'2017 ൽ ആരോഗ്യം മോശമായി, മാനസികമായി തളർന്നു'; തുറന്ന് പറഞ്ഞ് പത്മപ്രിയ
മലയാളികൾ ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടി പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി. പഴശ്ശിരാജയിലെ അഭിനയത്തിന് നിരവധി അവാർഡുകളാണ് പത്മപ്രിയയെ തേടിയെത്തിയത്.
വടക്കുംനാഥൻ, രാജമാണിക്യം, ഇയോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലും പദ്മപ്രിയ പ്രധാന വേഷം അവതരിപ്പിച്ചു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് പത്മപ്രിയ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിൽ പഠിക്കാൻ പോയത്.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദമെടുത്ത പത്മപ്രിയ പിന്നീട് വിവാഹിതയാവുകയും ചെയ്തു. ആംആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ജാസ്മിൻ ഷാ ആണ് പത്മപ്രിയയുടെ ഭർത്താവ്. ഇരുവരും ഡൽഹിയിലാണ് താമസം. ഇപ്പോഴിതാ ഒരു വടക്കൻ തല്ല് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് പദ്മപ്രിയ. ബിജു മേനോൻ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
സിനിമയിൽ നിന്നെടുത്ത ഇടവേളയെ പറ്റി സംസാരിക്കുകയാണ് പത്മപ്രിയ ഇപ്പോൾ. 'എട്ട് വർഷമായി അഭിനയിച്ചു. അക്കാലത്തെ മികച്ച സംവിധായകരുടെയൊപ്പം മികച്ച സിനിമകളിൽ പ്രവർത്തിച്ചു. നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഇതെല്ലാം പൂർണമായും ആസ്വദിച്ചപ്പോൾ തന്നെ ഒരുതരം നിരാശയും ആവേശക്കുറവും ഉണ്ടായിരുന്നു. ഒരു സിനിമയ്ക്ക് യെസ് എന്ന് പറയുന്നതെന്തിനെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു,' പത്മപ്രിയ പറഞ്ഞു.

'ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഞാൻ കരിയറിന്റെ ഉന്നതിയിലായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെയും ആളുകളെയും നന്നായി മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ചെറുപ്പമായിരുന്നു. ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാനുള്ള ത്വര ഉണ്ടായിരുന്നു. ഓസ്കാർ നേടിയതിന് ശേഷം മനശാസ്ത്രം പഠിക്കാൻ പോയ നാതാലി പോർട്ട്മാനെപ്പോലുള്ള അഭിനേതാക്കളിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു,' പത്മപ്രിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം.

അമേരിക്കയിൽ നിന്ന് തിരിച്ചു വന്ന ശേഷം സിനിമ ചെയ്യാഞ്ഞതിനെക്കുറിച്ചും പത്മപ്രിയ സംസാരിച്ചു. തിരിച്ചു വന്ന ശേഷം ഒരു തിങ്ക് ടാങ്കുമായി ചേർന്ന് ഞാൻ പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ഫിനാൻഷ്യൽ ഡിപ്പാർട്മെന്റുമായി ചേർന്ന് രണ്ട് വർഷം ജോലി ചെയ്തു. അപ്പോൾ സിനിമ ചെയ്യാൻ തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് സെയ്ഫ് അലിഖാനൊപ്പം ഷെഫിൽ അഭിനയിച്ചു. ഞാനദ്ദേഹത്തിന്റെ ഫാനായിരുന്നു. അതിനാൽ ആ സിനിമ ചെയ്യുകയായിരുന്നെന്നും പത്മപ്രിയ പറഞ്ഞു.
Recommended Video

പിന്നീട് 2017 ൽ വലിയ ആരോഗ്യ പ്രതിസന്ധി എനിക്ക് നേരിടേണ്ടി വന്നു. ഞാൻ തികച്ചും സുഖം പ്രാപിച്ചു. പക്ഷെ വലിയ മാനസിക ആഘാതമുണ്ടാക്കി. ഞാൻ പൊതുവെ കായികക്ഷമതയുള്ള ആളായിരുന്നു. എന്നാൽ ഈ സമയത്ത് കലയും ചരിത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചു. കലാമേഖലയുമായി വീണ്ടും ബന്ധപ്പെടുകയും ഒന്നര വർഷം മുമ്പ് വീണ്ടും സിനിമ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നെന്ന് പത്മപ്രിയ പറയുന്നു.


Click it and Unblock the Notifications











