105 കിലോയായി, ഡോക്ടർമാർ വ്യക്തമായ മറുപടി തന്നില്ല; അമ്മ പറഞ്ഞിട്ടും ഞാൻ നിർത്തിയില്ല; നന്ദിനി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. കൗസല്യ എന്ന പേരിൽ തമിഴകത്ത് അറിയപ്പെടുന്ന നന്ദിനി രണ്ട് ഭാഷകളിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. കരുമാടിക്കുട്ടൻ, ലേലം, അയാൾ കഥയെഴുതുകയാണ് തുടങ്ങി സിനിമകളിൽ ശ്രദ്ധേയ വേഷമാണ് നന്ദിനിക്ക് ലഭിച്ചത്. പിൽക്കാലത്ത് സിനിമാ ലോകത്ത് നിന്നും നന്ദിനി പതിയെ അകന്നു. ബാംഗ്ലൂരിൽ തന്റെ കുടുംബത്തിനൊപ്പമുള്ള സ്വകാര്യ ജീവിതത്തിന് ശ്രദ്ധ നൽകിയ നന്ദിനിയെ കുറേനാളത്തേക്ക് ലൈം ലൈറ്റിൽ കണ്ടില്ല.
ഇതിനിടെ നന്ദിനി വല്ലാതെ വണ്ണം വെച്ചതും വാർത്തയായി. നടിയുടെ ഒരു ഫോട്ടോ ആരാധകർ ഒന്നടങ്കം ഞെട്ടി. മെലിഞ്ഞ് കൊലുന്നനെയുണ്ടായിരുന്ന നന്ദിനിക്ക് വണ്ണം വെച്ച് പഴയ രൂപഭംഗി നഷ്ടപ്പെട്ടിരുന്നു. പിന്നീട് പഴയ ഭംഗിയിലേക്ക് തിരിച്ചെത്താനും നന്ദിനിക്ക് കഴിഞ്ഞു. തന്റെ വണ്ണം കൂടിയ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് നന്ദിനിയിപ്പോൾ. ഗലാട്ട പിങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അന്ന് ശരീരഭാരം 105 കിലോ വരെ കൂടി. 54 കിലോയിൽ നിന്നാണ് ഇത്രയധികം ഭാരം വർധിച്ചത്. എപ്പോഴും വിശപ്പായിരുന്നു. കഠിനമായ വ്യായാമങ്ങൾ അന്ന് ചെയ്തിരുന്നു. അത് കാരണമാണ് അങ്ങനെ വന്നതെന്ന് കരുതുന്നു. ഡോക്ടർമാരോട് ചോദിച്ചപ്പോൾ അവരും കൃത്യമായ മറുപടി നൽകിയില്ല. അക്കാലത്ത് വീട്ടിൽ തന്നെയിരുന്നു. ഭാരം കൂടുന്നുണ്ടെന്ന് അമ്മയും അച്ഛനും പറയുമായിരുന്നു. പക്ഷെ ഞാൻ കേട്ടില്ല.
വിശപ്പ് നിയന്ത്രിക്കാൻ വേണ്ടി ഹോമിയോപ്പതി ചികിത്സ തേടി. മെറ്റാബോളിസം പവറിനായി എന്തോ മെഡിസിൻ എനിക്ക് തന്നു. ഭക്ഷണം കുറച്ചതോടെ ശരീരഭാരം കുറഞ്ഞെന്നും നന്ദിനി വ്യക്തമാക്കി. ഇപ്പോൾ 70 കിലോ ശരീരഭാരമുണ്ടെന്നും നന്ദിനി വ്യക്തമാക്കി. അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും നല്ല അവസരങ്ങൾ വന്നാൽ ചെയ്യുമെന്നും വെബ് സീരീസുകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നന്ദിനി വ്യക്തമാക്കി.

ബാംഗ്ലൂരിൽ അച്ഛനും അമ്മയ്ക്കും സഹോദരനുമാെപ്പമാണ് നന്ദിനി ഇന്ന് കഴിയുന്നത്. 43 കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. തന്റെ പ്രതീക്ഷകൾക്കൊത്ത ആളെ ലഭിക്കാത്തതിനാലാണ് വിവാഹം ചെയ്യാത്തതെന്ന് നന്ദിനി വ്യക്തമാക്കി. അച്ഛനെയും അമ്മയെയും വേർപിരിഞ്ഞ് കഴിയുന്നത് തന്നെ സംബന്ധിച്ച് പ്രയാസകരമാണെന്നും നന്ദിനി തുറന്ന് പറഞ്ഞു.
ഏപ്രിൽ 19 എന്ന മലയാള സിനിമയിലൂടെയാണ് നന്ദിനി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നടയുടെ യഥാർത്ഥ പേര് കവിത എന്നാണ്. ഏപ്രിൽ 19 ലെ നായിക കഥാപാത്രമായ നന്ദിനിയെന്ന പേരിൽ നടി മലയാള സിനിമാ രംഗത്ത് അറിയപ്പെട്ടു. അതേസമയം തമിഴകത്ത് നന്ദിനി കൗസല്യയാണ്. തമിഴിൽ ആദ്യം ചെയ്ത സിനിമയായ കാലമെല്ലാം കാതൽ വാഴ്ക എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് കൗസല്യ. സിനിമ ഹിറ്റായതോടെ കൗസല്യ എന്ന പേരിലാണ് നടി തമിഴകത്ത് അറിയപ്പെട്ടത്.
തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കരുമാടിക്കുട്ടൻ എന്ന സിനിമയിലെ പ്രകടനമാണ് ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്നതെങ്കിൽ തമിഴ് പ്രേക്ഷകർക്ക് പൂവേലി എന്ന സിനിമയിലെ പ്രകടനമാണ് കൂടുതലിഷ്ടം. സിനിമകൾക്ക് ശേഷം പിൽക്കാലത്ത് സീരിയലുകളിലും നന്ദിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











