'കുട്ടി മരിച്ചെന്ന് കരുതി വീട്ടിലെ ചേച്ചി വിഷം കഴിച്ചു, ഞാൻ എഴുതിയപ്പോഴാണ് വീട്ടുകാർ സത്യം അറിഞ്ഞത്'; നവ്യ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. വിവാഹത്തോടെ സിനിമയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം. നവ്യയുടെ തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും.
അടുത്തിടെയായി സോഷ്യൽ മീഡിയയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായുമൊക്കെയെത്തി നവ്യ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. നവ്യ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവരാറുണ്ട്. കലോത്സവ വേദികളിൽ നിന്നാണ് നവ്യയ്ക്ക് സിനിമയിലേക്ക് വഴിതുറന്നത്.
ഏറ്റവും അവസാനം നവ്യ അഭിനയിച്ച് തിയേറ്ററിലെത്തിയ സിനിമ ജാനകി ജാനേയായിരുന്നു. നവ്യയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. തന്റെ വീട്ടുവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം തന്റെ കുട്ടിക്കാലത്തെ ഒരു കുസൃതി കാരണം വീട്ടുകാർ അടക്കം അങ്കലാപ്പിലായ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നവ്യ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും വൈറലാവുകയാണ് ഇപ്പോൾ.

ചെറുപ്രായത്തിൽ ഒറ്റകുട്ടിയായി വളരെവെ സഹോദരനോ സഹോദരിയോ ഉണ്ടായാൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം പകുത്ത് പോകുമോ എന്ന ഭയം ഒട്ടുമിക്ക കുട്ടികളിലും ഉണ്ടാകാറുണ്ട്. സഹോദരനോ സഹോദരിയോ പിറന്ന് കഴിയുമ്പോൾ മൂത്ത കുട്ടിക്ക് ഉണ്ടാകുന്ന സ്നേഹത്തിൽ പിന്നീട് പതിയെ കുറവ് സംഭവിക്കുകയും പലവിധ കാരണങ്ങളാൽ ഇളയകുട്ടിയോട് മൂത്തകുട്ടി ദേഷ്യം പ്രകടപ്പിക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടാകും.
അത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ കുട്ടിക്കാലത്ത് നവ്യയും കടന്നുപോയിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കുഞ്ഞ് അനിയന്റെ കുസൃതികൾ ഇഷ്ടപ്പെടാതിരുന്ന നവ്യ സഹോദരനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചിരുന്നു.
താൻ ചെയ്ത ഒരു തെറ്റ് മൂലം പിന്നീട് വലിയൊരു പ്രശ്നം തന്നെ ഉണ്ടായി എന്നാണ് പഴയൊരു വീഡിയോയിൽ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് സംസാരിച്ച് നവ്യ പറഞ്ഞത്. നവ്യയ്ക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. കണ്ണൻ എന്നാണ് ഓമനിച്ച് വിളിക്കുന്നത്. അമ്മ ഗർഭിണിയായിരുന്ന സമയത്ത് അനിയൻ പിറക്കാൻ വേണ്ടി നവ്യ നിരന്തരം പ്രാർത്ഥിക്കുമായിരുന്നത്രേ.
പിന്നീട് കുഞ്ഞ് പിറന്നശേഷവും നവ്യ അനിയനെ നന്നായി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. എന്നാൽ അനിയൻ നടന്ന് തുടങ്ങിയപ്പോൾ കുസൃതികൾ കൂടിയതോടെ തന്റെ ക്ഷമ നശിച്ച് കൊല്ലാൻ പ്ലാൻ ചെയ്യുകയായിരുന്നുവെന്നും അന്ന് സൈഡ് എഫക്ടുകളെ കുറിച്ച് ചിന്തിക്കാനുള്ള് അറിവ് പോലും തനിക്ക് ഉണ്ടായിരുന്നില്ലെന്നും വൈറൽ വീഡിയോയിൽ നവ്യ പറയുന്നു.

'കണ്ണൻ കുഞ്ഞായിരുന്നപ്പോൾ അവൻ എന്നെ നന്നായി ഉപ്രദവിക്കുമായിരുന്നു. കുട്ടിയായതിനാൽ അവൻ കുസൃതി കാണിക്കുന്നതാണ്. എന്ത് സാധനം കയ്യിൽ കിട്ടിയാലും അവൻ കുഴിച്ചിടും. എന്റെ തലമുടി പിടിച്ച് വലിക്കും. ചിലപ്പോഴൊക്കെ ഞാൻ കണ്ണനെ പേടിപ്പിക്കും.'
'എന്നാൽ പിന്നീട് അവന് എന്നെ പേടിയില്ലാതെയായി. ഒരു ദിവസം അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് വീട്ടിൽ നിൽക്കുന്ന ചേച്ചി കണ്ണനെ എന്റെ അരികിൽ കൊണ്ട് വന്ന് ഇരുത്തി. ബുക്കിലും മറ്റും അവൻ കുത്തിവരച്ചിട്ടതോടെ ദേഷ്യം വന്ന ഞാൻ അവനെ തള്ളി താഴെയിട്ടു.'
'ചെടി ചട്ടിക്ക് ഇടയിലേക്ക് വീണ കണ്ണന്റെ തലപൊട്ടി ചോര ഒലിക്കാൻ തുടങ്ങി. ബോധവും നഷ്ടപ്പെട്ടിരുന്നു. അമ്മയും അച്ഛനും വന്ന് കണ്ണനെ ആശുപത്രിയിൽ കൊണ്ടുപോയി. കണ്ണന്റെ അവസ്ഥ കണ്ട് വീട്ടിൽ നിൽക്കുന്ന ചേച്ചി കരുതിയത് കുട്ടി മരിച്ചുവെന്നാണ്. സങ്കടം സഹിക്കാൻ കഴിയാതെ ചോറിൽ എലിവിഷം ഇട്ട് ചേച്ചി കഴിച്ചു. ശേഷം ഛർദ്ദിക്കാൻ തുടങ്ങി.'
'ചേച്ചിയുടെ ഛർദ്ദി കഴിച്ച് വീട്ടിലെ ഒരു കോഴി ചത്തു. ഇതൊന്നും പക്ഷെ ഞാൻ അറിയുന്നുണ്ടായിരുന്നില്ല. കാര്യങ്ങൾ മനസിലാക്കിയപ്പോൾ കുറ്റബോധവും സങ്കടവും കൊണ്ട് ഞാൻ കരഞ്ഞു. പിന്നീട് നാളുകൾക്ക് ശേഷം ഞാൻ പുസ്തകത്തിൽ ഈ സംഭവം എഴുതിയപ്പോഴാണ് അച്ഛനും അമ്മയും ഇതെല്ലാം അറിഞ്ഞതെന്ന്', നിറഞ്ഞ കണ്ണുകളോടെ നവ്യ പറഞ്ഞു.


Click it and Unblock the Notifications