'മരുമകളല്ല മകൾ തന്നെയാണ്, അമ്മയ്ക്കും എനിക്കും ഒരേ മുഖച്ഛായയാണ്, അത് കണ്ടാണ് ശ്രീനി എന്നെ ഇഷ്ടപ്പെട്ടത്'; പേളി
കേരളത്തിലെ സെലിബ്രിറ്റി കപ്പിൾസിന് ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അവതാരക, ഗായിക, നടി, യുട്യബർ എന്നീ നിലകളിൽ എല്ലാം തിളങ്ങി നിൽക്കുന്ന പേളി മാണിക്കും നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദിനുമാണ്. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയകഥ പോലും വളരെ അവിശ്വസനീയമാണ്.
ഇരുവരും കണ്ടമുട്ടിയതും പ്രണയിച്ചതുമെല്ലാം ബിഗ് ബോസിൽ വെച്ചാണ്. ഇതൊക്കെ ഷോ ജയിക്കാനുള്ള നാടകമാണെന്നും പെട്ടന്ന് പ്രണയത്തിലാകാൻ ആർക്കും സാധിക്കില്ലെന്നുമാണ് അന്ന് ഒരു വിഭാഗം പേളിയേയും ശ്രീനിഷിനേയും അടക്കം വിമർശിച്ച് പറഞ്ഞത്.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു എല്ലാവരുടേയും നിഗമനങ്ങളെ തെറ്റിച്ചുകൊണ്ട് ഹൗസിന് പുറത്ത് വന്നിട്ടും ഇരുവരും ശക്തമായി പ്രണയിച്ചു. വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ ഇരുവർക്കും നില എന്നൊരു മകളുമുണ്ട്.
ദാമ്പത്യ ജീവിതം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും ഇരുവരും പണ്ടത്തേതിനേക്കാൾ ശക്തമായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. പേളിയുടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ശ്രീനിഷിന്റെ സ്നേഹവും പിന്തുണയുമാണ്.

ഇപ്പോഴിത ശ്രീനിഷും പേളിയും മകൾക്കൊപ്പം തങ്ങളുടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശ്രീനിഷിന്റെ അമ്മയുടെ പാലക്കാടുള്ള തറവാട്ടിലേക്ക് അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് എക്സ്പ്ലോർ ചെയ്യുകയാണ് ശ്രീനിഷും പേളിയും നിലയുമെല്ലാം. വളരെ നാളുകൾക്ക് ശേഷമാണ് പേളിയും ശ്രീനിഷും നിലയ്ക്കൊപ്പം പാലക്കാട് വരുന്നത്. ഇതിന് മുമ്പ് നിലയുടെ ചോറൂണിനാണ് ഇരുവരും ഇവിടേക്ക് വന്നത്. അന്ന് നില കൈക്കുഞ്ഞായിരുന്നു.

മുമ്പ് നിലയ്ക്കൊപ്പം നാട്ടുവഴിയിലൂടെ നടന്ന് ശ്രീനിഷിന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോ പേളി പങ്കുവെച്ചിരുന്നു. കഴിഞ്ഞ വീഡിയോയിലാണ് അന്നത്തേയും ഇന്നത്തേയും മാറ്റത്തെ കുറിച്ച് പേളി പറഞ്ഞത്. ഒരു വയസ് പിന്നിട്ട നിലയോട് നാട്ടുവഴിയിലൂടെ നടക്കാൻ പേളി പറഞ്ഞെങ്കിലും ഉറക്ക ചടവ് മാറാതിരുന്നതിനാൽ നില നടക്കാൻ തയ്യാറായിരുന്നില്ല.
വളരെ നാളുകൾക്ക് ശേഷമാണ് പേളിയും ശ്രീനിഷും ശ്രീനിഷിന്റെ അമ്മമ്മയെ കാണുന്നത്. അതിനാൽ മുത്തശ്ശിയും മറ്റ് കുടുംബാംഗങ്ങളും അടക്കാനാവാത്ത സന്തോഷത്തോടെയാണ് പേളിയേയും നിലയേയും സ്വീകരിച്ചത്.

