ജാഡ കാണിച്ചിട്ടില്ല, മനസ്സിൽ ഒന്ന് വച്ച് മറ്റൊന്ന് സംസാരിക്കാൻ അറിയില്ല, ഗോസിപ്പുകളെ കുറിച്ച് നമിത
ചെറിയ കുട്ടി ഇമേജിൽ വന്ന് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നമിത പ്രമോദ്. ഇപ്പോൾ അഭിനയത്തിന്റെ വ്യത്യസ്ത വഴികളിലൂടെ യാത്ര ചെയ്യുകയാണ് താരം. ജീവിതത്തിൽ സിനിമ ചെലുത്തിയ സ്വാധീനം നമിതയുടെ ഓരോ കഥപാത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ടീനേജ് പ്രായത്തിൽ സിനിമയിൽ എത്തിയ താരം മലായാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ എത്തിയിട്ട് 10 വർഷം പിന്നിടുകയാണ്. കുട്ടി ഇമേജിൽ നിന്ന് പക്വതയുളള കഥാപാത്രങ്ങൾ ചെയ്യാൻ സമയമായി എന്ന് നമിത. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നമിത മാറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇനിയുളള സിനിമ തിരഞ്ഞെടുപ്പിലും ആ പ്രതിഫലനം ഉണ്ടാകുമെന്ന് താരം പറഞ്ഞു. കൂടാതെ സിനിമ പഠിപ്പിച്ച പാഠങ്ങളെ കുറിച്ചും നമിത വെളിപ്പെടുത്തി.

സിനിമയിൽ എത്തിയിട്ട് 10 വർഷത്തോളമായി. ഇനി അങ്ങോട്ട് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ നമ്മളെ ഓർമിച്ചിരിക്കണം. വലിയ ലക്ഷ്യങ്ങളോടെ സിനിമയിലെത്തിയ ആളല്ല ഞാൻ. ദൈവം സഹായിച്ച് ഇവിടെ വരെ വന്നു. പിന്നീട് തന്റെ പാഷൻ ഇതെന്ന് മനസ്സിലാക്കുകയായിരുന്നു. ആദ്യം നായികയായത് സത്യൻ അന്ത്യക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്. അതിലെ നായിക കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. പിന്നീട് അങ്ങോട്ട് കിട്ടിയത് സാധാരണ നായിക വേഷങ്ങളാണ്. കഴിഞ്ഞ വർഷം ചെയ്ത മാർഗം കളി എന്ന ചിത്രത്തിലെ ഊർമിള എന്ന കഥാപാത്രം വ്യത്യസ്തമായിരുന്നു. മികച്ച അഭിപ്രായം പങ്കുവെച്ച് നിരവധി പേർ വിളിച്ചിരുന്നു,

ജീവിതത്തിൽ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല, അത്യാവശ്യം നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാൻ പഠിപ്പിച്ചു. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. എപ്പോഴും അച്ഛനും അമ്മയും കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം.

പെട്ടെന്ന് കൂട്ടാവുകയും നിറയെ സംസാരിക്കുകയും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. ടീനേജ് പ്രായത്തിലാണ് ഞാൻ സിനിമയിൽ എത്തുന്നത്. പ്രായം കൂടുന്തോറും പക്വതയും കൂടുന്നുണ്ട്. മിക്ക ആളുകളും സ്വഭാവ രൂപീകരണത്തിന് ശേഷമാണ് സിനിമയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ അവർക്ക് അറിയാൻ സാധിക്കും. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ കൃത്യനിഷ്ട കൈവശമുണ്ടായിരുന്നു. വീട്ടിൽ വളരെ നിർബന്ധമുള്ള കാര്യമാണിത്.

എല്ലാവരോടും വളരെ ചിരിച്ച് തന്നെയാണ് സംസാരിക്കാറുള്ളത്. ജീവിതം വളരെ ചെറുതല്ലേ. അതിനിടയിൽ ആരോടും ജാഡ കാണിക്കേണ്ട കാര്യമില്ലല്ലോ. സിനിമയിൽ എത്തിയത് മുതൽ വളരെ വ്യക്തതയോടെ സംസാരിക്കുന്ന ആളാണ് ഞാൻ. എന്റെ ശബ്ദവും മുഖഭാവവും കൃത്യമായിരിക്കും. ചിലർക്ക് അത് ജാഡയായി തോന്നും. സത്യത്തിൽ അത് അങ്ങനെയല്ല. എന്തിന്റെ പേരിലാണ് താൻ ജാഡ കാണിക്കുന്നത്.
മനസ്സിൽ ഒന്ന് വച്ച് മറ്റൊന്ന് സംസാരിക്കാൻ തനിയ്ക്ക് അറിയില്ല.

വിവാദങ്ങളേയും ഗോസിപ്പുകളേയും ഓർത്ത് തല പുകയ്ക്കാറില്ല. ഇതൊക്കെ ഇതിന്റെ ഭാഗമാണ്. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോൾ മനഃപൂർവം ശല്യപ്പെടുത്താനായി ഒരു വിഭാഗം ഇറങ്ങി തിരിക്കും. അതിനെ അതിന്റെ വഴിയ്ക്ക് വിടും. നമ്മൾ ടെൻഷൻ അടിച്ചാൽ അതിന്റെ നഷ്ടം നമുക്ക് തന്നെയാണ്. അനാവശ്യ ചിന്തകൾ നമ്മുടെ ഫാമിലിയേയും നമ്മളേയും അതുപോലെ പ്രെഫഷനേയും ബാധിക്കും.വിവാദങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ അതിനെ നോക്കി ചിരിച്ച് എന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കും


Click it and Unblock the Notifications











