'അടുത്ത ട്രിപ്പിന് പിള്ളേർ വേണ്ട ഞാനും നീയും മാത്രം, അഞ്ച് ദിവസം പിള്ളേരില്ലെങ്കിലും കുഴപ്പമില്ല'; പേളി!
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. ഗർഭകാലത്തും യാത്രകളിലാണ് പേളി മാണി. ഭർത്താവിനും മകൾ നിലയ്ക്കുമൊപ്പം താരം ഇപ്പോൾ തുർക്കിയിൽ അവധി ആഘോഷിക്കുകയാണ്. ഒപ്പം കസിൻ ശ്രദ്ധയുമുണ്ട്.
തുർക്കിയിലേക്ക് പുറപ്പെട്ടപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും വീഡിയോയാക്കി പകർത്തി പേളി തന്റെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്. തുർക്കിയിൽ ആദ്യമായാണ് പേളി സന്ദർശനത്തിന് എത്തുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായശേഷമുള്ള പേളിയുടെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണ് തുർക്കിയിലേത്.
തുർക്കിയുടെ തനത് രുചിയും തെരുവുകളും ചരിത്രവും അറിഞ്ഞും കണ്ടും കേട്ടും ബേബി മൂൺ ആസ്വദിക്കുകയാണ് പേളി. വിവാഹശേഷമാണ് പേളി മാണി കൂടുതൽ വിദേശയാത്രകൾ ആസ്വദിക്കാൻ തുടങ്ങിയത്. പേളിക്കും ശ്രീനിഷിനുമൊപ്പം ഏത് യാത്രയ്ക്കും ഒരുക്കമാണ് ഇരുവരുടെയും മകൾ നിലയും. ഗർഭകാലം നാലാം മാസത്തിലേക്ക് പിന്നിട്ടപ്പോഴാണ് പേളി താൻ രണ്ടാമതും ഗർഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.

മൂന്ന് മാസം വരെ മൂഡ് സ്വിങ്സും അസ്വസ്ഥതകളും എല്ലാമായി വളരെ അധികം ബുദ്ധിമുട്ടിയിരുന്നുവെന്നും പേളി വെളിപ്പെടുത്തിയിരുന്നു. നിറവയറുമായി തുർക്കിയുടെ തെരുവോരങ്ങളിലൂടെയെല്ലാം പേളി നടക്കുന്നത് കാണുന്നത് തന്നെ യാത്ര ചെയ്യാൻ ഒരു പ്രചോദനമാണെന്നാണ് കുഞ്ഞുങ്ങൾ ഉള്ള അമ്മമാരുടെ കമന്റുകൾ.
താരം പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ തുർക്കിയിലെ ഇന്ത്യൻ റെസ്റ്റോറന്റിലെത്തി ബിരിയാണി കഴിക്കുന്നതിന്റെയും ഇസ്താൻ ബുള്ളിലെ ഏറ്റവും വലിയ മാർക്കറ്റായ ഗ്രാന്റ് ബസാർ എക്സ്പ്ലോർ ചെയ്യുന്നതിന്റെയും വിശേഷങ്ങളാണ് പേളി പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിരിയാണി കഴിക്കണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്ത്യൻ റെസ്റ്റോറന്റ് കണ്ടെത്തിയതെന്നും പേളി പറയുന്നു.
ഗർഭിണിയായതിനാൽ തുർക്കിയിലെ ഭക്ഷണം കഴിച്ച് മടുപ്പ് തോന്നി തുടങ്ങിയെന്നും അതുകൊണ്ടാണ് എരിവുള്ള ഭക്ഷണം കഴിക്കാനായി ബിരിയാണി അന്വേഷിച്ച് ഇറങ്ങിയതെന്നും പേളി വീഡിയോയിൽ പറയുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ഗ്രാന്റ് ബസാറിൽ നിന്നും സുഹൃത്തുക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമായി സമ്മാനങ്ങൾ വാങ്ങിയതിന്റെ വിശേഷങ്ങളും പേളി വീഡിയോയിൽ പങ്കുവെച്ചു.
ഗ്രാന്റ് ബസാറിനുള്ളിൽ ബ്രാന്റഡായതും അല്ലാത്തതുമായ നാലായിരത്തോളം കടകൾ ഉണ്ടെന്നും എല്ലാ കടയിലും കയറാൻ സാധിച്ചില്ലെങ്കിലും കഴിയുന്നിടത്തോളം കടകളിൽ കയറുകയും ചില സാധനങ്ങൾ വാങ്ങുകയും എക്സ്പ്ലോർ ചെയ്യുകയും ചെയ്തതായും പേളി പറയുന്നു.

യാത്രയിൽ ഉടനീളം മകൾ നിലയെ സ്റ്റോളറിൽ ഇരുത്തുകയാണ് പേളി ചെയ്തത്. നിലയ്ക്ക് അതിൽ പ്രശ്നങ്ങളില്ലെന്നും സ്റ്റോളറിൽ കിടന്നുറങ്ങുകയാണ് നിലയുടെ ഇഷ്ട വിനോദമെന്നും പേളി പറയുന്നു. അടുത്ത ട്രിപ്പ് മുതൽ രണ്ട് മക്കളെയും ഒഴിവാക്കി തങ്ങൾ മാത്രം യാത്ര ചെയ്താൽ മതിയെന്നും പേളി ശ്രീനിഷിനോട് തമാശയായി പറയുന്നത് കേൾക്കാം.
'അടുത്ത ട്രിപ്പിന് രണ്ട് പിള്ളേരും ഇല്ല... ഞാനും നീയും മാത്രം. എനിക്ക് എങ്കിലെ ട്രിപ്പ് എഞ്ചോയ് ചെയ്യാൻ പറ്റു. സ്റ്റോളർ ഉന്തിക്കൊണ്ട് നടന്നാൽ മതിയോ', എന്നാണ് പേളി ശ്രീനിഷിനോട് ചോദിച്ചത്. ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാലും മക്കളില്ലാതെ യാത്ര ചെയ്യാൻ നിനക്ക് പറ്റുമോ എന്നാണ് ശ്രീനിഷ് പേളിയോട് തിരിച്ച് ചോദിച്ചത്.
'യാത്രയ്ക്ക് പുറപ്പെടുമ്പോൾ നിലയേയും കുഞ്ഞുവാവയേയും കൂട്ടണമെന്ന് ഞാൻ ചിലപ്പോൾ പറഞ്ഞെന്ന് വരും. ആ സമയത്ത് മക്കൾ വേണ്ട നമ്മൾ മാത്രം മതിയെന്ന് നീ എന്നോട് പറയണം. മാത്രമല്ല അഞ്ച് ദിവസം വരെ പിള്ളേരില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ആറാം ദിവസം ഞാൻ കരയാൻ തുടങ്ങുമെന്നുമാണ്', പേളി പറഞ്ഞത്. പേളിയുടെയും ശ്രീനിഷിന്റെയും ട്രിപ്പ് വീഡിയോ കാണുമ്പോൾ തുർക്കിയിൽ എത്തിയ ഫീലാണെന്നാണ് വീഡിയോയ്ക്ക് ആരാധകർ നൽകിയ കമന്റ്.


Click it and Unblock the Notifications