മഞ്ജു വാര്യരുടെ സെലക്ഷൻ; 'ഈ പറക്കും തളിക'യ്ക്ക് പിന്നിലെ കഥപറഞ്ഞ് നിത്യ ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. നടിയെക്കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'ഈ പറക്കും തളിക' എന്ന ചിത്രത്തിലെ ബസന്തിയെന്ന കഥാപാത്രമാണ്. വിവാഹശേഷം ഒരിടവേള എടുത്തെങ്കിലും താരമിപ്പോൾ സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമാണ്.
സോഷ്യൽ മീഡിയയിലൂടെ നിത്യയുടെ മകളും പ്രേക്ഷകർക്ക് സുപരിചിതയാണ്. അമ്മയും മകളും ഒന്നിച്ചുള്ള ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നതും. ഇപ്പോഴിതാ തൻ്റെ ആദ്യ ചിത്രമായ 'ഈ പറക്കും തളിക'യിലേക്ക് വന്നതിനെപ്പറ്റി പറയുകയാണ് താരം. അമൃത ടിവിയിലെ സ്വാസിക അവതാരികയായി എത്തുന്ന 'റെഡ് കാർപ്പെറ്റ്' എന്ന പരിപാടിയിലൂടെയാണ് തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് താരം പറയുന്നത്.

'പ്ലസ് വണിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സിലേക്ക് പോകുന്ന വഴി ഒരു അഭിഭാഷകൻ എന്നെ വിളിച്ചിട്ട് ചോദിച്ചു. ഒരു മാഗസിനിലേക്ക് അയച്ചു കൊടുക്കാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. ഞാൻ വീട്ടിൽ ചോദിക്കാൻ പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്ന് ചോദിച്ച ശേഷം ഫോട്ടോ എടുത്തു. ആ ഫോട്ടോ ഗൃഹലക്ഷ്മിയിൽ വരികയും ചെയ്തു. പിന്നീട് ആ അഭിഭാഷകൻ ഒരു ഫോട്ടോഗ്രാഫറായി മാറി'.
'ആ ഒരു ഫോട്ടോയാണ് എന്നെ അഭിനയ മേഖലയിൽ എത്തിച്ചത്. ഗൃഹലക്ഷ്മിയിൽ വന്ന എന്റെ ഫോട്ടോ കണ്ടിട്ട് മഞ്ജു ചേച്ചി ദിലീപ് ഏട്ടനെ കാണിച്ച് കൊടുത്തിരുന്നു. അങ്ങനെ ദിലീപേട്ടനാണ് ആ ഫോട്ടോ കണ്ടതിന് ശേഷം എന്നെ 'ഈ പറക്കും തളിക' എന്ന സിനിമയിലേക്ക് വിളിച്ചത്', നിത്യ പറയുന്നു.

മഞ്ജുവിന്റെ ആ സെലക്ഷൻ തെറ്റിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയും. ഈ പറക്കും തളിക എന്ന ചിത്രത്തിൽ നിത്യ ദാസിന് പകരം മറ്റൊരു നായികയെ സങ്കൽപിക്കാൻ പറ്റാത്ത വിധം ആ കഥാപാത്രം മലയാളികളുടെ മനസ്സിൽ പതിഞ്ഞു.
'ഈ പറക്കും തളിക' പോലെ തന്നെ ഹിറ്റായ സിനിമയാണ് 'കൺമഷി'യും. 'കൺമഷി'യിൽ കലാഭവൻ മണിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും താരം പറയുന്നുണ്ട്. 'മണിച്ചേട്ടനുമായി വഴക്കാണ് മിക്കപ്പോഴും. അതിലെ പാട്ട് രംഗം ചിത്രീകരിക്കുമ്പോൾ പോലും ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു. എന്ത് പറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടും. എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല'.

'ഞാൻ എന്ത് പറഞ്ഞാലും കളിയാക്കുന്നത് പോലെയാണ് മണിച്ചേട്ടന് തോന്നിയിരുന്നത്. എനിക്ക് പക്ഷെ മണിച്ചേട്ടനെ ഭയങ്ക ഇഷ്ടമായിരുന്നു. അവസാനകാലത്ത് പോലും വഴക്കിട്ടിരുന്നു. ഏറ്റവും അവസാനം ഞങ്ങളൊരു വിദേശഷോയ്ക്ക് പോകുമ്പോൾ ഞാൻ വെറുതേ, 'മണിക്കിനാവിൻ കൊതുമ്പ് വള്ളം' എന്ന പാട്ട് പാടി. ഒന്നും മനസ്സിൽ വച്ച് പാടിയതല്ല. പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്', നിത്യ ദാസ് വിശദീകരിച്ചു.

മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു നിത്യ. നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മിനിസ്ക്രിനിലേക്കാണ് താരം എത്തിയത്. സിനിമയിലേക്ക് തിരിച്ചെത്തുന്ന വിവരവും സോഷ്യൽ മീഡിയയിലൂടെ നിത്യ അറിയിച്ചിട്ടുണ്ട്. 'പള്ളിമണി' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സൈക്കോ ഹൊറർ വിഭാഗത്തിലുള്ളതാണ് 'പള്ളിമണി' എന്ന സിനിമ. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











