'താലിയും സിന്ദൂരവുമണിഞ്ഞ് നയൻസ്, അഭിനയം നിർത്തുമോ?, ഹണിമൂൺ എവിടെ?'; മറുപടി നൽകി നയൻസും വിക്കിയും!
മഹാബലിപുരത്തായിരുന്നു ചടങ്ങുകൾ നടന്നത്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ മുതൽ മലയാളത്തിൽ നിന്ന് ദിലീപ് വരെ വിവാഹത്തിൽ അതിഥികളായി എത്തി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ബോളിവുഡ് സ്റ്റൈലിലായിരുന്നു വിവാഹം. ഒരുപക്ഷെ ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.
ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കേൾക്കാൻ കൊതിച്ച വാർത്തയായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹം ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിഘ്നേഷ് ശിവൻ പങ്കുവെച്ചപ്പോഴാണ് വിവാഹ ചിത്രങ്ങൾ ആരാധകർക്ക് ലഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
തിരുപ്പതിയിൽ നടത്തേണ്ടിയിരുന്ന വിവാഹമായിരുന്നു. കൊവിഡ് സാഹചര്യത്താൽ വന്ന ബുദ്ധിമുട്ടുകളാണ് വിവാഹം മഹാബലിപുരത്ത് വെച്ച് നടത്താൻ കാരണം.
വിവാഹ ശേഷം മാധ്യമങ്ങളെ കാണാൻ വരുമെന്ന് വിവാഹ തിയ്യതി പ്രഖ്യാപിക്കാൻ എത്തിയപ്പോൾ വിഘ്നേഷ് ശിവൻ അറിയിച്ചിരുന്നു. ഇപ്പോൾ വാക്ക് പാലിച്ചിരിക്കുകയാണ് നവദമ്പതികൾ.

ഇരുവരും ചേർന്ന് ചെന്നൈയിലെ ഹോട്ടലിൽ മാധ്യമങ്ങൾക്ക് വേണ്ടി വിരുന്നൊരുക്കിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയും ചെയ്തു. പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് ഇരുവരേയും വാർത്താസമ്മേളനത്തിന് എത്തിയവർ സ്വീകരിച്ചത്.
'ഞാൻ നയൻതാരയെ ആദ്യമായി കണ്ട ഹോട്ടലിൽ വെച്ച് തന്നെയാണ് വിവാഹ ശേഷം ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. ആദ്യമായി നയൻതാരയെ കാണാൻ വന്നത് കഥ പറയാൻ വേണ്ടിയായിരുന്നു.'
'തുടക്കം മുതൽ ഇപ്പോഴും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. തുടർന്ന് മുമ്പോട്ടും ഞങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിനും കുടുംബ ജീവിതത്തിനും നിങ്ങളുടെ സ്നേഹവും പ്രാർഥനയും വേണം' എന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.

ഹണിമൂൺ എവിടെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു ഇരുവരുടേയും മറുപടി. മഞ്ഞ സാരിയും സിന്ദൂരവും താലിയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് വാർത്തസമ്മേളനത്തിന് നയൻതാര എത്തിയത്.
മുമ്പും നിരവധി പ്രണയങ്ങൾ നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് വിഘ്നേഷ് ശിവനെ തെരഞ്ഞെടുത്തുവെന്ന് ചോദിച്ചപ്പോൾ നയൻതാര ഒരു അഭിമുഖത്തിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
'വിഘ്നേഷിന്റെ ഒരു ഗുണം മാത്രം എടുത്ത് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ്. വിക്കിയെ മുഴുവനായും ഞാൻ പ്രണയിക്കുന്നുണ്ട്.'

'വിക്കി വന്ന ശേഷമാണ് കരിയർ മെച്ചപ്പെട്ടത്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ചിന്തിക്കണം. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണം എന്നെല്ലാം തോന്നി തുടങ്ങി. ഞാൻ കണ്ടിട്ടുള്ളവരിൽ ഏറെ പേരും ആദ്യം ശ്രമിക്കുന്നത് എന്റെ കരിയർ അവസാനിപ്പിച്ച ശേഷം സ്നേഹിക്കാനാണ്.'
'അവർക്ക് ഹോംമേക്കറായി വീട്ടിലിരുത്തണമെന്ന ആഗ്രഹമാണ്. വിക്കി അങ്ങനെ ഒരാളല്ല. ജോലി ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിക്കും. ചെയ്യുന്നത് നല്ലതാണെങ്കിൽ അഭിനന്ദിക്കും പ്രോത്സാഹിപ്പിക്കും.'
'വിക്കി സ്വന്തം അമ്മയേയും പെങ്ങളേയും എങ്ങനെയാണ് നോക്കുന്നതെന്ന് ഞാൻ അടുത്ത് നിന്ന് കണ്ടിട്ടുള്ള വ്യക്തിയാണ്. ആറ് വർഷത്തിന് മുകളിലായി വിക്കി അടുത്ത് അറിയാം' എന്നാണ് നയൻതാര പറഞ്ഞത്.
Recommended Video

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വിവാഹ ദിനത്തിൽ വിഘ്‌നേഷിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നയൻതാര നൽകിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയൻതാര 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നയൻതാരയ്ക്ക് വിഘ്‌നേഷ് അഞ്ച് കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നൽകിയത്. വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചു.
വിഘ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും നൽകി. വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഘ്നേഷ് വാങ്ങി നൽകിയതാണ്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ ധരിച്ചത്.


Click it and Unblock the Notifications