ആ സീനില്‍ ഞങ്ങള്‍ ശരിക്കും കളിക്കുകയായിരുന്നു! ഫഹദിനൊപ്പം അഭിനയിച്ചതിനെ പറ്റി നടി പൂജ മോഹന്‍രാജ്
ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ആവേശം എന്ന സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി ജൈത്രയാത്ര തുടരുകയാണ്. അതേസമയം സിനിമയില്‍ അഭിനയിച്ച ബാക്കിയുള്ള താരങ്ങളെല്ലാവരും ശ്രദ്ധേയരാവുകയും ജനപ്രീതി നേടിയെടുക്കുകയും ചെയ്തിരുന്നു.
നായിക പ്രാധാന്യം തീരെ ഇല്ലാത്ത സിനിമയാണെങ്കിലും നടി പൂജ മോഹന്‍രാജ് ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചത്. ഇരട്ട എന്ന സിനിമയില്‍ പോലീസുകാരി ആയിട്ടും കാതല്‍ എന്ന സിനിമയില്‍ തങ്കന്റെ പെങ്ങള്‍ ആയിട്ടുമൊക്കെ അഭിനയിച്ച് കൊണ്ടാണ് പൂജ ശ്രദ്ധേയായത്. ഇപ്പോള്‍ ആവേശത്തിലും പൂജയുടെ സാന്നിധ്യം എടുത്ത് പറയേണ്ടത് തന്നെയാണ്.

നിലവില്‍ ആവേശത്തിന് വലിയ ജനപ്രീതി ലഭിച്ചതോടെ ചിത്രത്തില്‍ അഭിനയിച്ചതിനെപ്പറ്റിയും ലൊക്കേഷനില്‍ നിന്നുള്ള രസകരമായ സംഭവങ്ങളും വെളിപ്പെടുത്തുകയാണ് നടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുവേയാണ് ചിത്രത്തിലേക്ക് താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചും ഫഹദ് ഫാസിലടക്കമുള്ള താരങ്ങളെ പറ്റിയും പൂജ വെളിപ്പെടുത്തിയത്.
'രോമാഞ്ചം ഇറങ്ങുന്നതിനു മുന്നേ ആണ് ജിത്തു വിളിച്ച് ആവേശത്തെ പറ്റി പറയുന്നത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ചിരിയാണ് വന്നത്. മാത്രമല്ല സ്ത്രീ കഥാപാത്രങ്ങള്‍ അധികമില്ലാത്ത സിനിമയാണെന്നും കേട്ടിരുന്നു. അഞ്ചുമാസത്തിനു ശേഷമാണ് സിനിമയിലെ എന്റെ സീനുകള്‍ ഷൂട്ട് ചെയ്യുന്നത്. ശരിക്കും സിനിമയില്‍ കാണുന്നത് പോലെ തന്നെയാണ് ജിത്തു എന്നോട് കഥ പറഞ്ഞതും.
സിനിമയില്‍ ഏറെ ചിരിപ്പിച്ചൊരു രംഗമാണ് ഫഹദിനൊപ്പം ഡാംഷാറസ് കളിക്കുന്നത്. ഈ സീനിനെ പറ്റിയും പൂജ പറഞ്ഞിരുന്നു. ആ സീനില്‍ ഞങ്ങള്‍ ശരിക്കും ഡാംഷാറസ് കളിക്കുകയായിരുന്നു. അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ചിരി വരുമെന്നാണ് നടി പറയുന്നത്.

ഞങ്ങള്‍ പറയുന്ന സിനിമ പേര് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാന്‍ അഭിനയിച്ച് കാണിക്കുന്നത് വളരെ സീരിയസ് ആയിട്ടാണ് ചെയ്തത്. പക്ഷേ ഈ കളിയില്‍ ഞാന്‍ വളരെ മോശമായിരുന്നു. അത് കണ്ടിട്ട് ജിത്തു പറഞ്ഞത് ശരിക്കും രംഗയെക്കാളും (ഫഹദിന്റെ കഥാപാത്രം) മോശമാണല്ലോ പൂജയുടെ കാര്യം. നീ എങ്ങനെയും ഇത് ചെയ്‌തേ പറ്റൂ എന്നാണ്. അങ്ങനെ കഷ്ടപ്പെട്ടാണ് ആ സീന്‍ പൂര്‍ത്തിയാക്കി എടുത്തതെന്നും പൂജ ഓര്‍മ്മിക്കുന്നു.
മാത്രമല്ല അഭിമുഖത്തില്‍ നടന്‍ ഫഹദ് ഫാസിലിനൊപ്പമുള്ള എക്‌സ്പീരിയന്‍സും നടി പങ്കുവെച്ചിരുന്നു. 'ഫഹദ് വളരെ ശാന്തമായി പെരുമാറുന്ന ആളാണ്. അധികം ബഹളം ഒന്നുമില്ലാതെ ഒതുക്കത്തിലാണ് പെരുമാറുക. പക്ഷേ ഷോട്ട് വരുമ്പോള്‍ അതിനും അദ്ദേഹത്തിന് ഒരു മീറ്റര്‍ ഉണ്ട്. എത്ര ഷോട്ട് പോയാലും അതിനൊരു കണ്‍സിസ്റ്റന്‍സി ഉണ്ട്.
പുള്ളി അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ എത്രത്തോളം ചെയ്യണമെന്ന് നല്ല ധാരണയുണ്ട്. തഴക്കം വന്നൊരു ആര്‍ട്ടിസ്റ്റിനെ പോലെ തന്നെ നമുക്ക് തോന്നും. മാത്രമല്ല അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ നമുക്കും പ്രചോദനമാണ് തോന്നുകയെന്നും പൂജ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