ചെന്നൈയിൽ നിന്നും ശ്രീനിഷിന്റെ അമ്മയും അച്ഛനും പാലക്കാട് വന്നിരുന്നു. അമ്മയുടെ ഒപ്പം പഠിച്ചവരുടെ റീയൂണിയനിൽ പങ്കെടുക്കാനാണ് അമ്മ വന്നതെന്ന് വീഡിയോയിൽ പേളി പറയുന്നുണ്ട്. കൂടാതെ അമ്മയ്ക്കൊപ്പം നാടൻ രീതിയിൽ മീൻ കറിവെച്ചതിന്റെ വീഡിയോയും പേളി പങ്കുവെച്ചിട്ടുണ്ട്.
ശ്രീനിഷിന്റെ അമ്മ ജനിച്ച് വളർന്ന വീടാണ് ഇപ്പോൾ ഇവരുടെ തറവാട്. സകലകലാവല്ലഭയാണ് പേളിയെന്നും മരുമകളല്ല മകളാണ് തനിക്ക് പേളിയെന്നും വീഡിയോയിൽ ശ്രീനിഷിന്റെ അമ്മ പറയുന്നുണ്ട്.

വിറക് അടപ്പിൽ ഭക്ഷണം പാകം ചെയ്യുന്നത് വലിയൊരു ലക്ഷ്വറിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും പേളി പറയുന്നുണ്ട്. അതിനിടയിൽ പേളിക്കും ശ്രീനിഷിന്റെ അമ്മയ്ക്കും ഒരേ മുഖച്ഛായയാണെന്നാണ് ശ്രീനിഷിന്റെ മേമ പറഞ്ഞത്.
ഇതുകേട്ട് ഉടൻ പേളിയുടെ കമന്റും വന്നു. ആ മുഖച്ഛായ ഉള്ളതുകൊണ്ടാണ് ശ്രീനി തന്നെ ഇഷ്ടപ്പെട്ടതെന്നും അമ്മയെപ്പോലൊരു കൊച്ച് എന്ന് ശ്രീനിഷിന് തോന്നിയെന്നുമാണ് പേളി പറയുന്നത്.
പേളി പ്രസവിച്ച് കഴിഞ്ഞ് പാലക്കാട് വന്നപ്പോൾ മുത്തശ്ശിക്ക് ആദ്യം തോന്നിയത് തന്റെ അമ്മയുടെ പഴയ രൂപമാണെന്നും ശ്രീനിഷ് വീഡിയോയിൽ പറയുന്നുണ്ട്.

പച്ചപ്പും മണ്ണും പ്രകൃതിയും ആസ്വദിച്ച് കസിൻസിനൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന നിലയേയും വീഡിയോയിൽ കാണാം. വീഡിയോയ വൈറലായതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി.
'സ്വന്തം ഇണയുടെ അമ്മയിൽ നിന്ന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം... എല്ലാത്തിലും സർവകലാവല്ലഭ... എനിക്ക് മരുമകൾ അല്ല ഇവൾ എന്റെ മകൾ ആണെന്ന് പറഞ്ഞുകൊണ്ട് അമ്മ പേളിയെ ചേർത്തുപിടിച്ച ആ നിമിഷം ശരിക്കും കണ്ണ് നിറഞ്ഞ് പോയി, നഗര ജീവിതവും ഗ്രാമ ജീവിതവും ഒരുപോലെ അനുഭവിക്കാൻ ഭാഗ്യമുള്ള വാവയാണ് നില. എല്ലാരുടെയും സ്നേഹം അനുഭവിച്ച് മിടുക്കിയായി വളരട്ടെ' എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.


Click it and Unblock the Notifications