'ബില്ല് കാണിച്ച് ജേർണലിസ്റ്റുകൾ ജയറാമിനെ പേടിപ്പിക്കും, അല്ലെങ്കിൽ എന്തെങ്കിലും എഴുതിപിടിപ്പിക്കില്ലേ'; പാർവതി
സിനിമാപ്രേമികൾ തിരിച്ച് വരവ് ആഗ്രഹിക്കുന്ന നടിമാരിൽ ഒരാളാണ് പാർവതി ജയറാം. എന്നാൽ വിവാഹത്തോടെ അഭിനയത്തോട് വി പറഞ്ഞ പാർവതി ഇപ്പോൾ നൃത്തത്തിൽ മാത്രമാണ് സജീവം. അമ്പത്തിമൂന്നുകാരിയായ പാർവതി 1986 മുതൽ സിനിമയിൽ സജീവമാണ്.
ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരായി സന്തുഷ്ട ജീവിതം നയിക്കുകയും ചെയ്യുന്ന മലയാളത്തിലെ താരദമ്പതികളുടെ ലിസ്റ്റെടുത്താൽ എന്നും മുന്നിൽ സ്ഥാനം പിടിക്കുന്ന ജോഡിയാണ് പാർവതിയും ജയറാമും. സാഹസീകമായി പ്രണയിച്ച് ഒട്ടനവധി എതിർപ്പുകളും മറികടന്നാണ് പാർവതിയും ജയറാമും ഒന്നിച്ചത്.
അപരൻ എന്ന ജയറാമിന്റെ ആദ്യ സിനിമയിൽ സഹോദരിയായി അഭിനയിച്ചത് പാർവതിയായിരുന്നു. അവിടെ നിന്നും തുടങ്ങിയ സൗഹൃദവും അടുപ്പവുമാണ് വിവാഹത്തിൽ കലാശിച്ചത്. പാർവതിയുടെ അമ്മയും ബന്ധുക്കളുമാണ് ജയറാമുമായുള്ള ബന്ധത്തെ ഏറ്റവും കൂടുതൽ എതിർത്തത്. 1992ൽ ജയറാം പാർവതിയെ വിവാഹം ചെയ്യുമ്പോൾ അന്ന് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി.

പല സഹപ്രവർത്തകരുടെയും സഹായത്തോടെയാണ് ജയറാം പാർവതിയെ കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അക്കാലത്ത് മാധ്യമപ്രവർത്തകർ ജയറാമിനെ പേടിപ്പിച്ചിരുന്നത് താനുമായുള്ള പ്രണയം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നുവെന്നാണ് പാർവതി പറയുന്നത്.
ബിഎസ്എൻഎൽ ഫോൺ ബില്ലുമായാണ് അന്ന് മാധ്യമപ്രവർത്തകർ ജയറാമിനെ കാണാൻ വന്നിരുന്നതെന്നും ഇവർ എന്തെങ്കിലും എഴുതിപിടിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു ജയറാം ജീവിച്ചിരുന്നതെന്നും പാർവതി പറയുന്നു. പ്രണയകാലത്തെ രസകരമായ ഓർമകൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച പാർവതിയുടെ പഴയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്.
'ചില ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ജയറാമിനെ പേടിപ്പിക്കുമായിരുന്നുവത്രേ. പാർവതിക്ക് എത്ര കോൾ ചെയ്തിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് ബിഎസ്എൻഎൽ ഫോൺ ബില്ല് കയ്യിൽ വെച്ച് അവർ അന്ന് ജയറാമിനെ പേടിപ്പിക്കുമായിരുന്നു. ഇതൊക്കെ കാണിച്ച് പേടിപ്പിച്ചാണ് പരിപാടികളിലേക്ക് അവർ ജയറാമിനെ കൊണ്ടുപോയിരുന്നത്.'
'പോകാതിരിക്കാനും പറ്റില്ല കാരണം ഇവർ എന്തെങ്കിലും എഴുതി പിടിപ്പിച്ചാലോ എന്ന് വിചാരിച്ചിട്ട്. ഈ ഒരു കാര്യത്തിന് മാത്രമെ പേടിച്ചിട്ടുള്ളു. പ്രേമം അവർ പബ്ലിഷ് ചെയ്യുമോ എന്നതായിരുന്നു ഭയമെന്നും', പാർവതി പറയുന്നു. ജയറാമിന്റെ ഫോൺ കോളുകൾ അമ്മ തനിക്ക് തരാറില്ലായിരുന്നുവെന്നും പാർവതി പറയുന്നു.

'എന്റെയും അമ്മയുടെയും ചേച്ചിയുടെയും ശബ്ദം ഏകദേശം ഒരുപോലെയാണ്. മനസിലാവില്ല ആരാണ് സംസാരിക്കുന്നതെന്ന്. ജയറാം ട്രങ്ക് കോൾ ബുക്ക് ചെയ്ത് എന്നെ വിളിക്കും പക്ഷെ കോൾ അമ്മയായിരിക്കും എടുക്കുക. ജയറാമാണെന്ന് മനസിലായാൽ അമ്മ കോൾ കട്ട് ചെയ്യും എനിക്ക് തരില്ല. മണിക്കൂറുകളോളം വെയിറ്റ് ചെയ്തായിരിക്കും കോൾ ബുക്ക് ചെയ്ത് ജയറാം വിളിക്കുന്നത്.'
'പക്ഷെ അമ്മ എനിക്ക് തരില്ല. അന്ന് കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാണ് ഇപ്പോൾ നല്ലൊരു ലൈഫ് കിട്ടിയത്', എന്നാണ് പാർവതി പ്രണയ കാലത്തെ ഓർമകൾ പങ്കുവെച്ച് പറഞ്ഞത്. തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഇന്ന് ജയറാം. അച്ഛനേയും അമ്മയേയും പോലെ മക്കളായ കാളിദാസും മാളവികയും പ്രണയത്തിലൂടെ തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തി കഴിഞ്ഞു.
കാളിദാസ് മോഡലും നടിയുമായ തരിണിയെയാണ് പ്രണയിക്കുന്നത്. എന്നാൽ മാളവിക തന്റെ കാമുകന്റെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഒരു യുവാവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മാളവിക പ്രണയം പരസ്യപ്പെടുത്തിയത്. ഇരുവരും മുഖാമുഖം നില്‍ക്കുന്നതിനാല്‍ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല.
ജയറാമിനും പാര്‍വതിക്കും കാളിദാസിനും കാളിദാസിന്റെ കാമുകിയായ തരിണിക്കുമൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മാളവിക. ഇതിനിടയില്‍ എടുത്ത ചിത്രമാണിത്. സ്വപ്‌നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു എന്ന ക്യാപ്ഷനോടൊണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications