നിർണായക ഘട്ടങ്ങളിൽ ഒപ്പം, അമ്മയുടെ ജീവിതത്തിലെ മാറ്റങ്ങൾ കണ്ട മകൻ; നവ്യയുടെ മകന് പിറന്നാൾ
സിനിമയും നൃത്തവുമെല്ലമായി തിരക്കുകളിലാണ് നവ്യ നായർ. നവ്യക്ക് മുന്നോട്ട് പോക്കിൽ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത് മാതാപിതാക്കളും മകനുമാണ്. സായ് കൃഷ്ണ എന്നാണ് മകന്റെ പേര്. സായ് കൃഷ്ണയുടെ പിറന്നാൾ ദിനത്തിൽ നവ്യ പങ്കുവെച്ച ഹൃദ്യമായ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ ലോകത്തിന് പിറന്നാൾ ആശംസ. എല്ലാ ഡയലോഗുകളും അറിയുന്നത് വരെ ഒരേ കോമഡി സിനിമകൾ കണ്ട് ആദ്യത്തെ പ്രാവശ്യം കാണുന്നത് പോലെ വീണ്ടും ചിരിക്കുക. സായ് നീ ഡ്രാമയും പരാതിയുമില്ലാത്ത കുട്ടിയാണ്. ഞാൻ നേടിയെടുത്തതിനെല്ലാം ഒപ്പം നിന്നയാൾ. ലോയൽ സെെഡ് കിക്ക് പോലെ ഇപ്പോഴും നീ അമ്മയ്ക്കൊപ്പം ഉറങ്ങുന്നു. അമ്മയുടെ കണ്ണിലുണ്ണിയാണ് നീയെന്നും നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്കൊപ്പമുറങ്ങുന്ന മകന്റെ രണ്ട് കാലഘട്ടങ്ങളിലെ ഫോട്ടോയും നവ്യ പങ്കുവെച്ചിട്ടുണ്ട്. മകനാണ് നവ്യയുടെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. നവ്യയെ പോലെ തമാശക്കാരനാണ് മകനും.

അടുത്തിടെ മകനെക്കുറിച്ച് നവ്യ സംസാരിച്ചിരുന്നു. മകൻ നല്ല മനുഷ്യനായി വളരുന്നത് കാണണം. അവൻ നല്ല വ്യക്തിയാണെന്ന് എല്ലാവരും പറയണം. 10 വർഷം കഴിയുമ്പോൾ അവനൊരു ഗേൾഫ്രണ്ടായി, അവളെ നന്നായി സ്നേഹിക്കണം. അമ്മയ്ക്ക് തന്റെ ജീവിതത്തിൽ ലംഭിക്കാതെ പോയ സ്നേഹം ആ കുട്ടിക്ക് മകൻ നൽകണമെന്നും നവ്യ പറഞ്ഞു.
എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മകനാണ് അപ്പോൾ ഉപദേശിക്കാറ്. എല്ലാവരും നമ്മളെ സഹായിക്കണം എന്ന ഉദ്ദേശ്യത്തോടെ വരുന്നവരായിരിക്കില്ലെന്ന് അവൻ പറയും. എന്നാൽ താൻ പെട്ടെന്ന് വിശ്വസിക്കുന്ന ആളാണെന്നും ചതിക്കപ്പെടുന്നത് തന്റെ കുഴപ്പം കൊണ്ടാണെന്ന് കരുതുന്നില്ലെന്നും നവ്യ നായർ പറഞ്ഞു.

നവ്യ ഏറെക്കാലം ഭർത്താവിനൊപ്പം മുംബെെയിലായിരുന്നു. ആറ് വർഷത്തോളമായി നടി കേരളത്തിലുണ്ട്. ഡാൻസ് സ്കൂളും ഡാൻസ് പെർഫോമൻസുമെല്ലാമായി കേരളത്തിൽ നടി തിരക്കിലാണ്. അപ്പോഴെല്ലാം നവ്യക്കൊപ്പം നിന്നത് മകനാണ്. ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം ഇപ്പോൾ കാണാറില്ല. ഇവർ വേർപിരിഞ്ഞു എന്ന അഭ്യൂഹം സിനിമാ ലോകത്തുണ്ട്. വിവാഹ ജീവിതത്തിൽ എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും പിന്നീട് വന്ന തിരിച്ചറിവുകളെക്കുറിച്ചും നവ്യ നായർ സംസാരിച്ചിട്ടുണ്ട്. അഭ്യൂഹങ്ങൾ വന്നെങ്കിലും വിവാഹ ബന്ധം തകർന്നെന്ന് നവ്യ എവിടെയും പറഞ്ഞിട്ടില്ല. പാതിരാത്രിയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് ചെയ്തത്.
ദിലീപ് നായകനായ ഇഷ്ടം ആയിരുന്നു നവ്യ നായരുടെ ആദ്യ സിനിമ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കല്യാണ രാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നവ്യ നായികയായെത്തി. കോമഡിയും വെെകാരിക രംഗവും നവ്യക്ക് അനായാസം ചെയ്യാനായി. മറ്റ് ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചു. വിവാഹശേഷമാണ് കരിയറിൽ ഇടവേള വന്നത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഈ ചിത്രം വിജയിച്ചില്ല. വീണ്ടും വലിയ ഗ്യാപ്പ് വന്നു. പിന്നീട് ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ച് വരവ് നടത്താനായി.


Click it and Unblock the Notifications











