'എല്ലാരും കളിയാക്കും ഇനി പറയരുതേ എന്നൊക്കെ അച്ഛനോട് പറയുമായിരുന്നു, അച്ഛനില്ലെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല'
അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി ഇൻസ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്.
പാർവതിയും മകൻ അച്ചുകുട്ടനും ഒരുമിച്ചുള്ള വീഡിയോകൾക്കാണ് ആരാധകർ ഏറെയും. പ്രസവശേഷം ശരീര ഭാരം കുറച്ച് പാർവതി നടത്തിയ മേക്കോവറും വൈറലായിരുന്നു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് പാർവതി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

അച്ഛന്റെ വേർപാടുണ്ടാക്കിയ വേദനയെ കുറിച്ചും അച്ഛനൊപ്പമുള്ള ഓർമകളും എല്ലാമാണ് പാർവതിയുടെ കുറിപ്പിൽ നിറഞ്ഞ് നിൽക്കുന്നത്. താന്‍ ക്യാമറയ്ക്ക് മുന്നില്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന വ്യക്തി അച്ഛനായിരുന്നുവെന്ന് പറഞ്ഞാണ് പാർവതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. അച്ഛൻ... ഞാൻ മീഡിയയിൽ വരണമെന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു.
എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമായിരുന്നു അച്ഛാ... എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ. എന്തൊക്കെ വന്നാലും പെൺ മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെയാണ്. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും.
കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെയായിരിക്കും. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല. ഇത്രേ ഉള്ളു എല്ലാവരും... ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ... ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല ... ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ... സ്ട്രോക്ക് വന്നതിനുശേഷം അവസാന നാല് മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടായിരുന്നില്ല.
അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രമേയുള്ളു ഒരു ആശ്വാസം. കാണുന്നുണ്ടാകും എല്ലാം എന്നാണ് അച്ഛന്റെ ഓർമകൾ പങ്കിട്ട് പാർവതി കുറിച്ചത്.

പാർവതിയുടെ കുറിപ്പ് വായിച്ച് താരത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും വരെ ഇമോഷണലായി എന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. ദൈവം ഈ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ പാർവതിയേയും കുടുംബത്തെയും സഹായിക്കട്ടെയെന്നും പ്രാർത്ഥനകളും സ്നേഹവും നേരുന്നുവെന്നുമാണ് കമന്റുകൾ ഏറെയും. അച്ഛനെപ്പോഴും പാർവതിക്കൊപ്പമുണ്ടെന്നും ചിലർ താരത്തിന് ആശ്വാസം പകർന്ന് കുറിച്ചു. കഴിഞ്ഞ ദിവസവും അച്ഛനോടൊപ്പമുള്ള ചിത്രവും കുറിപ്പും പാര്‍വതി പങ്കുവെച്ചിരുന്നു.
ഉള്ളപ്പോള്‍ ആവുന്നത്ര ചേര്‍ത്ത് പിടിച്ചോണമെന്നും ഇല്ലാതാകുമ്പോള്‍ ഒന്ന് കാണാനും ചേര്‍ത്ത് പിടിക്കാനും തോന്നിപ്പോകുമെന്നുമായിരുന്നു പാര്‍വതി അച്ഛന്റെ ചിത്രത്തിന് ഒപ്പം കുറിച്ചത്. കുഞ്ചാക്കോ ബോബൻ സിനിമ ഗർർ ആണ് പാർവതി അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications











