'ഇനിയങ്ങോട്ട് ഒരുമിച്ചായിരിക്കും യാത്ര...'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ഗൽറാണി!
തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദി പിനിസെട്ടിയും വിവാഹിതരാകുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ നിക്കി ഗൽറാണി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഏറെ നാളുകളായി തെന്നിന്ത്യയിൽ പ്രചരിക്കുന്ന ഗോസിപ്പാണ് നിക്കി ഗൽറാണിയുടെ പ്രണയ കഥ. ആദി പിനിസെട്ടിയുമായി നിക്കി പ്രണയത്തിലാണെന്ന് നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നുവെങ്കിലും പതിവ് ഗോസിപ്പുകൾ മാത്രമാണെന്നാണ് താരത്തിന്റെ ആരാധകർ കരുതിയിരുന്നത്.
എന്നാൽ കേട്ട ഗോസിപ്പുകളെല്ലാം സത്യമാണെന്ന് വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ഗൽറാണി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് നിക്കിയുടേയും ആദിയുടേയും വിവാഹ നിശ്ചയം നടത്തിയത്. ഇളം വയലറ്റ് നിറത്തിലുള്ള കുർത്ത അണിഞ്ഞ് ട്രെഡീഷണൽ ലുക്കിലാണ് ആദി ചടങ്ങിനെത്തിയത്. നീല നിറത്തിലുള്ള സാരിയും അതിനോട് ഇണങ്ങുന്ന സിംപിൾ ആഭരണങ്ങളുമാണ് നിക്കി ധരിച്ചത്.

'ഏറ്റവും നല്ല കാര്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാൻ തീരുമാനിച്ചിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ പ്രണയം തിരിച്ചറിഞ്ഞത്. അത് ഇപ്പോൾ ഔദ്യോഗിമാക്കുകയാണ്. 24.3.22 ഞങ്ങൾക്ക് വളരെ സവിശേഷമായ ദിവസമാണ്. രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു' ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ഗൽറാണി കുറിച്ചു. ഇനി മുതൽ ഒറുമിച്ച് ജീവിക്കാമെന്നുള്ള നിക്കിയുടേയും ആദിയുടേയും തീരുമാനത്തിന് ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ രംഗത്തെത്തി. ആദി പിനിസെട്ടിയും നിക്കി ഗൽറാണിയും മലുപ്, യാഗവരയ്ക്കും നാ കാക്ക, മരഗദ നാണയം തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോർട്ട്. നിക്കി ആദിയുടെ കുടുംബവുമായി അടുത്ത് ഇടപഴകാറുണ്ട്. അവരുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന തെന്നിന്ത്യൻ നടി നിക്കി മാത്രമായിരുന്നു. ആദി-നിക്കി പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയതും നിരന്തരം ആദിക്കൊപ്പം നിക്കിയെ കാണാൻ തുടങ്ങിയതോടെയാണ്. ആദിയുടെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ രവി രാജ പിനിസെട്ടിയുടെ ജന്മദിന ആഘോഷത്തിൽ ആദിയുടെ കുടുംബത്തോടൊപ്പം നിക്കിയും ഉണ്ടായിരുന്നു. മുപ്പത്തൊമ്പതുകാരനായ ആദി സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തിയത്. കൂടുതലായും തമിഴ്, തെലുങ്ക് സിനിമകളിലാണ് ആദി അഭിനയിച്ചിരിക്കുന്നത്. അമ്പതിൽ അധികം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ആദിയുടെ അച്ഛൻ രവി രാജ പിനിസെട്ടി. മാതൃഭാഷ തെലുങ്കാണെങ്കിലും ആദി പഠിച്ചതും വളർന്നതും ചെന്നൈയിലാണ്.
Recommended Video

2006ൽ ഒക്ക വി ചിത്രം എന്ന സിനിമയിൽ നായകവേഷം ചെയ്തായിരുന്നു ആദിയുടെ സിനിമാ പ്രവേശനം. പിന്നീട് 2007ൽ ആദ്യ തമിഴ് സിനിമ ചെയ്തു. മിർഗം ആയിരുന്നു ചിത്രം. സിനിമാ ജീവിതത്തിൽ ആദി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഏറെ വ്യത്യമായതും മിർഗത്തിലെ വേഷമായിരുന്നു. കീർത്തി സുരേഷ് നായികയായ ഗുഡ് ലക്ക് സഖിയിലാണ് ഏറ്റവും അവസാനം ആദി അഭിനയിച്ചത്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 1983 എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിക്കി ഗൽറാണി ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചത്. മലയാളത്തിൽ ധമാക്ക എന്ന ഒമർലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications