'ക്രിക്കറ്ററുമായി പ്രണയത്തിലാണെന്ന് കണ്ടു'; നാൽപ്പത് പിന്നിട്ടും വിവാഹിതയാകാത്തതിനെ കുറിച്ച് നടി നന്ദിനി!
കലാഭവൻ മണി തകര്‍ത്ത് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ കരുമാടിക്കുട്ടനിലെ നന്ദിനിയെ അറിയാത്തവരായി മലയാളികള്‍ ആരും തന്നെ ഉണ്ടാകില്ല. നന്ദിനിയെ അറിയാമെങ്കില്‍ നടി കൗസല്യയെയും എല്ലാവര്‍ക്കും പരിചിതമാകും.
കാരണം കരുമാടിക്കുട്ടനിലെ നന്ദിനി എന്ന കഥാപാത്രത്തെ അത്രയും മനോഹരമായ ജീവനുള്ള കഥാപാത്രമാക്കി മാറ്റിയത് നടി കൗസല്യയാണ്. മലയാളികൾക്ക് കൗസല്യ എന്ന പേരിനേക്കാൾ സുപരിചിതം നന്ദിനി തന്നെയാണ്.
ആ ഒരു സിനിമ കണ്ടാല്‍ കണ്ണ് നിറയാത്തവരായി ആരും തന്നെയുണ്ടാകില്ല. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍19 എന്ന ചിത്രത്തിലൂടെയാണ് നടി കൗസല്യ സ്ക്രീനില്‍ എത്തുന്നത്. എന്നാല്‍ നന്ദിനി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നടി കൗസല്യ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു. ശേഷം നിരവധി ചിത്രങ്ങളില്‍ നടി തകര്‍ത്തഭിനയിച്ചു.

മലയാളത്തിലെ ഒട്ടനവധി മുൻനിര താരങ്ങളുടെ നായികയായിരുന്നു നന്ദിനി. അയാള്‍ കഥയെഴുതുകയാണ്, നാറാണത്ത് ഭ്രാന്തന്‍, ലേലം, സുന്ദര പുരുഷന്‍, തച്ചിലേടത്ത് ചുണ്ടന്‍ തുടങ്ങിയവ നടി കൗസല്യയുടെ എടുത്ത പറയാന്‍ കഴിയുന്ന ചില മലയാള ചിത്രങ്ങളാണ്.
കൂടാതെ തമിഴ് പോലുള്ള മറ്റ് നിരവധി ഭാഷകളിലും നടിയുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പൂവേലിയിലെ അഭിനയത്തിന് താരത്തിന് ഒരു മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
സിനിമയിലെന്ന പോലെ സീരിയലിലും സജീവമായിരുന്ന താരം നാൽപ്പത്തിമൂന്നാം വയസിലും അവിവാഹിതയാണ്. നന്ദിനിയെ എപ്പോഴും കണ്ടാലും മനസ് നിറയുമെന്നാണ് തൊണ്ണൂറുകളിലെ സിനിമാ പ്രേമികൾ പറയാറുള്ളത്. വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയുമായി മാത്രമാണ് നന്ദിനി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോഴും ആളുകളുടെ പ്ലെ ലിസ്റ്റിൽ ഒന്നാമതായി തുടരുന്ന മലയാളിത്തിലെ ചില ഹിറ്റ് ഗാനങ്ങളിൽ നന്ദിനിയും ഭാഗമാണ്. നാൽപ്പത് പിന്നിട്ടിട്ടും താരം അവിവാഹിതയായി തുടരുന്നത് ആരാധകർക്കും അത്ഭുതമാണ്.

ഇപ്പോഴിതാ ബിഹൈൻവുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത് എന്നത് നന്ദിനി വ്യക്തമാക്കി. 'വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാൻ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല.'
'പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാൻ പ്രതീക്ഷിക്കുന്നപോലെ ഒരാളെ ഞാൻ കണ്ടുമുട്ടിയിരുന്നെങ്കിൽ തീർച്ചയായും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് താരവുമായി ഞാൻ പ്രണയത്തിലായെന്നും പിന്നീട് വേർപിരിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.'
'അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം എന്റെ മാതാപിതാക്കളോടൊപ്പം ഒരുപാട് കാലം ഒരുമിച്ച് ജീവിച്ചത് കൊണ്ടാണ്. അവർക്ക് എന്നെ കൂടാതെ കഴിയാൻ കഴിയില്ല. അവരിൽ നിന്ന് വേർപെട്ട് പോകാൻ എനിക്കും കഴിയില്ല.'
'ഞാൻ ഇതുവരെയും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരിക്കുന്നത് എന്റെ മാതാപിതാക്കൾക്കൊപ്പമാണ്. ഇതും വിവാഹം കഴിക്കാത്തതിന് ഒരു കാരണമായിരുന്നുവെന്നും', നന്ദിനി പറയുന്നു. ഒരിടയ്ക്ക് നന്ദിനിയുടെ ശരീര ഭാരം ക്രമാതീതമായി ഉയർന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു.
എപ്പോഴും മെലിഞ്ഞ് സുന്ദരിയായി കാണപ്പെട്ടിരുന്ന നന്ദിനി ശരീരവണ്ണം കൂടിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. നന്ദിനി ശരീര ഭാരം വർധിപ്പിച്ച ശേഷമുള്ള ഫോട്ടോകൾ പ്രചരിച്ചപ്പോൾ പലരും പ്രചരിക്കുന്ന ഫോട്ടോകൾ എഡിറ്റഡാണെന്ന് വരെ പറഞ്ഞ് നടന്നിരുന്നു.
ശരീര ഭാരം കൂടിയതുകൊണ്ടാണ് നന്ദിനി ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. പിന്നീട് താരം ഡയറ്റിലൂടെയും ശരീരയായ ഭക്ഷണ ക്രമത്തിലൂടെയും ഭാരം കുറച്ച് പഴയ രൂപത്തിലേക്ക് തിരിച്ചെത്തി.


Click it and Unblock the Notifications











