'ഫഹദിന്റെ കുടുംബപശ്ചാത്തലം നസ്രിയയെ ആകർഷിച്ചു'; സിനിമയ്ക്ക് വാങ്ങുന്നത് കോടികൾ, റിയൽ ലൈഫിലെ രാജാവും റാണിയും!
മലയാളികളുടെ കൺമുന്നിൽ വളർന്ന കലാകാരിയാണ് നസ്രിയ നസീം. മലയാളിയാണെങ്കിലും നസ്രിയ പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. ഗായികയാണന്നതുകൊണ്ട് തന്നെ ചെറുപ്പം മുതൽ സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു. അത്തരത്തിൽ ശോഭിച്ച് നിൽക്കെയാണ് നസ്രിയയെ ബ്ലെസി കാണുന്നതും പളുങ്കിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കാൻ കാസ്റ്റ് ചെയ്യുന്നതും. പളുങ്കിലെ നസ്രിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. അതോടെ പ്രമാണി, ഒരു നാൾ വരും സിനിമകളിലും ബാലതാരമായി നസ്രിയയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.
പിന്നീട് മഞ്ച് സ്റ്റാർ സിങർ, അവാർഡ് നിശകൾ എന്നിവയുമായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയയ്ക്ക് മാഡ് ഡാഡിലെ നായിക വേഷം ലഭിച്ചത്. സിനിമ സമ്മിശ്രപ്രതികരണമാണ് നേടിയതെങ്കിലും നസ്രിയയ്ക്ക് ലൈം ലൈറ്റിൽ കൂടുതൽ ശോഭിക്കാനുള്ള അവസരങ്ങളാണ് തെളിഞ്ഞ് വന്നത്. ചെറിയ പ്രായത്തിൽ തന്നെ തമിഴിലും തെലുങ്കിലും വരെ നായികയായി അഭിനയിച്ച് ആരാധകരെ സമ്പാദിച്ചു നസ്രിയ.

ഇരുപത്തിയൊമ്പതുകാരിയായ നസ്രിയ നടൻ ഫഹദ് ഫാസിലെ പ്രണയിച്ച് വിവാഹം ചെയ്തതോടെ ഏറെനാൾ സിനിമയിൽ നിന്നും വിട്ടുനിന്നു. വിവാഹിതരായ മറ്റുള്ള നടിമാരെ പോലെ നസ്രിയയും കുടുംബജീവിതവുമായി ഒതുങ്ങി കൂടുമെന്ന് ഓർത്ത് ആരാധകരും സങ്കടത്തിലായിരുന്നു. പക്ഷെ നസ്രിയ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോൻ സിനിമ കൂടെയിലൂടെ സിനിമയിലേക്ക് തിരികെ എത്തി. ഇന്ന് നസ്രിയ അഭിനയത്തിൽ സജീവമാണ്.
തെലുങ്കിൽ നിന്ന് അടക്കം നിരവധി അവസരങ്ങൾ നസ്രിയയ്ക്ക് വരുന്നുണ്ടെങ്കിലും താരം സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവാണ്. ഇന്ന് മലയാളത്തിലുള്ള ഏറ്റവും സമ്പന്നമായ താരജോഡികളിൽ നസ്രിയയും ഫഹദ് ഫാസിലും മുൻനിരയിൽ തന്നെയുണ്ട്. ഫഹദ് ഫാസിൽ-നസ്രിയ ജോഡിയുടെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്.
സിനിമാ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്. ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിങ് സമയത്ത് ഫഹദിനോട് വിവാഹം കഴിക്കാൻ പറ്റുമോയെന്ന് നസ്രിയ അങ്ങോട്ട് പോയി ചോദിച്ചതാണ്. ചിത്രത്തിൽ ദാസും ദിവ്യയുമായി ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഫഹദുമായുള്ള നസ്രിയയുടെ വിവാഹം നടന്നശേഷം കുറ്റപ്പെടുത്തലുകൾ ഏറെയും കേൾക്കേണ്ടി വന്നത് നസ്രിയയ്ക്കാണ്. സിനിമാ കുടുംബത്തിലെ അംഗമായതുകൊണ്ടാണ് ഫഹദിന്റെ പ്രായം പോലും വിഷയമാക്കാതെ നസ്രിയ വിവാഹത്തിന് ഒരുങ്ങിയത് എന്നായിരുന്നു നസ്രിയയ്ക്ക് നേരെ ഒരു വിഭാഗം ഉയർത്തി കാണിച്ച കുറ്റപ്പെടുത്തലുകൾ. പക്ഷെ നസ്രിയ അതൊന്നും കാര്യമായി എടുക്കാതെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

തമിഴിൽ നസ്രിയയ്ക്ക് ബ്രേക്കായത് രാജാ റാണി സിനിമയാണ്. ആര്യയായിരുന്നു ചിത്രത്തിൽ നസ്രിയയുടെ ജോഡി. അറ്റ്ലി സംവിധാനം ചെയ്ത സിനിമ ഇന്നും ഒട്ടുമിക്ക ആളുകളുടെയും പ്രിയ സിനിമകളിൽ ഒന്നാണ്. മുൻനിര നായികയായതുകൊണ്ടും തെലുങ്കിൽ അടക്കം മാർക്കറ്റ് ഉള്ളതുകൊണ്ടും ഒരു ചിത്രത്തിന് മൂന്ന് മുതൽ നാല് കോടി രൂപ വരെയാണ് നസ്രിയ ഇപ്പോൾ പ്രതിഫലം വാങ്ങുന്നത്.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ തിരക്കുള്ള നടനാണ് ഫഹദ് എന്നതുകൊണ്ട് തന്നെ അദ്ദേഹം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് കൊച്ചിയിൽ വലിയ ആഢംബര വസതി സ്വന്തമായുണ്ട്. ഇതിന് കോടികൾ വിലമതിക്കുമെന്നാണ് സൂചന. അതുപോലെ രണ്ടുപേർക്കും കാറുകളോട് കമ്പമുണ്ട്.
ഡിഫൻഡർ, പോർഷെ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര കാറുകൾ താരദമ്പതികളുടെ പക്കലുണ്ട്. യഥാർത്ഥ ജീവിതത്തിൽ രാജാവും രാജ്ഞിയുമായി ജീവിക്കുന്ന താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ആസ്തി 40 കോടിയിലേറെ വരുമെന്നാണ് സൂചന. അതേസമയം സൂര്യ 43യിലൂടെ ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ എത്താൻ ഒരുങ്ങുകയാണ് നസ്രിയ നസീം.


Click it and Unblock the Notifications