'12 വർഷമായി ഞാൻ എൻ്റെ വീട്ടിൽ പോയി ഒരു ദിവസം കിടന്നിട്ട്, ഞാൻ പോയാൽ ഉടൻ പ്രോമിക്ക് പനി തുടങ്ങും'
സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും ഒരുപോലെ സജീവമാണ് നിത പ്രോമി. ഒരു കാലത്ത് മഴവിൽ മനോരമയിൽ റേറ്റിങിൽ മുന്നിൽ നിന്നിരുന്ന റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയിൽ മത്സരാർത്ഥികളായാണ് നിതയും ഭർത്താവ് പ്രോമിയും ലൈം ലൈറ്റിലേക്ക് എത്തുന്നത്. വെറുതെ അല്ല ഭാര്യയിലൂടെ നിതയുടെയും പ്രോമിയുടെയും കുടുംബം പെട്ടന്ന് തന്നെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരരായി.
വെറുതെ അല്ല ഭാര്യയ്ക്കുശേഷം സിനിമയിലും സീരിയലിലും നിരവധി വേഷങ്ങൾ ചെയ്യാൻ കൂടുതൽ അവസരം ലഭിച്ചത് നിതയ്ക്കാണ്. മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറായിൽ നിതയ്ക്കൊപ്പം പ്രോമിയും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രത്തിൽ മാത്രമല്ല മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ സിനിമകളിലും നിത അഭിനയിച്ച് കഴിഞ്ഞു. സോഷ്യൽമീഡിയയിലും നിത കുടുംബസമേതം സജീവമാണ്. ഇരുവരും രണ്ട് ആൺമക്കൾക്കൊപ്പം ചെയ്യുന്ന ഡാൻസ്, കോമഡി റീൽ വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. അടുത്തിടെയാണ് നിതയും പ്രോമിയും വിവാഹ ജീവിതത്തിന്റെ പത്തൊമ്പതാം വർഷത്തിലേക്ക് കടന്നത്.
ഇരുവരുടെയും അറേഞ്ച്ഡ് മാരേജാണ്. പ്രോമിയെ നിതയ്ക്ക് സെലക്ട് ചെയ്ത് കൊടുത്തത് നിതയുടെ പിതാവാണത്രെ. അപ്പച്ചന്റെ സെലക്ഷൻ തെറ്റിയില്ലെന്നാണ് ഭർത്താവിനെ കുറിച്ച് സംസാരിക്കുമ്പോൾ നിത പറയാറുള്ളത്. പ്രോമിയെ നിതയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. അപ്പച്ചൻ പിന്നീട് പ്രോമി നല്ല പയ്യനാണെന്നും ഗുണങ്ങളുള്ളവനാണെന്നും പറഞ്ഞതോടെ നിതയും വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
നിതയെ പിരിഞ്ഞ് നിൽക്കാൻ പ്രോമിക്ക് പറ്റാത്തതിനാൽ 12 വർഷമായത്രെ സ്വന്തം വീട്ടിൽ പോയി നിത ഒരു ദിവസം അന്തിയുറങ്ങിയിട്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നിത ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ പോയാൽ പലവിധ കാരണങ്ങൾ പറഞ്ഞ് പ്രേമി തന്നെ തിരിച്ച് വിളിക്കുമെന്നും നിത പറയുന്നു.
നീണ്ട 12 വർഷമായി ഞാൻ എൻ്റെ സ്വന്തം വീട്ടിൽ പോയി ഒരു ദിവസം രാത്രി കിടന്നിട്ട്. വീട്ടിൽ ഏഴ് ദിവസം നിൽക്കാനായി ഞാൻ പെട്ടിയും പാക്ക് ചെയ്ത് പിള്ളേരുമായി പോകും. ഞാൻ അവിടെ ചെല്ലേണ്ട താമസം പ്രോമിക്ക് ഇവിടെ പനി തുടങ്ങിയിട്ടുണ്ടാകും. നിത... എനിക്ക് തലവേദനയാണ് പനിയാണ് പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് വിളിക്കും.

പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ചെല്ലുമ്പോൾ തന്നെ എന്നോട് അമ്മ പറയും ഒന്നുകിൽ ഫോൺ കൊണ്ടുവരാതെ വരണം അല്ലെങ്കിൽ അത് ഓഫ് ചെയ്ത് വെക്കാൻ എന്നാണ് നിത പറഞ്ഞത്. ഇരുവരുടെയും വീഡിയോ വൈറലായതോടെ പ്രോമിയുടെ സ്നേഹത്തെ പ്രശംസിച്ച് കമന്റുൾ പ്രത്യക്ഷപ്പെട്ടു.
അതേസമയം ഇതും ഒരു തരത്തിൽ ടോക്സിറ്റിയാണെന്നാണ് മറ്റ് ചിലർ കുറിച്ചത്. മിനിസ്ക്രീനിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തില്‍ തകർത്താടുകയാണ് നിത ഇപ്പോൾ.


Click it and Unblock the Notifications