ആറ് മാസത്തിൽ മകൾ പിറന്നു! ഞാൻ നിശ്ചലമായി, ഗർഭം ധരിച്ചയാൾക്ക് പ്രശ്നമില്ല, പക്ഷെ...; പ്രിയങ്ക ചോപ്ര
മകൾ മാൽതി മേരി ചോപ്ര ജോനാസിന്റെ ജനനത്തെക്കുറിച്ച് സംസാരിച്ച് നടി പ്രിയങ്ക ചോപ്ര. 2022 ലാണ് പ്രിയങ്കയ്ക്കും ഭർത്താവ് നിക് ജോനാസിനും മകൾ ജനിക്കുന്നത്. വാടകഗർഭധാരണത്തിലൂടെയായിരുന്നു ജനനം. പ്രിയങ്കയ്ക്കും നിക്കിനും ആശങ്കയുടെ നാളുകളായിരുന്നു അത്. കാരണം കുഞ്ഞ് മാസം തികയാതെയാണ് ജനിച്ചത്. ഇതേക്കുറിച്ചാണ് പ്രിയങ്ക ചോപ്ര പുതിയ പോഡ‍്കാസ്റ്റിൽ സംസാരിച്ചത്.
ബുദ്ധിമുട്ടുള്ള നാളുകളായിരുന്നു അത്. അതേക്കുറിച്ച് വിശദമായി പറയാൻ എനിക്കപ്പോഴും കഴിയില്ല. എനിക്കത് വളരെ കഠിനമായിരുന്നു. അത്ഭുത കുഞ്ഞാണ് മാൽതി. കുഞ്ഞുണ്ടാകാനുള്ള ആ സമയത്തെ എന്റെ ഏക പ്രതീക്ഷ. 27 ആഴ്ചയിൽ മകൾ പിറന്നു. ഇക്കാര്യമറിഞ്ഞപ്പോൾ ഞാൻ നിശ്ചലമായത് പോലെ തോന്നി. 9 മണിക്കൂറോളം വീട്ടിലെ ഫയർപ്ലേസിനടുത്ത് ഇരുന്നു. എപ്പോഴും പരിഹാരങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന എനിക്ക് പക്ഷെ ആ സമയത്ത് ഒരു ചിന്തയും വന്നില്ല. നിക്ക് മറ്റൊരിടത്തായിരുന്നു.

വീട്ടിലെത്തിയ ശേഷം എന്നെ കെട്ടിപ്പിടിച്ചു. വളർത്ത് നായകളുമായി ഞങ്ങൾ കാർ ഡ്രെെവിന് പോയി. കൊവിഡ് സമയമാണ്. പർപിൾ നിറമായിരുന്നു അവൾക്ക്. നഴ്സുമാരുടെ ചെറുവിരൽ പോലും അവളുടെ വായയേക്കാൾ വളരെ വലുതാണ്. അവളെ ഇൻക്യുബേറ്റ് ചെയ്ത രംഗങ്ങൾ മനസിലുണ്ട്. ഭാഗ്യത്തിന് ഞങ്ങളുടെ സരൊഗേറ്റിന് ( ഗർഭധാരണത്തിന് തയ്യാറായ സ്ത്രീ) കുഴപ്പമൊന്നും ഇല്ലായിരുന്നു. അതിനാൽ കുഞ്ഞിലേക്ക് ഞങ്ങളുടെ എനർജി നൽകാം.
എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എൻഐസിയുവിൽ ഞങ്ങളിലൊരാൾക്ക് പോകാനായി. മകൾ ആദ്യമായി കരഞ്ഞു. എന്റെ അമ്മയും ഭർത്താവിന്റെ വീട്ടുകാരും എത്തി. വ്യക്തിപരമായി വളരെ ട്രൊമാറ്റിക്കായ സമയമായിരുന്നു അത്. വാർത്ത ലീക്കാകുമെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. അങ്ങനെ മകളുടെ ജനന വാർത്ത അറിയിക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയായിരുന്നു.
ഞാനും നിക്കും മാറി മാറി മകൾക്കൊപ്പം നിന്നു. നിക്ക് മകൾക്ക് വേണ്ടി പാട്ടുകൾ പാടി. ഞാൻ ഗായത്രി മന്ത്രമുൾപ്പെടെയുള്ള മന്ത്രങ്ങൾ ഐ പാഡിൽ കേൾപ്പിച്ചു. ഒരുപാട് പേർ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ആറ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അവൾക്ക് വേണ്ടി വന്നു. എന്നെയും നിക്കിനെയും പോലെയാണ് മകളെ കാണാനെന്ന് എനിക്ക് തോന്നി. എന്നാൽ എല്ലാവരും പറഞ്ഞത് അവൾ നിക്കിനെ പോലെയാണെന്നാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. ദ ബ്ലഫ് ആണ് പ്രിയങ്കയുടെ പുതിയ സിനിമ. ഹോളിവുഡിലാണ് നടി ഇന്ന് സജീവം. ഏറെക്കാലത്തിന് ശേഷം രാജമൗലി ചിത്രം വാരണാസിയിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. നടൻ പൃഥ്വിരാജും പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നു. പ്രിയങ്ക ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ പലതാണ്. ബോളിവുഡിലെ പ്രബലർ പ്രിയങ്കയ്ക്കെതിരെ തിരിഞ്ഞതോടെയാണ് നടി ഹോളിവുഡിലേക്ക് കടന്നത്.


Click it and Unblock the Notifications











