'ശ്രീനി ആ സമയത്ത് മൂഡ് ഓഫായിരുന്നു, എല്ലാവരും അതിന് വേറെ പലതുമായി വ്യാഖ്യാനിച്ചു'; താലികെട്ടിനെ കുറിച്ച് പേളി!
ഒരു പരിചയവുമില്ലാത്ത ഒരാൾക്കൊപ്പം നൂറ് ദിവസം ഒരു വീട്ടിൽ താമസിച്ചുവെന്നതിന്റെ പേരിൽ പ്രണയം തോന്നുമോ..? അങ്ങനെ തോന്നിയാലും അത് വിവാഹത്തിലേക്ക് എത്തുമോ എന്നിങ്ങനെയുള്ള നൂറ് നൂറ് ചോദ്യങ്ങളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദ് ബിഗ് ബോസ് ഹൗസിൽ വെച്ച് മോഹൻലാലിന് മുമ്പിൽ പ്രണയം വെളിപ്പെടുത്തിയപ്പോൾ പ്രേക്ഷകരുടെ മനസിൽ തോന്നിയത്. എന്നാൽ അങ്ങനെയും ചില പ്രണയങ്ങളുണ്ടെന്ന് പേളിയും ശ്രീനിഷും പിന്നീടുള്ള അവരുടെ കുടുംബജീവിതത്തിലൂടെ കാണിച്ച് തന്നു.
ഒരു റിയാലിറ്റി ഷോയിലൂടെയാണ് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത് എന്നതുകൊണ്ട് തന്നെ പിന്നീട് തന്റെയും ഭർത്താവ് ശ്രീനിഷിന്റെയും മകൾ നിലയുടെയും ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പേളി യുട്യൂബ് ചാനലിലൂടെയും സോഷ്യൽമീഡിയ വഴിയും പരസ്യപ്പെടുത്താൻ തുടങ്ങി.
തുടക്കത്തിൽ വിമർശനങ്ങളുണ്ടായിരുന്നുവെങ്കിലും തന്റെ ആരാധകരുടെ ആകാംഷയെ മനസിലാക്കി വേണ്ടതിന് സ്വകാര്യത നൽകിയാണ് പേളിയും ശ്രീനിഷും സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നത്.

നാല് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അതിൽ ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹം ശ്രീനിഷിന്റെ നാടായ പാലക്കാട് വെച്ചായിരുന്നു. ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള വിവാഹവും റിസപ്ഷനും കഴിഞ്ഞ ശേഷമായിരുന്നു ഹിന്ദു വെഡ്ഡിങ് നടന്നത്. പരമ്പരാഗത രീതിയിൽ ചുവന്ന പട്ടിലും മുല്ലപ്പൂവിലും ആഭരണങ്ങളിലും അതീവ സുന്ദരിയായിരുന്നു പേളി.
ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം തനിക്ക് പുതുമയുള്ളതായിരുന്നുവെന്നും അുകൊണ്ട് ശ്രീനിഷ് തന്നെ ചില ഇടങ്ങളിൽ പറ്റിച്ചുവെന്നും അതിന്റെ ഫലം വിവാഹ വീഡിയോയിൽ ഉടനീളം കാണാമെന്നും റിയാക്ഷൻ വീഡിയോയിൽ സംസാരിക്കവെ പേളി പറഞ്ഞു.
'ശ്രീനിക്ക് ഇഷ്ടപ്പെട്ട കളറാണ് ചുവപ്പ്. ആദ്യമായി ശ്രീനി എനിക്ക് വാങ്ങിത്തന്ന നെയിൽപോളിഷിന്റെ കളർ ചുവപ്പായിരുന്നു. അതുകൊണ്ട് തന്നെയാണ് വിവാഹ സാരിയും ചുവപ്പും ഗോൾഡും കലർന്നത് സെലക്ട് ചെയ്തത്. ഞാൻ ആദ്യമായാണ് അത്തരം ഒരു മേക്കപ്പും ലുക്കും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞാനും എന്നെ മേക്കപ്പ് ചെയ്ത രഞ്ജുവും വളരെ എക്സൈറ്റഡായിരുന്നു.'
'സാരിയിൽ ഞങ്ങളുടെ ഒരു കപ്പിൾ ഫോട്ടോ സ്റ്റിച്ച് ചെയ്തിരുന്നു. ഒരു മാസത്തോളം അതിന് ആവശ്യമായിരുന്നുവെന്നും പേളി പറയുന്നു. ഹിന്ദു വെഡ്ഡിങിനെ കുറിച്ച് പേളി സംസാരിക്കുമ്പോഴെല്ലാം ശ്രീനി പേളിയുടെ സൗന്ദര്യത്തെ പുകഴ്ത്തുകയായിരുന്നു.'

'വിവാഹത്തിലുട നീളം താൻ കൈകൂപ്പി നിൽക്കാൻ കാരണം ശ്രീനിയാണെന്നും പേളി പറയുന്നു. വധു കൈകൂപ്പി നിൽക്കുമെന്നാണ് ശ്രീനി പറഞ്ഞ് തന്നിരുന്നതെന്നും അങ്ങനെ പറഞ്ഞ് ശ്രീനി പറ്റിച്ചതിനാൽ വീഡിയോയിൽ മുഴുവൻ ഞാൻ കൈകൂപ്പി നിൽക്കുകയായിരുന്നുവെന്നും', പേളി പറയുന്നു.
താലികെട്ടുമ്പോൾ ശ്രീനിഷിന്റെ മുഖത്ത് ചിരി ഇല്ലാതിരുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും പേളി വെളിപ്പെടുത്തി. 'അന്ന് പാലക്കാട് ചൂട് കൂടുതലുള്ള സമയമായിരുന്നു. മണ്ഡപത്തിലെ കൂളർ പ്രവർത്തിക്കാത്തിനാൽ വിയർത്ത് ഒഴുകുകയായിരുന്നു. അതിന്റെ പേരിൽ ശ്രീനി ഇവന്റ് ടീമിനോട് ചൂടായി നിൽക്കുകയായിരുന്നു.'
'ആ ഒരു മൂഡ് ഓഫ് താലികെട്ടുന്ന സമയത്ത് ശ്രീനിയുടെ മുഖത്തുണ്ടായിരുന്നു. ഇനി ജീവിതത്തിൽ ഉടനീളം ഇപ്പോൾ എടുക്കുന്ന ഈ ഒരു ഫോട്ടോ മാത്രമെ ഉള്ളൂവെന്ന് ഞാൻ പറഞ്ഞപ്പോഴാണ് ശ്രീനി ചിരിച്ചത്. ആ വീഡിയോ വൈറലായപ്പോൾ എല്ലാവരും അന്ന് അതിന് വേറെ പലതുമായി വ്യാഖ്യാനിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണെന്ന്', പേളി വിവരിച്ചു. തന്റെ വിവാഹ സാരി സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും അത് മകൾ നിലയ്ക്ക് എന്നെങ്കിലും താൻ കൊടുക്കുമെന്നും പേളി പറഞ്ഞു.


Click it and Unblock the Notifications