'അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത'; നടി നവ്യ നായർ ആശുപത്രിയിൽ, കാണാൻ ഓടിയെത്തി സുഹൃത്ത് നിത്യ ദാസ്!
സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ മലയാളികൾ സ്നേഹിക്കുന്നൊരു നടിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെയാണ് ഒരു ഇടവേളയെടുത്ത് തിരികെ അഭിനയത്തിലേക്ക് വന്നിട്ടും നവ്യയ്ക്കും നവ്യയുടെ സിനിമകൾക്കും പഴയ സ്നേഹവും സ്വീകാര്യതയും പ്രേക്ഷകർ നൽകിയത്. ഇപ്പോൾ താരം ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അപ്രതീക്ഷിതമായി നടിക്കുണ്ടായ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നവ്യ സുഖം പ്രാപിച്ച് വരികയാണ്. അതേസമയം ചികിത്സയിൽ കഴിയുന്ന പ്രിയ സുഹൃത്തിനെ കാണാൻ നടി നിത്യ ദാസ് എത്തി.
നവ്യയെ സന്ദർശിച്ചതിന്റെ ചിത്രം നിത്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജാനകി ജാനേയുടെ പ്രമോഷൻ തിരക്കുകളിലായിരുന്നു നവ്യ നായർ.

സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതയുണ്ടാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് ഇതോടെ നടി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. അസ്വസ്ഥതകൾ ബേധമാകുന്നതിന് അനുസരിച്ച് നവ്യ വീണ്ടും പ്രമോഷനായി സജീവമായി രംഗത്തിറങ്ങും.
ജാനകി ജാനേയുടെ പ്രമോഷന് വേണ്ടി ഏറ്റവും കൂടുതൽ അഭിമുഖങ്ങൾ നൽകിയത് നവ്യ നായരായിരുന്നു. നാട്ടിൻപുറത്തെ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന സിനിമയായിരുന്നു ജാനകി ജാനേ. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ജാനകി ജാനേ. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
സൈജു കുറുപ്പായിരുന്നു ചിത്രത്തിൽ നായകൻ. ഇരുട്ട് അടക്കം നിരവധി കാര്യങ്ങളെ ഭയമുള്ള ജാനകിയെന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ഒരു ഗ്രാമത്തിലെ ആളുകളുടെ കഥയാണ് ജാനകി ജാനേ പറയുന്നത്. ഒരുത്തീയാണ് ഇതിന് മുമ്പ് തിയേറ്ററുകളിലെത്തിയ നവ്യ നായരുടെ സിനിമ. ഈ ചിത്രത്തിലും സൈജു കുറുപ്പ് തന്നെയായിരുന്നു നായകൻ.
ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ, സതി പ്രേംജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.

സിനിമയിൽ എത്തിയ കാലം മുതൽ സുഹൃത്തുക്കളാണ് നവ്യ നായരും നിത്യ ദാസും. ഇരുവരും വിവാഹശേഷം സിനിമ ഉപേക്ഷിക്കുകയും ഒരിടവേളയ്ക്ക് ശേഷം തിരികെ അഭിനയത്തിലേക്ക് എത്തുകയും ചെയ്തവരാണ്. പള്ളിമണി എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയത്തിലേക്ക് തിരികെ എത്തിയത്.
നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തുടർന്നും സിനിമയിൽ സജീവമായി നിൽക്കണമെന്നാണ് നിത്യയുടെ ആഗ്രഹം. ആശുപത്രിയിൽ നിന്നും സുഖം പ്രാപിച്ച് വേഗം പഴയ ഊർജത്തോടെ വരുന്നതിന് കൂട്ടുകാരി നവ്യയ്ക്ക് ആശംസകൾ നേർന്നാണ് നിത്യ ആശുപത്രിയിൽ നിന്നും മടങ്ങിയത്.
കോഴിക്കോടാണ് നിത്യയുടെ താമസം. ഭർത്താവ് ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് നിത്യയ്ക്ക്. നവ്യയും കുടുംബവും ഇടയ്ക്ക് നിത്യയുടെ കോഴിക്കോടുള്ള വീട്ടിലേക്ക് പോകാറുണ്ട്. നവ്യ വിവാഹശേഷം മുംബൈയിലാണ് താമസം. ഇപ്പോൾ തുടരെ തുടരെ സിനിമകളും ഡാൻസ് പ്രോഗ്രാമുകളും ചെയ്യുന്നതിനാൽ നവ്യ മിക്ക സമയവും കേരളത്തിലുണ്ട്.
നിത്യയും നവ്യയും സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. സിനിമകളിൽ മാത്രമല്ല ചില ടെലിവിഷൻ ഷോകളുടേയും ഭാഗമാണ് നിത്യയും നവ്യയും. കിടിലം എന്ന മഴവിൽ മനോരമയിലെ ഷോയിലെ മെന്ററാണ് റിമിക്കും മുകേഷിനുമൊപ്പം നവ്യ.


Click it and Unblock the Notifications