വീണ്ടും പ്രേക്ഷകരുടെ മനം കവർന്ന് പ്രിയ വാര്യർ, ഒരു മനോഹരമായ പ്രണയ ഗാനവുമായി നടി...
ഒറ്റ കണ്ണിറുക്കത്തിലൂടെ ലോകമെമ്പാടുമായി തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇന്ന് നടിയെ അറിയപ്പെടുന്നത് ആ കണ്ണിറുക്കത്തിലുടെയാണ്. 2019 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലൂടെ വെള്ളിത്തരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ, ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും താരത്തിന് കൈനിറയെ ആരാധകരാണ്. ഇന്ത്യൻ താരങ്ങളുടെ ഇടയിൽ തന്നെ പ്രിയയ്ക്ക് ആരാധകരുണ്ട്.

അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണെന്ന് പ്രിയ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. രജിഷ വിജയൻ സുരാജ് വെഞ്ഞാറംമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഫൈനൽസ് എന്ന ചിത്രത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ടായിരുന്നു പിന്നണി ഗാനമേഖലയിൽ ചുവട് വെച്ചത്. മികച്ച അഭിപ്രായമായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്. ഇപ്പോഴിത വീണ്ടും അതിമനോഹരമായ ഗാനവുമായി പ്രിയ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. അങ്ങാടി തെരുവ് എന്ന ചിത്രത്തിലെ ഉൻ പേര്... എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. ക്വാറന്റൈൻ സിംഗിങ് ഡയറീസ് എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മികച്ച പ്രതികരണമാണ് പ്രിയയുടെ പാട്ടിന് ലഭിക്കുന്നത്. ഇതിനു മുൻപും ഒരു ഹിന്ദി പാട്ടുമായി പ്രിയ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോൻ താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കിടുവേ.. എന്നായിരുന്നു കമന്റ് ചെയ്തത്. ഫൈനൽസിൽ കൈലാസ് മേനോന്റെ സംഗീത സംവിധാനത്തിലാണ് താരം ആദ്യമായി പാടിയത്. കേളത്തിന് പുറത്തു നിന്നും മികച്ച പ്രേക്ഷകാഭിപ്രായമാണ് പ്രിയയുടെ പാട്ടിന് ലഭിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് പ്രിയ. കന്നഡ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലയാളി സംവിധായകന്‍ വികെ പ്രകാശാണ് ഒരുക്കുന്നത്. സാന്‍ഡല്‍വുഡിലെ യുവതാരം ശ്രേയസ് കെ മഞ്ജു ചിത്രത്തില്‍ നായകനാവുന്നു. സിനിമയിടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ്. ഒരു റൊമാന്റിക്ക് ചിത്രമായിരിക്കും വിഷ്ണു പ്രിയ എന്നാണ് സൂചന . ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നതത്രെ. ശ്രേയസ് കെ മഞ്ജുവിന്റെ പിതാവ് കെ മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











