എന്റെ ഭര്‍ത്താവിനെ ബാധിച്ച പ്രശ്‌നം മാത്രമാണ് വേദന നല്‍കിയത്! തിരിഞ്ഞ് നോക്കി പ്രിയങ്ക ദു:ഖിക്കില്ലെന്ന് നടി
നടി പ്രിയങ്ക അനൂപിന്റെ ചില തുറന്ന് പറച്ചിലുകള്‍ വലിയ വാര്‍ത്തയാവുകയാണ്. ഇരുപത് വര്‍ഷം മുന്‍പ് നല്ലതിന് വേണ്ടി ചെയ്ത കാര്യം തനിക്ക് തന്നെ ദോഷമായി വന്നതിനെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്. നടി കാവേരിയുടെ പേരിലുണ്ടായ കേസില്‍ ഇരുപത് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക കുറ്റക്കാരി അല്ലെന്ന് തെളിയുന്നത്.
ആ വിഷയത്തില്‍ തനിക്കിപ്പോഴും യാതൊരു കുഴപ്പവുമില്ല. എന്നാല്‍ തന്നെ വേദനിപ്പിക്കുന്നൊരു കാര്യം ഇപ്പോഴും ഉണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. അതില്‍ ഭര്‍ത്താവിനും വേദനയുണ്ടായല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഒരു പ്രശ്‌നമുള്ളുവെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രിയങ്ക പറയുന്നു.

കാവേരിയെ പറ്റിയോ അവരുടെ കുടുംബത്തെ പറ്റി ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോള്‍ എവിടെയാണ്, ഞാനിപ്പോള്‍ എവിടെ നില്‍ക്കുന്നു... അവരെ കുറ്റം പറയുന്നില്ല. ക്രൈം നന്ദകുമാറിന്റെ ക്രൂരമായ മനസ്സാണ് ഇതിനെല്ലാം കാരണം. കാവേരിയോടും അമ്മയോടും എനിക്ക് ഇപ്പോഴും സ്‌നേഹം മാത്രമേയുള്ളൂ. കാവേരിയെപ്പറ്റി ഒരു ഫീച്ചര്‍ വരുമെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. എന്നെ ഫോണില്‍ വിളിച്ച് ആരോ പറഞ്ഞത് ഞാന്‍ അവരെ അറിയിച്ചു എന്ന് മാത്രം. പക്ഷേ ആ മാസിക വിറ്റു പോകുന്നതിനു വേണ്ടി അയാള്‍ കളിച്ച കളികളാണ് ഇതെല്ലാം.
എനിക്കൊരു അജ്ഞാത ഫോണ്‍ കോള്‍ ആണ് ആദ്യം വന്നത്. കാവ്യരുടെ ഫോട്ടോയടക്കം ഒരു ന്യൂസ് അച്ചടിച്ചു വരും എന്നായിരുന്നു അതിലുള്ള സന്ദേശം. ഫോണ്‍ വന്നപ്പോള്‍ എനിക്കറിയാവുന്ന കുട്ടിയാണല്ലോ ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നേ ഉദ്ദേശിച്ചുള്ളൂ. ആ ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് എനിക്കറിയില്ല. അത് വേണമെങ്കില്‍ അന്ന് പോലീസിന് കണ്ടുപിടിക്കാമായിരുന്നു.
സിനിമയില്‍ എനിക്ക് നഷ്ടങ്ങള്‍ ഒന്നും വന്നിട്ടില്ല. പ്രിയങ്കയെ വിളിക്കണ്ട ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചില ആളുകള്‍ പറഞ്ഞതായി മറ്റ് ചിലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമ ഫീല്‍ഡില്‍ നടക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണ്? 100 മാങ്ങയുള്ള മാവില്‍ ഒരെണ്ണം ചീഞ്ഞു എന്ന് കരുതി ബാക്കി 99 എണ്ണവും പഴി കേട്ടോണ്ടിരിക്കുകയല്ലേ.

ഞാന്‍ സിനിമാ ഫീല്‍ഡില്‍ വന്നിട്ട് 30 വര്‍ഷത്തോളമായി. എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്റെ കല്യാണം, മകന്‍ ജനിച്ചത്, എന്റെ കുടുംബം, സിനിമയും സീരിയലുകളും ഒത്തിരി ഉദ്ഘാടനങ്ങളുമൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ പ്രിയങ്ക ദുഃഖിക്കുകയില്ല...
പക്ഷേ കോവിഡിന് ശേഷം എനിക്ക് ജീവിതത്തില്‍ കുറച്ച് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. വെറുതെ ഇരിക്കുകയാണല്ലോ എന്ന് കരുതി എന്തെങ്കിലും ഒക്കെ ചെയ്യാമല്ലോ എന്ന് വിചാരിച്ച് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. അതെനിക്ക് നഷ്ടമാണ് ഉണ്ടാക്കി തന്നത്. ഒരുപാട് ബാധ്യതകള്‍ വന്നു എന്നത് മാത്രമല്ല അതെനിക്കൊരു വേദനയുള്ള കാര്യമാണ്.
എന്റെ ഭര്‍ത്താവ് അനൂപിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്രയും നല്ലൊരു മനുഷ്യനെ എനിക്കിനി ജീവിതത്തില്‍ കിട്ടില്ല. പക്ഷേ അദ്ദേഹത്തിന് വരെ ഈ പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിലെനിക്ക് അതിയായ വിഷമമുണ്ട്.


Click it and Unblock the Notifications











