'കല്യാണം കഴിക്കുന്ന സമയത്ത് എന്റെ ബേസിക്ക് റൈറ്റ്സ് പോലും എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഒരു ഫീനിക്സ് പക്ഷി'
വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയാവുകയും വൈകാതെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്ത് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ താരമാണ് നവ്യ നായർ. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ബ്രേക്കെടുത്ത് നവ്യ സന്തോഷ് മേനോനെ വിവാഹം ചെയ്തത്. പതിനഞ്ച് വയസിൽ സിനിമയിലെത്തിയ നവ്യ പത്ത് വർഷം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നടിയായി ഉയർന്നിരുന്നു.
ഇരുപത്തിനാല് വയസിൽ വിവാഹിതയായില്ലായിരുന്നുവെങ്കിൽ സിനിമയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ നവ്യയ്ക്ക് കഴിയുമായിരുന്നു. രണ്ടാം വരവിനുശേഷ നല്ല സിനിമകളിലൂടെ നവ്യ വീണ്ടും കൂടുതൽ പ്രേക്ഷകരെ സമ്പാദിക്കുന്നുണ്ട്. സെൽഫ് ലവ്വിനെ കുറിച്ച് പെൺകുട്ടികളെ ബോധാവാന്മാരാക്കാൻ തനിക്ക് കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നയാളാണ് നവ്യ.

പുതിയ സിനിമ പാതിരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ഐ ആം വിത്ത് ധന്യ വർമ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒറ്റപ്പെടലിനെ കുറിച്ചും താൻ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും സെൽഫ് ലവ്വിനെ കുറിച്ചും മനസ് തുറന്നു. കല്യാണം കഴിക്കുന്ന സമയത്ത് എന്താണ് തന്റെ ബേസിക്ക് റൈറ്റ്സെന്ന് പോലും അറിയില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. എന്റെ എക്സ്പീരിയൻസിലൂടെ മനസിലാക്കിയ ഒരു കാര്യമുണ്ട്.
നമ്മൾ എത്ര ആത്മാർത്ഥമായി മറ്റൊരു മനുഷ്യനെ സ്നേഹിച്ചാലും അവർക്ക് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്താലും അവർ നമ്മോട് സത്യസന്ധമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. മാത്രമല്ല അവർ അവരുടെ വാക്കുകളും വാഗ്ദാനങ്ങളും പാലിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാനാവില്ല. മകനാണെങ്കിൽ പോലും. മറ്റൊരു മനുഷ്യനെ നമുക്ക് വിശ്വസിക്കാൻ പറ്റില്ല.
പക്ഷെ നമ്മുടെ കൂടെയുള്ള കലയുണ്ടല്ലോ... നമ്മൾ അങ്ങോട്ട് അർപ്പണബോധം കാണിച്ചാൽ അത് അതിന്റെ പതിന്മടങ്ങ് നമ്മളെ സ്നേഹിക്കും. എനിക്ക് ഭഗവാനായിട്ട് തന്നതാണ് നൃത്തം. അതിന് വേണ്ടി ഞാൻ സമയം കണ്ടെത്തിയാലും അതിനെ ഞാൻ സ്നേഹിച്ചാലും അത് എന്നെ സ്നേഹിക്കും. എപ്പോഴും എന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നാണ് ഞാൻ എന്ത് കാര്യത്തിലും ചിന്തിക്കുക.
അതുകൊണ്ട് തന്നെ എന്റെ ഒപ്പമുള്ളവർ പറയും നവ്യ പിന്നെ മഹാത്മഗാന്ധിയാണല്ലോയെന്ന്. എന്നോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റിയെന്ന് പല സിറ്റുവേഷനിലും ഫ്രണ്ട്സിനെ പറ്റിയും റിലേഷൻഷിപ്പിനെ പറ്റിയും ചിന്തിച്ചാൽ അത് പക്ഷപാതപരമായി പോകും. അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അൺ ബയാസ്ഡാകും. മാത്രമല്ല അവർക്കും ചില ശരികളും ന്യായങ്ങളുമുണ്ട്.

ഇങ്ങനെ ചിന്തിച്ചതുകൊണ്ട് മാത്രം എനിക്കുണ്ടായ അവസ്ഥയിൽ നിന്നും ഞാൻ കയറി വരില്ല. പക്ഷെ എന്റെ സന്തോഷം ആഗ്രഹിക്കുന്ന ഒരുപാട് പേർ ചുറ്റുമുണ്ടെന്നത് എനിക്ക് ഒരു അനുഗ്രഹമാണ്. ഞാൻ ഒരു ഫീനിക്സാണ് എന്നാണ് എന്നോട് തന്നെ ഞാൻ പറയാറുള്ളത്. ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതാണ്. കല്യാണം കഴിക്കുന്ന സമയത്ത് എന്റെ ബേസിക്ക് റൈറ്റ്സിനെ കുറിച്ച് അറിയില്ലായിരുന്നു.
അതുകൊണ്ട് തന്നെ കണ്ട് വളർന്ന കാര്യങ്ങൾ ശരിയാണെന്ന് നമ്മൾ വിശ്വസിക്കും. പലതും ഞാൻ ജീവിച്ച് തുടങ്ങിയപ്പോഴാണ് മനസിലാക്കിയത്. കഴിയുന്ന കാര്യങ്ങൾ മനുഷ്യൻ എന്ന നിലയിൽ നേടിയെടുക്കുക. മിനിമം റെസ്പെക്ടുള്ള ജീവിതം കിട്ടാൻ വേണ്ടി പോരാടുക. ഒരു മനുഷ്യന് മറ്റൊരു മനുഷ്യൻ കൂട്ടുണ്ടാകണമെന്നത് ചില വ്യക്തികളുടെ ആഗ്രഹങ്ങളാണ്. ഞാൻ എന്റെ യുട്യൂബ് ചാനലിൽ സംസാരിച്ചത് മനുഷ്യന്റെ ഒറ്റപ്പെടലുകളെ കുറിച്ചാണ് അതിൽ ജെന്ററില്ല.
എന്റെ അച്ഛനെ കുറിച്ച് പറയുകയാണെങ്കിൽ റിട്ടേർമെന്റിനുശേഷം അദ്ദേഹം ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലൊക്കെ ഇടുന്ന വീഡിയോയും മറ്റും കാണുമ്പോൾ എനിക്ക് മനസിലായി അച്ഛൻ ഒറ്റപ്പെടുന്നുണ്ടെന്ന്. ഞങ്ങൾക്ക് പക്ഷെ അച്ഛനെ ജീവനാണ്. എന്നാലും ആളുകൾ ഏകനാകും ഒറ്റപ്പെടും അതിന് ഒന്നും ചെയ്യാനില്ല. ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കാണെന്നത് ഒരു റിയാലിറ്റിയാണ്. ഞാനും ഫൈറ്റ് ചെയ്യുന്നയാളാണെന്ന് നവ്യ പറയുന്നു.


Click it and Unblock the Notifications











