'ഞാനും ഒരു പെണ്ണല്ലേ സണ്ണി..., ഫിലോമിന മുറിയിൽ വിളിച്ച് കയറ്റി, ലിവിങ് റിലേഷനായിരുന്നു'; ഫിലോമിനയുടെ കാമുകൻ!
മലയാള സിനിമയിലെ അതുല്യ നടിമാരില്‍ ഒരാളാണ് ഫിലോമിന. ഹ്യൂമറും സെന്റിമെന്റ്സുമെല്ലാം അതിമനോഹരമായി കൈകാര്യം ചെയ്യുന്ന നടി. കുട്ടിക്കുപ്പായത്തിൽ പ്രേം നസീറിന്റെ അമ്മയായി കരിയർ തുടങ്ങിയ ഫിലോമിന പിന്നീട് ഗോഡ് ഫാദറിലും ഹരിഹര്‍ നഗറിലും അമ്മ അമ്മായിയമ്മയിലും തുടങ്ങി നിരവധി സിനിമകളിൽ മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ നിറഞ്ഞുനിന്നു. ഇന്നും ഫിലോമിയെ കുറിച്ച് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓടി വരുന്നത് തളിയാനെ പനിനീര് എന്ന ഡയലോഗാണ്.
ആയിരത്തോളം സിനിമകളിലാണ് ഫിലോമിന അഭിനയിച്ചത്. ഫിലോമിനയുടെ സ്വദേശം തൃശൂരാണ്. പക്ഷെ സിനിമയിലെത്തിയശേഷം ചെന്നൈയിലേക്ക് സ്വയം പറിച്ച് നട്ടു. അവസാനനാളുകളും ചെന്നൈയിൽ തന്നെയായിരുന്നു. ആന്റണി എന്ന വ്യക്തിയെയാണ് നടി ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നെ തന്നെ നാല് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി.

ആ ബന്ധത്തിൽ ഒരു മകൻ ഫിലോമിനയ്ക്കുണ്ടായിരുന്നു. പിന്നീട് സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതോടെയാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി ഫിലോമിനയ്ക്ക് ബന്ധമുണ്ടാകുന്നത്. വിവാഹം കഴിക്കാതെ തന്നെ ഇരുവരും അക്കാലത്ത് ഒരുമിച്ച് ജീവിച്ചു.
എന്നാൽ കടുത്ത പ്രണയം മൂലം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതല്ലെന്നും ഒരു സാഹചര്യത്തിൽ കല്യാണം കഴിക്കാതെ തന്നെ ഫിലോമിനയുടെ ഭർത്താവാകുകയായിരുന്നുവെന്നും പറയുകയാണ് സണ്ണി ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ഫിലോമിന തന്നെ മുറിയിൽ വിളിച്ച് കയറ്റുകയായിരുന്നുവെന്നും സണ്ണി വെളിപ്പെടുത്തി. 'ഞാൻ കല്യാണം കഴിക്കാത്തതിന് കാരണം പ്രേം നസീർ അല്ല.'
'അന്നത്തെ കാലത്ത് കല്യാണം കഴിക്കേണ്ട ആവശ്യമില്ല. എന്നുവെച്ചാൽ റെക്കമന്റേഷന് ലേഡീസ് നമ്മുടെ അടുത്താണ് വരുന്നത്. അതുമാത്രമല്ല നടി ഫിലോമിനയുമായി എനിക്കുള്ള ബന്ധം പ്രേം നസീർ സാറിന് അറിയാമായിരുന്നു. അന്ന് ഫിലോമിന അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ പ്രേം നസീർ സാർ പിന്നെ കല്യാണത്തിന്റെ കാര്യമൊന്നും എന്നോട് പറഞ്ഞില്ല.'
'ഫിലോമിനയുമായി ബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ് മറ്റൊരു വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്നത്. ഫിലോമിനയുടെ അടുത്ത് ഒരു ക്രിട്ടിക്കൽ സ്റ്റേജിൽ ഞാൻ പെട്ടുപോയതാണ്. ആ സമയത്ത് ഞാനും ഫിലോമിനയും ഇന്നസെന്റുമെല്ലാം ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ഒരു ദിവസം ഫിലോമിന എന്നോട് പറഞ്ഞു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട് അതുകൊണ്ട് തന്റെ ഫ്ലാറ്റിൽ കിടക്കാമോയെന്ന്. അങ്ങനെ ഞാൻ അവരുടെ ഫ്ലാറ്റിലെ സോഫയിൽ കിടന്നു.'

'കുറച്ച് സമയം കഴിഞ്ഞപ്പോൾ വീണ്ടും ഫിലോമിന എഴുന്നേറ്റ് വന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനൊന്നും ഇല്ലെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ച് അയച്ചു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ഫിലോമിന എനിക്കൊപ്പം സോഫയിൽ കിടക്കുന്നത് കണ്ടു. പിന്നെ പറയേണ്ടതില്ലല്ലോ... ഞാനും ചെറുപ്പമായിരുന്നു.'
'ഞാനും ഒരു പെണ്ണല്ലേ സണ്ണി... എന്നാണ് ഫിലോമിന എന്റെ അടുത്ത് പറഞ്ഞത്. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ഞാനും ഫിലോമിനയും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ട്. ചേച്ചി എന്നാണ് ഞാൻ വിളിച്ചിരുന്നത്. അന്ന് ഫിലോമിനയ്ക്ക് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്. വിവാഹം കഴിച്ചിട്ടില്ല ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു', എന്നാണ് ഫിലോമിനയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച് സണ്ണി പറഞ്ഞത്.
എൺപത്തിരണ്ട് വയസുകാരനായ സണ്ണി ഇപ്പോൾ ആരും നോക്കാനില്ലാതെയും കേറി കിടക്കാൻ സ്ഥലം ഇല്ലാതെയും കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ എവിടെ പോകുമെന്ന ചോദ്യത്തിന് ഗാന്ധിഭവനിലേക്കുള്ള വഴി സണ്ണിക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തത് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രനാണ്.


Click it and Unblock the Notifications











