'സിനിമയുമില്ല ഒന്നും വർക്കാവുന്നുമില്ല, സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് മമ്മൂക്ക മെസേജ് അയച്ചത്'; നിരഞ്ജന
ലോഹം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതാണ് നടി നിരഞ്ജന അനൂപ്. നിരവധി സിനിമകളാണ് നിരഞ്ജനയുടേതായി തീയേറ്ററുകളിൽ എത്താൻ അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പമുള്ള എങ്കിലും ചന്ദ്രികയാണ് ഇതിൽ പ്രധാനം.
ബെർമുഡ, ത്രയം, ജോയ് ഫുൾ എഞ്ചോയ് എന്നിവയാണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരാൾ കൂടിയാണ് നിരഞ്ജന.
മമ്മൂട്ടിയുടെ 71-ാം പിറന്നാള്‍ ദിനത്തിൽ മെഗാസ്റ്റാറിന് ആശംസയുമായി എത്തിയപ്പോൾ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ ചേർത്ത് നിരഞ്ജന അനൂപ് പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. മമ്മൂട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നിരഞ്ജന ആശംസ അറിയിച്ചത്.
സിനിമയില്ലാതെ താൻ സ്ട്രഗിൾ ചെയ്ത കാലത്ത് മമ്മൂക്ക പറഞ്ഞ വാക്കുകൾ ഊർജം പകർന്നുവെന്നും അതുകൊണ്ടാണ് ആ വാട്സ്ആപ്പ് ചാറ്റ് പങ്കുവെച്ചത് എന്നുമാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ നിരഞ്ജന വെളിപ്പെടുത്തിയിരിക്കുന്നത്.

യുവനടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ആദ്യമായിട്ടാണ് ടൈറ്റിൽ ക്യാരക്ടർ ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. സ്ട്രഗിളിങ് ടൈമിൽ കിട്ടുന്ന ഒരു ആശ്വാസമാണ് എങ്കിലും ചന്ദ്രികേ പോലുള്ള സിനിമകൾ.'
'സ്ട്രഗിൾ ചെയ്യുന്ന എല്ലാവർക്കും മമ്മൂക്ക ഒരു പോസിറ്റിവിറ്റി കൊടുക്കാറുണ്ട്. ഞാൻ വളരെ ഡെസ്പായി ഇരിക്കുന്ന സമയമായിരുന്നു. സിനിമയുമില്ല ഒന്നും വർക്കാവുന്നുമില്ല സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് അദ്ദേഹം സുഖമാണോയെന്ന് ചോദിച്ച് മെസേജ് അയച്ചത്.'

'ആ മെസേജ് കണ്ടതും അപ്പോഴത്തെ വിഷമത്തിൽ എല്ലാ കാര്യങ്ങളും മമ്മൂക്കയോട് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം എല്ലാം നേടിയാല്‍ ത്രില്‍ നഷ്ടപ്പെടും....പ്രയത്‌നം തുടരുക എന്ന മെസേജ് അയച്ചത്. അദ്ദേഹവും സ്ട്രഗിൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം അയച്ച മെസേജിൽ പറഞ്ഞിരുന്നു.'
'നമ്മുടെ ഒക്കെ സൂപ്പർ സ്റ്റാറായ അദ്ദേഹം ഇങ്ങനയൊക്കെ പറഞ്ഞപ്പോൾ അന്ന് എനിക്ക് കിട്ടിയ എൻകറേജ്മെന്റ് ചില്ലറയല്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചാറ്റ് ഞാൻ പിറന്നാൾ ദിനത്തിൽ പബ്ലിഷ് ചെയ്തത്.'

'തുടക്കം തന്നെ സൂപ്പർസ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കാൻ പറ്റുക എന്നത് ഒരു തുടക്കകാരി എന്ന നിലയിൽ എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. ആ സിനിമകളിലെല്ലാം ഞാൻ ചെറിയ കഥാപാത്രങ്ങളാണ് ചെയ്തത്. പക്ഷെ ആ സിനിമകളെല്ലാം വലിയ വലിയ സിനിമകളായിരുന്നു.'
'അങ്ങനെ നോക്കുമ്പോൾ അത് എനിക്ക് കിട്ടുന്ന വലിയ എക്സ്പോഷറാണ്. ഇവരെയൊക്കെ കണ്ടുകൊണ്ട് വർക്ക് ചെയ്യാനും അവരെ നോക്കി പഠിക്കാനും അറിയാനും പറ്റിയത് വലിയ കാര്യമാണ്. എങ്കിലും ചന്ദ്രികയിൽ സുരാജേട്ടനും ബേസിൽ ചേട്ടനും സൈജു ചേട്ടനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്.'

'ഇവരൊക്കെ റിഹേഴ്സൽ ചെയ്യുമ്പോഴും ഞാൻ പോയി നോക്കി നിൽക്കും ആകാംഷ കാരണം. സുരാജേട്ടന്റെ കഥകളാണ് ഏറെയും ഷൂട്ടിങ് സമയത്ത് കേട്ടിരുന്നത്. പയ്യന്നൂരായിരുന്നു ഷൂട്ട് മുഴുവൻ. എന്നും ഷൂട്ടിങ് സെറ്റിൽ ഒട്ടനവധി ആളുകൾ സൂരാജേട്ടനെ കാണാൻ വരാറുണ്ട്.'
'അദ്ദേഹത്തിന്റെ വാനിന് മുമ്പിൽ വലിയ ക്യൂ കാണാം. ഞാൻ ഇന്റർവ്യൂ കൊടുക്കാത്തതിന് കാരണം ഞാൻ എന്തെങ്കിലും അച്ചീവ് ചെയ്ത ശേഷം അഭിമുഖം കൊടുത്താലെ ആളുകൾക്കും നമ്മളെ കേൾക്കാൻ താൽപര്യമുണ്ടാകു.'

'അങ്ങനെ ഒരു തലത്തിൽ ഞാൻ എത്തിയിട്ടില്ല. പിന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. സിനിമ പോലും ഉണ്ടായിരുന്നില്ല അതാണ് കാരണം. ഗുരുവായൂരിൽ നൃത്തം അവതരിപ്പിക്കും മുമ്പ് എനിക്ക് മസിലിന് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.'
'ഒരു രീതിയിലും എനിക്ക് സ്റ്റെബിലിറ്റി കിട്ടുന്നില്ലായിരുന്നു. എങ്ങനെയോ ഒപ്പിച്ച് കളിച്ച് തീർത്തതാണ്. കഷ്ടകാലത്തിന് തെന്നി വീഴുകയും ചെയ്തു. അതാണ് വൈറലായ ആ വീഡിയോ' നിരഞ്ജന അനൂപ് പറഞ്ഞു.


Click it and Unblock the Notifications











