്രൈറ്റി. ഞാന്‍ ഭാവിയില്‍ തിളങ്ങിയേക്കുമെന്ന് അവര്‍ക്ക് മനസിലായെന്ന് തോന്നുന്നു. സിനിമയിലെത്തിയപ്പോഴാണ് ഞാന്‍ മൈഥിലിയായത്.'

'രഞ്ജിത്ത് സാറാണ് പേര് മാറ്റിയത്. ബ്രൈറ്റി എന്ന പേര് നോര്‍മ്മല്‍ ഓഡിയന്‍സിന് അത്ര പെട്ടെന്ന് മനസിലാവില്ലല്ലോ. ഈയൊരു ഷോയുടെ ഭാഗമാവാന്‍ വേണ്ടി വന്നപ്പോഴാണ് ഞാന്‍ കുഞ്ഞിനെ വിട്ട് ആദ്യമായി മാറിനില്‍ക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഞാന്‍ വിളിച്ച് നോക്കുന്നുണ്ട്. എന്നെ കണ്ട് കഴിഞ്ഞാല്‍ അവന്‍ കരഞ്ഞ് തുടങ്ങും. ഞാന്‍ വീഡിയോ കോള്‍ ചെയ്യാതെയിരിക്കുകയാണ്.'
'മോന് ഇപ്പോള്‍ പത്ത് മാസമായി. നീല്‍ സമ്പത്ത് എന്നാണ് പേര്. നീലന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. അമ്മ റോളിലേക്ക് മാറിയപ്പോള്‍ ക്ഷമ കൂടുതലായി. നേരത്തെയൊക്കെ എനിക്കൊരു ടൈം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അവന്റെ റൂട്ടീനാണ് എന്റെയും. വേറൊരാളെ വെച്ച് അവനെ നോക്കിപ്പിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല.'
'എനിക്ക് ഞാന്‍ തന്നെ അവന്റെ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് താല്‍പര്യം. അവന്റെ വളര്‍ച്ച എനിക്ക് നേരിട്ടറിയണം. നീല്‍ അങ്ങനെ വാശിക്കാരനൊന്നുമല്ല. കൊഡൈക്കനാലിലാണ് ഞങ്ങള്‍ സെറ്റിലായിരിക്കുന്നത്. മഞ്ഞും മഴയും കുഞ്ഞും സമ്പത്തും അതാണ് എന്റെ സന്തോഷം. സ്ഥലമൊക്കെ കാണാന്‍ പോയതാണ്. ഇവിടെ കുറച്ച് ഭൂമി വാങ്ങിയാലോ എന്ന് തോന്നി. ഒരു ടൂറിസ്റ്റായി പോയതാണ്. പിന്നെ അവിടെ സ്ഥലം വാങ്ങിച്ച് സെറ്റിലാവുകയായിരുന്നു', എന്നാണ് മൈഥിലി ഭർത്താവിനെയും കുഞ്ഞിനെയും കുറിച്ച് വാചാലയായി പറഞ്ഞത്.


Click it and Unblock the Notifications











