'ജീവിതത്തിലെ ദുർബലമായതും അതേസമയം ഏറ്റവും മനോഹരമായ സമയവും അതായിരുന്നു, ശ്രീനിക്കും അതുതന്നെ'; പേളി
ഒട്ടും ഇൻട്രൊഡക്ഷൻ ആവശ്യമില്ലാത്ത നടിയും അവതാരികയും മോഡലും ഗായികയും സംഗീത സംവിധായികയുമെല്ലാമാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി ലോകത്തെമ്പാടുമായി നിരവധി ആരാധകരെ സ്വന്തമാക്കിയത്. റിയാലിറ്റി ഷോകളും പാചകവുമായി ബന്ധപ്പെട്ട ഷോകളിലൂടെയുമാണ് പേളി ടെലിവിഷൻ രംഗത്ത് എത്തുന്നത്.
ശേഷം ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി പങ്കെടുത്തു. ആദ്യത്തെ സീസണിൽ രണ്ടാം സ്ഥാനം പേളിക്കായിരുന്നു. ബിഗ് ബോസിൽ മത്സരാർഥിയായ ശേഷമാണ് പേളിക്ക് ആരാധകർ കൂടിയത്.
നടൻ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലായതും ബിഗ് ബോസിൽ വെച്ചാണ്. പേളി ഒരാളെ ബിഗ് ബോസിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും പ്രണയം പേളിയുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് കരുതിയത്.
പക്ഷെ അങ്ങനെയായിരുന്നില്ലെന്ന് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രീനിഷിനെ തന്നെ വിവാഹം ചെയ്ത് പേളി തെളിയിച്ചു. പേളിയും ശ്രീനിഷും പേളിഷ് എന്നാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഇരുവരും ഇപ്പോൾ സജീവമായി ഒരു യുട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

കൂടാതെ പേളിയും ശ്രീനിഷും സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗത്തിൽ വൈറലാകാറുമുണ്ട്. പേളി അവതാരികയായ സെലിബ്രിറ്റി ഇന്റർവ്യൂസിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ശ്രീനിഷാണ്. ശ്രീനിഷിന്റെ കോർഡിനേഷനാണ് തന്റെ ഷോയുടെ വിജയത്തിന് കാരണമെന്ന് പേളി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇരുവരുടേയും മകൾ നിലയും ഇപ്പോൾ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. ഇപ്പോഴിത ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെ തന്റെ ഗർഭകാലത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമെല്ലാം പേളി സംസാരിച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'നിങ്ങൾ ഈ തുടങ്ങിവെച്ചിരിക്കുന്ന സംരംഭത്തിൽ ഏറ്റവും കൂടുതൽ കേൾക്കാൻ പോകുന്ന ഒച്ച കുട്ടികളുടേതാണ്. എന്റെ കൊച്ചാണ് അവിടെ കിടന്ന് കരയുന്നത്. കൊച്ചുങ്ങൾ കരയുന്നത് ആദ്യം കേൾക്കാൻ സുഖമാണ്... ഇപ്പോഴും സുഖമൊക്കെയുണ്ട്.'
'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ചോ നിമിഷത്തെ കുറിച്ചോ സംസാരിക്കാൻ പറഞ്ഞാൽ ഞാൻ പറയാൻ പോകുന്നത് നിലയുടെ മുഖം ആദ്യമായി കണ്ട ആ നിമിഷത്തെ കുറിച്ചായിരിക്കും. അത് എന്റെ ജീവിതത്തിലെ ഏറ്റവും ദുർബലമായ നിമിഷവും അതേസമയം ഏറ്റവും മനോഹരമായ സമയവുമായിരുന്നു. ഒട്ടനവധി വികാരങ്ങൾ ഒരേ സമയം എനിക്ക് ആ നിമിഷം അനുഭവപ്പെട്ടു.'

'അത് വിവരിക്കാൻ പോലും എനിക്ക് സാധിക്കില്ല. അത് അനുഭവം എന്നെപ്പോലെയുണ്ടായിട്ടുള്ളവർക്ക് അത് മനസിലാകും. എനിക്ക് മത്രമല്ല എന്റെ ഭർത്താവിനും അന്ന് അതേ അനുഭവമാണ് ഉണ്ടായത്. എത്രയൊക്കെ മാറ്റങ്ങൾ സംഭവിച്ചുവെന്ന് പറഞ്ഞാലും വളരെ ദിവ്യമായ പരിശുദ്ധമായ ഒന്നാണ് ഗർഭധാരണവും പ്രസവവും.'
'ആദ്യമായി അമ്മയായ വ്യക്തിയാണ് ഞാൻ എന്നതുകൊണ്ട് തന്നെ എപ്പോഴും ഞാൻ എന്റെ ഗൈനക്കോളജിസ്റ്റുമായി സംസാരിക്കുകയും അറിവുകൾ നേടിയെടുക്കുകയും ചെയ്യാറുണ്ട്. ഇത് കാലങ്ങളോളം നീളുന്ന പ്രോസസാണല്ലോ...' മൈത്ര ആശുപത്രിയുടെ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ പേളി പറഞ്ഞു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ഞാൻ വോട്ട് കൊടുത്ത് സ്നേഹിച്ച എന്റെ പേളി, എൻ്റെ വോട്ടിന് ഒരു വിലയുണ്ടെന്ന് തെളിയിച്ച വ്യക്തി' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
പേളിയുടേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വലിമൈയാണ് പേളി അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ അജിത്തായിരുന്നു നായകൻ.


Click it and Unblock the Notifications